നഗരസഭാ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
1571835
Tuesday, July 1, 2025 2:38 AM IST
പത്തനംതിട്ട: നഗരസഭയിലെ സ്മാർട്ട് അങ്കണവാടി ചെയർമാൻ റ്റി. സക്കീർ ഹുസൈൻ നാടിനു സമർപ്പിച്ചു. അങ്കണവാടികൾ നാടിന്റെ വിദ്യാഭ്യാസത്തിന്റെയും സാംസ്കാരികതയുടെയും കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആറാം വാർഡിലെ 91-ാം നമ്പർ അങ്കണവാടിയാണ് നിർമാണം പൂർത്തിയാക്കി ആധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്തത്.
850 ചതുരശ്രയടി സ്ഥലത്ത് 25 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിർമിച്ചത്. കെട്ടിടം പൂർണമായും ശീതീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കളിക്കോപ്പുകളും എത്തി. നഗരസഭയുടെ തനത് ഫണ്ടുപയോഗിച്ച് വാങ്ങിയ സ്ഥലത്താണ് പുതിയ അങ്കണവാടി നിർമിച്ചത്.
വാർഡ് കൗൺസിലർ ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ, പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, കൗൺസിലർമാരായ എ. സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, റോഷൻ നായർ, എം.സി. ഷെരീഫ്, ആനി സജി, അംബികാ വേണു, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭൂമി വിട്ടു നൽകിയ സുമിത്ത് സി. തോമസിനെ ആദരിച്ചു. പ്രദേശവാസികൾ സന്തോഷസൂചകമായി പായസവിതരണവും കരിമരുന്ന് പ്രയോഗവും നടത്തി.
നിലവിലെ ഭരണസമിതിയുടെ കാലയളവിൽ ആറ് അങ്കണവാടികൾക്കാണ് സ്വന്തം കെട്ടിടം നിർമിച്ചത്. നഗരസഭ 22-ാം വാർഡിൽ നിർമിക്കുന്ന അങ്കണവാടിയും ഉടൻ ഉദ്ഘാടനം ചെയ്യും.