ജനറൽ ആശുപത്രി സംവിധാനങ്ങൾ മെഡിക്കൽ കോളജിലേക്ക്
1571833
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് ഉടനിറങ്ങും. നാലിനുശേഷം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ എടുക്കേണ്ടതില്ലെന്ന നിർദേശം വന്നു.
ശോച്യാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിന് അടിയന്തര അറ്റകുറ്റപ്പണി അനിവാര്യമായ സാഹചര്യത്തിൽ കെട്ടിടം അടച്ചിടേണ്ടിവരുമെന്നതിനാൽ ഇവിടെ പ്രവർത്തിച്ചിരുന്ന വിഭാഗങ്ങൾക്ക് മറ്റൊരിടം കണ്ടെത്താനാണ് ഇവ മെഡിക്കൽ കോളജിലേക്കു മാറ്റുന്നത്.
പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇതു സംബന്ധമായി മന്ത്രിതലത്തിലുൾപ്പെടെ ചർച്ച നടത്തി തീരുമാനമെടുത്തിരുന്നുവെങ്കിലും ഡോക്ടർമാരുടെ ഭാഗത്തു നിന്ന് എതിർപ്പുണ്ടായതോടെ ഉത്തരവ് വൈകുകയായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ നിർമാണ ജോലികൾ ഉടൻ ആരംഭിക്കേണ്ട സാഹചര്യത്തിൽ മാറ്റങ്ങൾ ഉടൻ നടത്താൻ നിർദേശം വന്നു.
സംവിധാനങ്ങൾ മാറ്റുന്നതിനൊപ്പം ഡോക്ടർമാരും ജീവനക്കാരും അടക്കം കുറെയധികം ആളുകളെ താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലേക്കു മാറ്റേണ്ടിവരും.
ജനറൽ ആശുപത്രിയിൽ ഒപി മാത്രമായിരിക്കും ഇനിയുണ്ടാകുക. നിലവിൽ രണ്ട് പ്രധാന കെട്ടിടങ്ങളുടെ പണികൾ നടന്നുവരികയാണ്. അതുകൊണ്ടുതന്നെ കിടത്തിച്ചികിത്സയ്ക്കു സൗകര്യങ്ങളില്ലെന്ന സ്ഥിതിയായി. നിലവിൽ ഐപി വാർഡും ശസ്ത്രക്രിയ വിഭാഗവും ബി ആൻഡ് സി ബ്ലോക്കിലായിരുന്നു.
നിലവിലെ സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്നതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയും കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാകും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് കോന്നി മെഡിക്കൽ കോളജിന്റെ പ്രവർത്തനം. നേരത്തേ ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജിന്റെ ഭാഗമാക്കി ഉത്തരവിറക്കിയിരുന്നു. കോന്നി സർക്കാർ മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം വാങ്ങാൻ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവിറക്കിയിരുന്നത്.
ജനറൽ ആശുപത്രിയിലെ കിടക്കകളും രോഗികളും ചൂണ്ടിക്കാട്ടിയാണ് അംഗീകാരം വാങ്ങിയത്. മെഡിക്കൽ കോളജിൽ ഐപി വിഭാഗം ശക്തിപ്പെടാത്തതിനാൽ നിലവിലും ബേസ് ആശുപത്രിയായി പത്തനതിട്ട ജനറൽ ആശുപത്രിയാണ് നിലനിന്നിരുന്നത്. പത്തനംതിട്ടയിലും പരിസരങ്ങളിലും സർക്കാർ നഴ്സിംഗ് കോളജുകൾക്കും സ്കൂളുകൾക്കും ബേസ് ആശുപത്രി ഇവിടെയായിരുന്നു.
തകർച്ചയിലായത് 17 വർഷം മുന്‍പുള്ള കെട്ടിടം
17 വർഷം മുന്‍പ് നിർമാണം പൂർത്തീകരിച്ച കെട്ടിടമാണ് ബി ആൻഡ് സി ബ്ലോക്ക്. നിർമാണത്തിലെ പിഴവുകളാണ് തകർച്ചയ്ക്കു കാരണമായത്. കെട്ടിടത്തിനു ചോർച്ച ഉണ്ടാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്പോൾ കെട്ടിടം മൊത്തത്തിൽ കുലുങ്ങുന്ന സ്ഥിതിയുണ്ട്. ഡ്രെയിനേജ് സംവിധാനങ്ങളും ശൗചാലയങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇവിടെനിന്നുള്ള മലിനജലം രോഗികളെ കിടത്തിയിരിക്കുന്ന വാർഡുകളിലേക്കാണ് വീണിരുന്നത്.
നവീകരണത്തിന് നാലു കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സർക്കാർ ഏജൻസിയായ ഇൻകെലാണ് പണികൾ നടത്തുന്നത്. കെട്ടിടത്തിന്റെ ഒരു നില നവീകരിച്ച് നേത്രചികിത്സാ വിഭാഗം ക്രമീകരിക്കും. കണ്ണ് ഓപ്പറേഷൻ തിയേറ്ററും വാർഡും ഇതിൽ ക്രമീകരിക്കും. നിലവിൽ ആശുപത്രിയിൽ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പണികൾ നടന്നുവരികയാണ്. ഇതുകാരണം സ്ഥലസൗകര്യം തീരെയില്ല.
ഒപി പ്രവർത്തിക്കുന്ന കെട്ടിടത്തിലും അത്യാഹിത വിഭാഗത്തിലം ഏറെ പരിമിതികളുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ബി ആൻ സി ബ്ലോക്കിലെ സൗകര്യങ്ങൾ കൂടി ആശുപത്രി വളപ്പിൽ തന്നെ നിലനിർത്താനാകില്ലെന്ന് കഴിഞ്ഞ എച്ച്എംസി യോഗത്തിൽ മന്ത്രി വീണാ ജോർജ് തന്നെ വ്യക്തമാക്കിയിരുന്നു.
വെള്ളക്കരം കുടിശിക രണ്ടുകോടി, വൈദ്യുതി ചാർജ് എഴുതിത്തള്ളി
ജനറൽ ആശുപത്രിയുടെ വെള്ളക്കരം കുടിശിക രണ്ടു കോടി രൂപയാണ്. ആശുപത്രിയുടെ നിയന്ത്രണാധികാരമുള്ള ജില്ലാ പഞ്ചായത്താണ് ഇത് അടയ്ക്കേണ്ടത്. വൈദ്യുതി ചാർജ് ഇനത്തിൽ കെഎസ്ഇബിക്ക് കോടികൾ നൽകാനുണ്ടായിരുന്നെങ്കിലും സർക്കാർ ഇടപെട്ട് ഒഴിവാക്കി നൽകി. ഇനി 24 ലക്ഷം രൂപ അടയ്ക്കണം.
ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കുടിശിക ഏറെയുണ്ട്. ഇവ കൃത്യമായി നൽകാനാകുന്നില്ല. ആശുപത്രിയുടെ ബാധ്യതകൾ സംബന്ധിച്ച് ഇന്നലെ പോലീസ് സ്പെഷൽ ബ്രാഞ്ച് സംഘം പരിശോധനകൾ നടത്തി.
എച്ച്എംസി അറിഞ്ഞിട്ടില്ല
ജനറൽ ആശുപത്രി സംവിധാനങ്ങൾ മാറ്റുന്നതു സംബന്ധിച്ച് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് അറിവില്ല. ഏറ്റവുമൊടുവിൽ ചേർന്ന എച്ച്എംസി യോഗത്തിൽ ബി ആൻഡ് സി ബ്ലോക്കിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എന്നാൽ ഇതോടെ ആശുപത്രി സംവിധാനങ്ങൾ എങ്ങനെ നിലനിർത്തണമെന്നതു സംബന്ധിച്ച് ആലോചിച്ചു തീരുമാനിക്കാമെന്നായിരുന്നു മറുപടി.
മെഡിക്കൽ കോളജിലേക്ക് ആശുപത്രി സംവിധാനങ്ങൾ മാറ്റുന്നതു ജില്ലാ പഞ്ചായത്തിലും ചർച്ച ചെയ്തിട്ടില്ല. ഡോക്ടർമാരുടെ സംഘടനായ കെജിഎംഒഎ ഇക്കാര്യത്തിൽ തങ്ങൾക്കുള്ള എതിർപ്പ് അറിയിച്ചിരുന്നു.
പച്ചപിടിക്കാതെ കോന്നി മെഡിക്കൽ കോളജ്
പത്തനംതിട്ട: ഹരിതാഭ സുന്ദരമാണ് കോന്നി സർക്കാർ മെഡിക്കൽ കോളജ് പരിസരമെങ്കിലും അഞ്ചുവർഷമെത്തുന്പോഴും പ്രവർത്തനം പച്ചപിടിച്ചില്ല. കോടികൾ ചെലവഴിച്ചുള്ള നിർമാണങ്ങളും ഉദ്ഘാടനങ്ങളും തകൃതിയായി നടക്കുന്പോഴും അടിയന്തരഘട്ടത്തിൽ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനം കോന്നിയിൽ ഇപ്പോഴുമായിട്ടില്ല.
പ്രതിദിനം 1000 രോഗികൾ ഒപി വിഭാഗത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ പരമാവധി പേരെ മാത്രമേ ഇപ്പോഴും കിടത്തി ചികിത്സിക്കാറുള്ളൂ. ഇതിനുള്ള സംവിധാനമേ മെഡിക്കൽ കോളജിൽ ആയിട്ടുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. 300 കിടക്കകളുള്ള ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടു മൂന്നുവർഷമായി. അത്യാഹിതവിഭാഗം ഉദ്ഘാടനം ചെയ്തുവെങ്കിലും അതും പൂർണസജ്ജമായിട്ടില്ല. ഡോക്ടർമാരുടെ അഭാവമാണ് പ്രധാന പ്രശ്നം. തസ്തികകൾ അനുവദിച്ചെങ്കിലും നിയമനം പൂർണമാകാത്തതിനാൽ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ല. ക്വാർട്ടേഴ്സിന്റെ പണികൾ പൂർത്തിയാകാത്തതിനാൽ താമസസൗകര്യം ഇല്ലെന്ന പേരിലാണ് ഡോക്ടർമാർ കോന്നിയിലേക്കുള്ള നിയമനം സ്വീകരിക്കാത്തത്. താത്കാലികാടിസ്ഥാനത്തിലുള്ള ഡോക്ടർ നിയമനമാണ് ഇപ്പോഴും.
ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് മെഡിക്കൽ കോളജിൽ ഒരുക്കിയിരിക്കുന്നത്. സ്കാനിംഗ് സംവിധാനം, സർജറി യൂണിറ്റ്, ഐസിയു എന്നിവയെല്ലാം ആധുനിക സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ പ്രയോജനം രോഗികൾക്കു ലഭിച്ചു തുടങ്ങിയിട്ടില്ല. പീഡിയാട്രിക് ഐസിയുവില്‍ 15 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏറെ കാത്തിരിപ്പിനുശേഷം പോസ്റ്റുമോർട്ടം നടപടികൾ സമീപകാലത്ത് ആരംഭിച്ചു. എന്നാൽ പോലീസ് ഔട്ട്പോസ്റ്റ് ഉൾപ്പെടെ തുടങ്ങിയിട്ടില്ല. മോർച്ചറിയായിട്ടുണ്ട്. പ്രസവവാർഡും കുട്ടികളുടെ വാർഡും ഉടൻ തുറക്കുമെന്ന പ്രഖ്യാപനങ്ങളും പ്രാവർത്തികമായിട്ടില്ല.
എംബിബിഎസിൽ 300 കുട്ടികൾ
2022ലാണ് കോന്നി മെഡിക്കൽ കോളജിൽ ആദ്യ എംബിബിഎസ് ബാച്ച് എത്തുന്നത്. 100 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 300 കുട്ടികളെത്തി. ആദ്യബാച്ച് മൂന്നാം വർഷം പൂർത്തീകരിക്കുന്നു. നാലാമത്തെ ബാച്ചിന്റെ പ്രവേശന നടപടികൾ കീം ഫലം വന്നാലുടൻ ആരംഭിക്കും.
മെഡിക്കൽ കോളജിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടാത്തതും കൂടുതൽ രോഗികളെ കിടത്തി ചികിത്സിക്കാനാകാത്തതും കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് കുട്ടികളുടെ ക്ലീനിക്കൽ പഠനം നടന്നുവന്നത്. നിർമാണ ജോലികൾ കാരണം ജനറൽ ആശുപത്രിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമുണ്ട്. അവിടെ എത്തുന്നവരെ കോന്നി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നുമില്ല.
അവസാനവർഷത്തിലേക്കു പ്രവേശിക്കുന്ന കുട്ടികൾക്കാവശ്യമായ പ്രാക്ടിക്കൽ സൗകര്യം ലഭ്യമാകേണ്ടതുണ്ട്. ക്ലിനിക്കൽ പഠനത്തിനും ക്രമീകരണം വേണം. ഇക്കാര്യങ്ങളിലെ മെല്ലപ്പോക്ക് കുട്ടികളുടെ പഠനത്തെ ബാധിക്കും. കുട്ടികളുടെ ഹോസ്റ്റൽ, ലൈബ്രറി, ലാബ് എന്നിവയെല്ലാം സജ്ജമാണ്. എന്നാൽ ഒരു മെഡിക്കൽ കോളജിന്റെ അന്തരീക്ഷത്തിലേക്ക് കോന്നി ഇപ്പോഴും എത്തിയിട്ടില്ല. കാന്പസ് മാത്രമായി ഇത് ഒതുങ്ങുകയാണെന്ന് കുട്ടികൾ പറയുന്നു.
ഇതിനിടെ നഴ്സിംഗ് കോളജും ആരംഭിച്ചിട്ടുണ്ട്. ഇവരോടൊപ്പം പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിലെ കുട്ടികളെയും കോന്നി മെഡിക്കൽ കോളജിലേക്കാണ് അയയ്ക്കുന്നത്.
ഒരുവർഷം കൂടി കഴിയുന്പോഴേക്കും ഹൗസ് സർജൻസി സൗകര്യം കുട്ടികൾക്കു നൽകേണ്ടതുണ്ട്. പിന്നാലെ പിജി കോഴ്സുകൾ ആരംഭിക്കുമെന്നും പറയുന്നു. എന്നാൽ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ സമയബന്ധിത നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ചെലവഴിച്ചത് കോടികൾ
കിഫ്ബി ഫണ്ടിലൂടെ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടു നടന്നതായി പറയുന്നത്. വൻകിട കന്പനികൾക്കായിരുന്നു കരാറുകൾ. കിഫ്ബിയും കേന്ദ്രഫണ്ടുകളും ഉപയോഗപ്പെടുത്തിയാണ് നിർമാണം നടത്തിയത്. എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചത്. ബോയ്സ് ഹോസ്റ്റൽ നിർമാണത്തിന് 12 കോടി രൂപ ചെലവായി.
മെഡിക്കല്‍ കോളജിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണവും 11 നിലകളിലായി 40 അപ്പാര്‍ട്മെന്റുകള്‍ ഉള്‍പ്പെടുത്തിയ രണ്ട് ക്വാർട്ടേഴ്സ് സമുച്ചയങ്ങളുടെ നിർമാണങ്ങൾ പൂർത്തീകരിച്ചുവരുന്നു. പ്രിൻസിപ്പൽ ഡീൻ വില്ല പൂർത്തീകരിച്ചു. 800 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെയും എക്സാമിനേഷൻ ഹാളിന്റെയും പാർക്കിംഗ് ലോഞ്ചിന്റെയും നിർമാണം നടക്കുന്നുണ്ട്.
ഉദ്ഘാടനം നടന്നത് 2020ൽ
2011ലെ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് അനുമതി ആകുകയും 2013ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിടുകയും ചെയ്ത മെഡിക്കൽ കോളജിന്റെ ഓഫീസ് സംവിധാനങ്ങളടക്കം 2015-ൽതന്നെ ആരംഭിക്കുകയും ചെയ്തു.
കോന്നി മെഡിക്കൽ കോളജിന് ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകാരത്തിനു വേണ്ടി അന്നുതന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ പിന്നീടുവന്ന എൽഡിഎഫ് സർക്കാർ തുടർപ്രവർത്തനങ്ങളിൽ താത്പര്യം കാട്ടിയിട്ടില്ല. തടസപ്പെട്ട നിർമാണ ജോലികൾ അടക്കം പുനരാരംഭിച്ചത് 2019ലാണ്.
2020 സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്തു. ഐപി വിഭാഗം 2021 ഫെബ്രുവരി പത്തിനും തുറന്നു കൊടുത്തു. എന്നാൽ കിടത്തിച്ചികിത്സയും അത്യാഹിത വിഭാഗവും പൂർണ സജ്ജമല്ലെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോഴും പറയുന്നത്.
അത്യാഹിത, ഐപി വിഭാഗങ്ങളിലേക്കെത്താനുള്ള യാത്രാ ബുദ്ധിമുട്ടും കാരണമായി പറയുന്നു. മെഡിക്കൽ കോളജ് റോഡിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേയുള്ളൂ.
അടിയന്തരഘട്ടത്തിൽ ആംബുലൻസ് അടക്കമുള്ളവ എത്താനുള്ള ബുദ്ധിമുട്ടാണ് കാരണമയി പറയുന്നത്.