കോടാലി വീഴില്ല, ഓര്‍മമരം ഇനിയും തളിര്‍ക്കും
1581630
Wednesday, August 6, 2025 1:13 AM IST
ബന്തടുക്ക: കഞ്ഞിപ്പുര നിര്‍മാണത്തിന് സ്കൂളിലെ ഓര്‍മമരം തടസമായപ്പോള്‍ വെട്ടിവീഴ്ത്തുന്നതിനുപകരം വനംവകുപ്പിന്റെ സഹകരണത്തോടെ മാറ്റിനട്ട് ബന്തടുക്ക ജിഎച്ച്എസ്എസ് അധികൃതര്‍. കളിമുറ്റം പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ എട്ടുവര്‍ഷം മുമ്പാണ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി സ്കൂള്‍ കോമ്പൗണ്ടില്‍ ഓര്‍മമരമായി നാട്ടുമാവ് നട്ടത്. എന്നാല്‍ സ്കൂളിന് വേണ്ടി കഞ്ഞിപ്പുര നിര്‍മിക്കാന്‍ ഈ മാവ് തടസമായി നിന്നു.
ഇതേതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ യോഗം ചേര്‍ന്ന് മരം മുറിച്ചുമാറ്റാന്‍ ധാരണയായി. മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി വനംവകുപ്പിനെ ബന്ധപ്പെട്ടപ്പോഴാണ് മരം മാറ്റി നടാം എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്നലെ രാവിലെ പത്തോടെ യന്ത്രസഹായത്തോടെ വേരുകള്‍ക്ക് മുറിവു പറ്റാതെ പറിച്ചെടുക്കുകയും സ്കൂള്‍ ഗ്രൗണ്ടിനരികില്‍ നേരത്തെ തയ്യാറാക്കി ഒരുക്കി വെച്ച കുഴിയില്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു.
വളര്‍ന്നുവലുതായ മരം മുറിച്ചുമാറ്റാതെ മറ്റൊരു സ്ഥലത്ത് വേരോടെ പിഴുതെടുത്ത് സംരക്ഷിക്കുന്ന രീതി കണ്ടുമനസിലാക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചു. രണ്ടുമീറ്റര്‍ വിസ്തൃതിയിലും താഴ്ചയിലും കുഴിയെടുത്ത് ആവശ്യമായ ചാണകവളം നല്കി നിലമൊരുക്കി. കൂടാതെ വേരുപിടിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍, വേരുരോഗങ്ങളെ തടയാന്‍ സഹായിക്കുന്ന സ്യൂഡോമോണസ് കുമിള്‍ നാശിനിയായ കോപ്പര്‍ ഓക്സി ക്ലോറൈഡും നല്കി.
മരം മുറിച്ചു മാറ്റാനുള്ളതല്ലെന്നും പറിച്ചെടുത്തു നടുന്നതിലൂടെ വലിയൊരു സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ നല്‍കിയതെന്ന് നേതൃത്വം നല്കിയ വനംവകുപ്പ് ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍.വി. സത്യന് പറഞ്ഞു.
സോഷ്യല്‍ ഫോറസ്ട്രി കാസര്‍ഗോഡ് റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബാലകൃഷ്ണന്, ഹൊസ്ദുര്‍ഗ് റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.സി. യശോദ, ആര്‍ആര്‍ടി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.എസ്. അശോകന്, ആര്‍ആര്‍ടി ജീവനക്കാരായ പി. രവീന്ദ്രന്, എ. അമല്‍ എന്നിവരും കളിമുറ്റം അംഗങ്ങളും നേതൃത്വം നല്കി.
തുടര്‍ന്ന് കൃഷ്ണന് മേലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തമ്പാന് കെ. മീയ്യങ്ങാനം, പിടിഎ പ്രസിഡന്റ് രാധാകൃഷ്ണന് കനക്കരംകോടി, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ബി.എസ്. സന്ദീപ്, സ.ഡി. വിജയകുമാര്‍, പി. ഹൈമാവതി എന്നിവര്‍ സംസാരിച്ചു.