സര്‍ക്കാരിന്റെ അനാസ്ഥയ്ക്ക് നഗരസഭയെ പഴിക്കേണ്ട: ചെയര്മാന്
1581629
Wednesday, August 6, 2025 1:13 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ക്കുള്ള പാല് വിതരണം മുടങ്ങിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം.
കാലങ്ങളോളമായി ജനറല്‍ ആശുപത്രിയിലെ വൈദ്യുതി, വെള്ളം, പാല് ബില്ലുകള്‍ അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ച് നഗരസഭയോട് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വലിയ തുകകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയല്ലാതെ നഗരസഭയ്ക്ക് നേരിട്ട് അടക്കാന്‍ സാധിക്കുകയില്ലാത്തതിനാല്‍ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയാണ് കുറച്ചു കാലങ്ങളായി വൈദ്യുതി, വെള്ളം ബില്ലുകള്‍ അടക്കുന്നത്. എന്നാല്‍ വീണ്ടും ഒരു മുന്നറിയിപ്പും ഇല്ലാതെ മില്‍മ പാല് ബില്ലും സര്‍ക്കാര്‍ അടയ്ക്കുന്നത് നിര്‍ത്തി നഗരസഭയുടെ തലയില്‍ ഇടുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ഈ വിവരം നഗരസഭയെ അറിയിച്ചത്. എന്നാല്‍ നേരിട്ട് പണം അടക്കാന്‍ നഗരസഭയ്ക്ക് കഴിയില്ല എന്നതിനാല്‍ പുതിയ പദ്ധതി തയ്യാറാക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ മാത്രമേ പാല് തുക അടയ്ക്കാന്‍ കഴിയുകയുള്ളൂ.
ജനറല്‍ ആശുപത്രിയെ ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയിട്ട് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതിന് പകരം നല്‍കിയിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സര്‍ക്കാരിന്റെ അനാസ്ഥയെ നഗരസഭയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.