വികസനം സാധ്യമാകാന്‍ രാഷ്ട്രീയം മറക്കണം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍
1297565
Friday, May 26, 2023 11:24 PM IST
അഞ്ചല്‍: ഒരു നാടിന്റെ വികസനം സാധ്യമാകണം എങ്കില്‍ രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാകാം. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നീട് രാഷ്ട്രീയം പറയുകയും തൊട്ടതിനെല്ലാം കുറ്റം പറഞ്ഞും അള്ള് വച്ചും നടന്നാല്‍ വികസനം മുരടിപ്പ് മാത്രമേ ഉണ്ടാകു. ഒരു പ്രദേശത്തിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മകളുടെ പ്രവര്‍ത്തനം അനിവാര്യമാണ്. നാടിനു ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അതിന് ജനങ്ങളുടെ പക്കല്‍ നിന്നും ഫണ്ട് സ്വീകരിക്കാം. ഇത്തരത്തില്‍ തന്റെ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനം ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ പ്രസംഗം.
മാലിന്യ സംസ്കരണം, കുടിവെള്ള സംരക്ഷണം അടക്കമുള്ളവയുടെ കാര്യത്തില്‍ പരിഗണന കൊടുത്തുകൊണ്ടാകണം വികസനം സാധ്യമാക്കേണ്ടത്. വികസനത്തിന്റെ പേരില്‍ വലിയ വലിയ കെട്ടിടങ്ങള്‍ കെട്ടിപൊക്കുന്നതിനിനോടൊപ്പം അവയുടെ സംരക്ഷണം കൂടി ഉറപ്പാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഏരൂര്‍ ഗ്രാമപഞ്ചായത്ത് മണലിപച്ചയില് നിര്‍മാണം പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.എസ് സുപാല്‍ എംഎല് എഅധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഡോ. കെ ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജി അജിത്ത്, ഷൈന്‍ ബാബു, വി രാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 75 ലക്ഷം രൂപ വിനിയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ജില്ല പഞ്ചായത്തില്‍ നിന്നും അനുവദിച്ച 20 ലക്ഷവും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 35 ലക്ഷവും കൂടി വിനിയോഗിച്ചുകൊണ്ട് അനുബന്ധ സൗകര്യങ്ങളും കളിക്കളവും ഇവിടെ യാഥാര്‍ഥ്യമാക്കും. ഇതോടെ പ്രദേശത്തെ വിവാഹങ്ങള്‍ അടക്കമുള്ള കാര്യങ്ങളും പൊതുപരിപാടികളും ഇവിടെ വച്ച് നടത്താന്‍ കഴിയുമെന്നു പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.