പടന്നക്കാട് വഴി യാത്ര സ്വന്തം റിസ്കിൽ
1581626
Wednesday, August 6, 2025 1:13 AM IST
കാഞ്ഞങ്ങാട്: ദേശീയപാതയിലെ മരണക്കെണിയായി മാറിയ പടന്നക്കാട്ട് ഇത്തവണ അപകടത്തിൽ പൊലിഞ്ഞത് വഴിയാത്രക്കാരിയുടെ ജീവൻ. സർവീസ് റോഡിൽനിന്ന് കയറിവന്ന സ്കൂട്ടിയിലിടിച്ച പോലീസ് ജീപ്പ് പെട്ടെന്ന് വെട്ടിച്ചപ്പോൾ എതിരേവന്ന കാറിലും ഇടിക്കുകയായിരുന്നു. മരിച്ച സുഹ്റ അപകടത്തിൽപ്പെട്ട കാറിനും ദേശീയപാതയുടെ കോൺക്രീറ്റ് പാർശ്വഭിത്തിക്കും ഇടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ചെറുതും വലുതുമായ ഇരുനൂറോളം അപകടങ്ങളാണ് പടന്നക്കാട് മേല്‍പ്പാലത്തിലും സമീപത്തുമായി സംഭവിച്ചത്. 11 പേര് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 30 ന് മേൽപ്പാലത്തിനു മുകളിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ. വിനീഷിന്റെ ജീവനെടുത്ത അപകടമായിരുന്നു ഇതിനുമുമ്പ് ഒടുവിലത്തേത്. മേൽപ്പാലത്തിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ടാങ്കര്‍ ലോറിക്കും കോൺക്രീറ്റ് പാർശ്വഭിത്തിക്കും ഇടയിൽ കുടുങ്ങിയാണ് വിനീഷ് മരണപ്പെട്ടത്.
ഫെബ്രുവരി ഏഴിന് രണ്ട് ലോറികൾ കൂട്ടിയിടിക്കുകയും അതിലൊന്ന് നിയന്ത്രണംവിട്ട് എതിരേവന്ന കാറിലും ബൈക്കിലും ഇടിക്കുകയും ചെയ്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ആഷിക് (20), ബംഗളുരു സ്വദേശി തന്‍വീര്‍ പാഷ (34) എന്നിവര്‍ മരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29 ന് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് പടന്നക്കാട് തീര്‍ഥങ്കരയിലെ കല്ലായി ലത്തീഫിന്റെയും സുഹറാബിയുടെയും മക്കളായ സൈനല്‍ റുമാന്‍ (ഒമ്പത്), ലഹക് സൈനബ് (12) എന്നിവരും മരിച്ചു.
മേൽപ്പാലത്തിലെ അപകടക്കുഴികൾ ഇപ്പോൾ കുറച്ചെങ്കിലും നികത്തിയെങ്കിലും വാഹനങ്ങളുടെ അമിതവേഗതയും റോഡിൽ കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചതിലെ പാകപ്പിഴകളുമൊക്കെയാണ് പടന്നക്കാടിനെ സ്ഥിരം അപകടമേഖലയാക്കുന്നത്. മേൽപ്പാലത്തിനു മുകളിൽ റീടാര്‍ ചെയ്ത ഭാഗങ്ങള്‍ ഒരേ നിരപ്പിലല്ലാത്തത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിൽ പ്രശ്നമാകുന്നു.
രണ്ടുവരി വാഹനഗതാഗതം മാത്രം സാധ്യമാകുന്ന മേൽപ്പാലത്തിൽ നിന്നും താഴെയുള്ള സർവീസ് റോഡുകളിൽ നിന്നും നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ മിക്കപ്പോഴും വാഹനങ്ങൾക്ക് നിരതെറ്റുന്നു. അമിതവേഗതയിൽ എതിരേവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത അങ്ങനെയാണ്. കൂട്ടിയിടികൾ മിക്കപ്പോഴും രണ്ട് വാഹനങ്ങളിലൊതുങ്ങാതെ അടുത്തള്ള മറ്റു വാഹനങ്ങളിലും ചെന്നിടിക്കുന്നതാണ് അപകടങ്ങളെ കൂടുതൽ വലുതാക്കുന്നത്.
ഇതിനും കാരണമാകുന്നത് അമിതവേഗതയാണ്. മേൽപ്പാലത്തിൽ നിന്നും സർവീസ് റോഡുകളിൽ നിന്നും പ്രധാനപാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾക്ക് ദിശതെറ്റാതെ പോകുന്നതിനുള്ള വഴിയൊരുക്കുകയും വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കണമെങ്കിൽ അതിന് ദേശീയപാതയുടെ പണി പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കരുതെന്നും അവർ പറയുന്നു.