ഡ്രൈവർക്ക് ലൈസൻസില്ല: ബസ് പിടിച്ചെടുത്തു
1464943
Wednesday, October 30, 2024 4:17 AM IST
തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ലൈസൻസില്ലാതെ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ കുടുങ്ങി. പാല-തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കാണ് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
ഒടിയൻ എന്ന സ്വകാര്യ ബസിലെ ഡ്രൈവർ ജയേഷിനാണ് ലൈസൻസില്ലെന്ന് മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ജോയിന്റ് ആർടിഒയുടെ നിർദേശപ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിലെത്തി പരിശോധന നടത്തിയത്.
സംഭവത്തിൽ കേസ് എടുത്ത ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. ഡ്രൈവറോടും ബസ് ഉടമയോടും 5,000 രൂപ വീതം പിഴ ഒടുക്കാനും മോട്ടോർവാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ബസ് ഉടമയുടെ ലൈസൻസ് ഹാജരാക്കിയതിനാൽ വാഹനം വിട്ടുനൽകിയതായി തൊടുപുഴ ജോയിന്റ് ആർടിഒ എസ്. സഞ്ജയ് അറിയിച്ചു.