എടിഎം നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കവര്‍ന്ന സംഭവം: തമിഴ്നാട് സ്വദേശി അറസ്റ്റില്‍
1450572
Wednesday, September 4, 2024 8:03 AM IST
കാസര്‍ഗോഡ്: ഉപ്പള ആക്സിസ് ബാങ്കിലെ എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനില്‍ നിന്ന് 50 ലക്ഷം കവര്‍ന്ന ഒരാളെ സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശിയായ മുത്തുകുമരനെയാണ് (47) തിരുച്ചിറപ്പള്ളി രാംജി നഗറില്‍ വച്ച് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടിന് ഉപ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. പണം നിറയ്ക്കാന്‍ വന്ന വാനിന്റെ ചില്ല് പട്ടാപ്പകല്‍ നിമിഷനേരം കൊണ്ട് തകര്‍ത്താണ് തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് പണം കവര്‍ന്നത്. എടിഎം മെഷീനില്‍ നിറയ്ക്കാനായി ഒരു കോടി രൂപയാണ് വാനില്‍ കൊണ്ടുവന്നത്. 50 ലക്ഷം വീതമുള്ള രണ്ടു ബോക്സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
വണ്ടി ലോക്ക് ചെയ്തശേഷം ഒരു ബോക്സുമായി വാന്‍ ഡ്രൈവര്‍ എടിഎം കൗണ്ടറിലേക്ക് പോയ തക്കത്തിനാണ് വാനിന്റെ ചില്ല് തകര്‍ത്ത് കവര്‍ച്ച നടത്തിയത്.
പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി കടന്നയാള്‍ക്കൊപ്പം മറ്റു രണ്ടുപേരും മംഗളൂരു ഭാഗത്തുനിന്നും ബസില്‍ വന്നിറങ്ങുന്നതും കവര്‍ച്ചയ്ക്കുശേഷം ഉപ്പളയില്‍നിന്ന് ഓട്ടോയില്‍ കയറി കുമ്പള ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചു. ഉപ്പള ടൗണില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള കുമ്പള റെയില്‍വേ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്.
ബംഗളുരുവിലേക്കുള്ള ട്രെയിന്‍ ഇവിടെ നിര്‍ത്തില്ലെന്നു മനസിലാക്കിയ സംഘം മറ്റൊരു ഓട്ടോയില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തി വൈകുന്നേരത്തെ കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ കടന്നുകളയുകയായിരുന്നു. ടിക്കറ്റ് എടുത്തുനല്‍കിയത് ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിന്നാണെന്നും വ്യക്തമായിരുന്നു. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ.സുനില്‍ കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ വിശാഖ്, എഎസ്ഐമാരായ ദിനേശ് രാജന്, സദന് എന്നിവരാണ് പ്രതിയെ പിടിച്ചത്.