എടിഎം സഹായത്തിനെത്തി പണം കവർന്നയാൾ പിടിയിൽ
1464949
Wednesday, October 30, 2024 4:17 AM IST
മറയൂർ: എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ സഹായിക്കാനെത്തി പണം കവർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിജുരാജാണ് (33) അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തെ എടിഎമ്മിൽനിന്ന് പണം പിൻവലിക്കാനായി കാന്തല്ലൂർ പെരടിപ്പള്ളം സ്വദേശിയായ ദുരരാജിനെ സഹായിക്കാനെത്തി എ ടിഎം കാർഡുമായി പോവുകയും അക്കൗണ്ടിലുണ്ടായിരുന്ന 72,000 തുക പിൻവലിച്ച ശേഷം ഒളിവിൽ കഴിയുകയുമായിരുന്നു.
മറയൂർ പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ എഎസ്ഐ അനിൽ സെബാസ്റ്റ്യൻ, പ്രകാശ് നൈനാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വണ്ടിപ്പെരിയാർ ഭാഗത്തും സമാനമായ രീതിയിൽ എടിഎം തട്ടിപ്പ് നടത്തിയതായാണ് പറയുന്നത്.