പടന്നക്കാട്ടെ കൂട്ടവാഹനാപകടത്തില് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
1581556
Tuesday, August 5, 2025 10:04 PM IST
കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയപാതയിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പരപ്പ സ്വദേശിനിയും കാഞ്ഞങ്ങാട് ഞാണിക്കടവ് പിള്ളേരുപീടികയ്ക്കു സമീപം വാടകവീട്ടില്‍ തമാസിക്കുന്ന സുഹറ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ നെഹ്റു കോളജിന് സമീപമാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്ന ചീമേനി പോലീസിന്റെ ജീപ്പ് സര്‍വീസ് റോഡിലേക്കു കയറവെ എതിര്‍ഭാഗത്തു നിന്നു വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
നിയന്ത്രണംവിട്ട പോലീസ് ജീപ്പ് മറ്റൊരു കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നീങ്ങിയ കാര്‍ റോഡരികിലെ സിമന്റ് മതിലില്‍ ഇടിച്ചു. കാറിനും സിമന്റ് മതിലിനും ഇടയില്‍പെട്ട് സുഹറയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ മരണപ്പെട്ടു.
സ്കൂട്ടര്‍ യാത്രക്കാരായ നീലേശ്വരം പടിഞ്ഞാറ്റിന്കോവിലെ ചന്ദ്രന് (76), ഭാര്യ ബേബി (66) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.പഴയങ്ങാടി മാട്ടൂല്‍ സ്വദേശിയും ഇലക്ട്രീഷ്യനുമായ മുഹമ്മദ് ഷഫീഖിന്റെ ഭാര്യയാണ് സുഹറ. മകള്‍: ഷിഫാന (ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി, നീലേശ്വരം രാജാസ് എച്ച്എസ്എസ്).