ആവേശമായി റെഡ് റണ്‍ മാരത്തൺ
1581632
Wednesday, August 6, 2025 1:13 AM IST
കരിന്തളം: അന്താരാഷ്ട്ര യുവജനദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/എയ്ഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റണ്‍ മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, എന്‍എസ് എസ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാലിച്ചാനടുക്കം മുതല്‍ കരിന്തളം ഗവ. കോളജ് പരിസരം വരെയാണ് മത്സരം സംഘടിപ്പിച്ചത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ. അനില്‍ (പെരിയ കേന്ദ്ര സര്‍വകലാശാല), എന്‍. മിഥുന് (കാസര്‍ഗോഡ് ഗവ.കോളജ്), അഭിഷേക് ബാബു (എളേരിത്തട്ട് ഇകെഎന്‍എം ഗവ.കോളജ്) എന്നിവര്‍ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.വി. ലിതിന (എളേരിത്തട്ട് ഇകെഎന്‍എം ഗവ.കോളജ്), ദേവനന്ദ ദിനേശ് (കരിന്തളം ഗവ.കോളജ്) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ജേതാക്കള്‍ക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്കി. ഒന്നാം സ്ഥനംലഭിച്ചവര് 11നു തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. ആരതി രഞ്ജിത് അധ്യക്ഷതവഹിച്ചു. ജില്ലാ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.വി. വിനേഷ് കുമാര്‍, എന്‍എസ്എസ് നോഡല്‍ ഓഫീസര്‍ സമീര്‍ സിദ്ദിഖി, കരിന്തളം ഗവ. കോളജ് പ്രിന്‍സിപ്പല്‍ കെ. വിദ്യ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി. ഹസീബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, ദേശീയ ആരോഗ്യ ദൗത്യം ജൂണിയര്‍ കണ്‍സല്‍ട്ടന്റ് കമല്‍ ജോസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും നീലേശ്വരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് ഫിലിപ്പ് നന്ദിയും പറഞ്ഞു.