സിഎച്ച്ആർ : മെല്ലെപ്പോക്ക് തുടർന്നാൽ കേന്ദ്ര ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും
1465703
Friday, November 1, 2024 7:29 AM IST
കട്ടപ്പന: ഇടുക്കിയിലെ ഭൂമി, സിഎച്ച്ആർ കേസുകളിൽ കേരളം ഇതുവരെ തുടർന്നിട്ടുള്ള നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും ഇടുക്കിക്കു നഷ്ടമാകും.
സിഎച്ച്ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരളം വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24നു സിഎച്ച്ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു കാരണം.
2007ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പിന്നീട് 2023ലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ് മൂലം നൽകിയത്. പിന്നീട് കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി.
കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. 1964ലെ ഭൂപതിവു കേസുമായി ബന്ധപ്പെട്ട കാര്യത്തിലും കേരള സർക്കാർ മെല്ലപ്പോക്കു തന്നയാണ് നടത്തിയത്. അതിനാലാണ് ജില്ലയിൽ നിർമാണ നിരോധം ഉണ്ടായത്.
സിഎച്ച്ആർ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധിയിൽ സിഎച്ച്ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്.
രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
വനസംരക്ഷണ ഭേദഗതി നിയമം-2023നെതിരേ രാജ്യത്തെ 13 റിട്ടയേർഡ് ഇന്ത്യൻ ഫോറസ്റ്റു സർവീസ് ഉദ്യോഗസ്ഥർ നല്കിയ റിട്ട് ഹർജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാർ ഡിഎഫ്ഒ ആയിരുന്ന ഉദ്യോഗസ്ഥ കൂടി ഉൾപ്പെട്ടവരാണ് ഹർജിക്കാർ.
കേരളം, വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ അടുത്ത മേയ് 31നകം റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നൽകണം.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ ചെയർമാനായ സമിതിയിൽ അഡീഷണൽ പ്രിൻപ്പൽ ഫോറസ്റ്റ് കണ്സർവേറ്റർ, വനം റിസേർച്ച് ഡയറക്ടർ, ലാന്റ് റവന്യു കമ്മീഷ്ണർ, സർവേ ഡയറക്ടർ, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വളരെ അകലെയാണ്.
ഒരു റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ മാത്രം അംഗമായ സമിതിയിൽ മുൻതൂക്കം വനം വകുപ്പിനു തന്നെയാണ്. വിദഗ്ധസമിതി കർഷകപക്ഷത്താകണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനപ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു സംബന്ധിച്ച് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല.
സിഎച്ച്ആർ വിഷയത്തിൽ സർക്കാർ നിലപാട് വഞ്ചനാപരം: എംപി
കട്ടപ്പന: ജില്ലയോട് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടാണ് പട്ടയം നിരോധിച്ച സുപ്രീം കോടതി ഉത്തരവിനു കാരണമെന്ന് ഡീൻ കുര്യാക്കോസ് എംപി. സർക്കാരിന് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും മന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ഐക്യ ജനാധിപത്യ മുന്നണി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ജനങ്ങളെ കുടിയിറക്ക് ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. നാടിനെ ഇരുട്ടിലാഴ്ത്തുന്ന നിലപാട് സംസ്ഥാന സർക്കാർ തുടർന്നാൽ അന്തിമവിധിയും ജനങ്ങൾക്കെതിരാകും. അങ്ങനെ സംഭവിച്ചാൽ കേരളം കണ്ട വലിയ കുടിയിറക്കിന് നാട് സാക്ഷിയാകുമെന്നും എംപി കട്ടപ്പനയിൽ പറഞ്ഞു.