കാസര്‍ഗോഡ്: നെറ്റ് സീറോ കാര്‍ബണ്‍ കേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെയും തിരുവനന്തപുരം എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഊര്‍ജ ഓഡിറ്റ് നടത്തുന്നു. നവകേരളം കര്‍മപദ്ധതി മുഖേന ജില്ലയില്‍ തെരഞ്ഞെടുത്ത പുത്തിഗെ, ദേലമ്പാടി, മുളിയാര്‍, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, മടിക്കൈ, കിനാനൂര്‍-കരിന്തളം, ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍, വലിയപറമ്പ എന്നീ 11 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ ഊര്‍ജ്ജ ഓഡിറ്റ് നടത്തുക.
ഈ പഞ്ചായത്തുകളില്‍ അംഗന് ജ്യോതി പദ്ധതിയുടെ ഭാഗമായി ഉത്പാദനക്ഷമത കൂടിയ അടുക്കള ഉപകരണങ്ങളും പാത്രങ്ങളും മുഴുവന്‍ അങ്കണവാടികളിലും വിതരണം ചെയ്യും. ഓരോ ഘടക സ്ഥാപനങ്ങളിലും നിലവിലുള്ള ഊര്‍ജ വിനിയോഗം സംബന്ധിച്ചുള്ള പരിശോധനയാണ് ഊര്‍ജ ഓഡിറ്റിലൂടെ നടക്കുന്നത്. സംസ്ഥാന ഊര്‍ജ മാനേജ്മെന്റ് സെന്ററിന്റെയും ഡബ്ല്യുആര്ഐയുടെയും നേതൃത്വത്തില്‍ അതുല്‍ എനര്‍ജി സൊല്യൂന്സാണ് ഊര്‍ജ ഓഡിറ്റ് പരിശീലനം നല്‍കുന്നത്.
പിലിക്കോട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എ.കൃഷ്ണന് അധ്യക്ഷതവഹിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ സ്കൂള്‍, പഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം പേര്‍ക്ക് പരിശീലനം നല്കി. ഊര്‍ജ ഉപഭോഗം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി ഊര്‍ജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ വീടുകളിലും ഊര്‍ജ സുരക്ഷാ ഓഡിറ്റ് നടത്തും.
നവകേരളം കര്‍മപദ്ധതി റിസോഴ്സ് പേര്സണ്മാരായ പി.വി.ദേവരാജന്‍, കെ.കെ.രാഘവന്, കെ.ബാലചന്ദ്രന്, പി.കെ.ലോഹിതാക്ഷന് എന്നിവര്‍ക്കൊപ്പം ഇന്റേണ്‍ പരിശീലകരും സന്നദ്ധ പ്രവര്‍ത്തകരും നേതൃത്വം നല്‍കും.