മഴ തുടരുന്നു: ഭീതിയില്‍ അന്പതേക്കര് നിവാസികള്‍
1339765
Sunday, October 1, 2023 11:01 PM IST
അഞ്ചല്‍ : കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തില്‍ അന്പതേക്കര് പാലത്തില്‍ വെള്ളം കയറുകയും പ്രദേശം ഒറ്റപ്പെട്ടതിന്റെയും തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയുടെ പുതിയ പാലം എന്ന പ്രഖ്യാപനത്തിന്റെയും ദൃശ്യങ്ങളാണ് പ്രേക്ഷകര്‍ കണ്ടത്. പ്രഖ്യാപനം ഉണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോഴും പുതിയ പാലം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.
ട്രൈബല്‍ കോളനികള്‍ അടക്കം നിരവധി കുടുംബങ്ങള്‍ക്ക് പുറമേ ട്രൈബല്‍ സ്കൂള്‍, ട്രൈബല്ഹോസ്റ്റല്, അങ്കണവാടിയടക്കം സ്ഥാപനങ്ങളും ഇവിടെയുണ്ട്. കാര്യമായ ഒരു മഴ പെയ്താല്‍ നിലവിലത്തെ പാലം വെള്ളത്തിനടിയിലാകും. ഇതോടെ അന്പതേക്കര് പ്രദേശം ഒറ്റപ്പെടും. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയോട് പഞ്ചായത്ത് അധികൃതരും നാട്ടുകാരും പുതിയ പാലം എന്ന ആവശ്യം ഉന്നയിച്ചത്. ഉടന്‍ തന്നെ പുതിയ പാലം നിര്മിക്കതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ ഒരുനടപടിയും ഇനിയും ഉണ്ടായിട്ടില്ല.
നിലവിലുള്ള പാലത്തിനു പകരം അല്പം ഉയരത്തില്‍ പുതിയ പാലം വന്നാല്‍ മഴ പെയ്താല്‍ വെള്ളം കയറി പ്രദേശം ഒറ്റപെടുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും.കുന്നിമാന് തോട്ടില്‍ വെള്ളം ഉയര്‍ന്നാല്‍ മരങ്ങള്‍ അടക്കം ഒഴുകിവന്നു പാലത്തില്‍ ഇടിയ്ക്കുകയും കൂടുതല്‍ തകര്‍ച്ചയിലാവുകയും ചെയ്യും. കൈവരികള്‍ തകര്‍ന്നതിനാല്‍ വാഹന യാത്രയടക്കം ഭീതിയിലാണ്. എത്രയുംപ്പെട്ടന്ന് പ്രദേശത്ത് പുതിയ പാലം നിര്‍മ്മിക്കണം എന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം പുതിയ പലത്തിനായി എസ്റ്റിമേറ്റ് എടുക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചതായും പട്ടിക വര്ഗവകുപ്പില് നിന്നുള്ള തുകയില്‍ നിന്നും പാലം നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്നും എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.