നാടിറങ്ങിയ കാട്ടാനയെ കാടു കയറ്റാൻ വനപാലകർ
1571837
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: ആനയോടിക്കല്‍ ദൗത്യവുമായി കോന്നിയിലെ വനപാലകർ. കോന്നി വനം ഡിവിഷന് പരിധിയില്‍ നടുവത്തുമൂഴി റേഞ്ചില്‍ കല്ലേലി തോട്ടം, കൊക്കത്തോട് ജനവാസ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായ ഇറങ്ങുന്ന സാഹചര്യത്തിലാണ് വനപാലകരുടെ നടപടി.
ഡിഎഫ്ഒ ആയുഷ്മാൻ കോറിയുടെ നേതൃത്വത്തിൽ കോന്നി വനംഡിവിഷനിലെ വിവിധ ഓഫീസ് പരിധികളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് കൂട്ടമായി കാട് കയറിയത്. കോന്നി ആർആർടി, സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ, പാടംസ്റ്റേഷൻ, കൊക്കാത്തോട്, കരിപ്പാൻതോട് ഫോസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്.
ജനവാസ മേഖലകളിലെത്തുന്ന കാട്ടാനകളെ തിരിച്ചറിഞ്ഞ് തിരികെ കാട്ടിലേക്ക് കടത്തി വിടുകയാണ് വനപാലക ദൗത്യം. ഇതിന്റെ ഭാഗമായി കോന്നി റേഞ്ചിന്റെ കീഴില്‍ സൗത്ത് കുമരംപേരൂര്‍ വനാതിര്ത്തിക്കുളളിലും വയക്കരവനമേഖലയിലുമാണ് ഇന്നലെ വ്യാപകമായി തെരച്ചില്‍ നടത്തിയത്. നദിക്കു സമീപമായി കണ്ട കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് കടത്തി വിടുകയും ചെയ്തു. ഇതിനിടയില്‍ കാട്ടാന വനപാലകർക്കു നേരേ പാഞ്ഞടുത്തു. പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ എട്ടോളം വനപാലകര്‍ക്ക് വീണു പരിക്കേറ്റു.
നിരീക്ഷണ സംഘം
ജനവാസ മേഖലയില്‍ വൈകുന്നേരം നാലു മുതല്‍ പിറ്റേന്നു രാവിലെ ഒന്പതുവരെ നിരീക്ഷണ പട്രോളിംഗും ഇതുവഴി കടന്നു പോകുന്നവര്‍ക്ക് സുരക്ഷയും ഒരുക്കി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സ്ഥിരമായി എത്തുന്ന ആനകളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് ഉള്‍ക്കാട്ടിലേക്ക് കടത്തിവിടുന്നത് വളരെ ശ്രമകരമാണ്. വനത്തിനുള്ളില്‍ പകല്‍ സമയത്ത് നിലയുറപ്പിച്ച ആനകള്‍ രാത്രികാലങ്ങളില്‍ അച്ചന്‍കോവിലാറും റോഡും കടന്ന് കൈതച്ചക്കത്തോട്ടത്തിലേക്ക് കൂട്ടത്തോടെ വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വനപാലകർ പറയുന്നു.
കോന്നി കുളത്തുമൺ പ്രദേശത്ത് ഒരുമാസത്തിലേറെയായി നിരന്തരം കാട്ടാന ശല്യമുണ്ട്. ഇവയെ പലതവണ കാടു കയറ്റിയെങ്കിലും ഫലമുണ്ടായില്ല. കുളത്തുമൺ പ്രദേശത്തെ കൈതച്ചക്ക ത്തോട്ടമാണ് കാട്ടാനകളുടെ ലക്ഷ്യം.