റബർ വിട്ട ഷോൺ ജോർജിന് കൃഷി കാട്ടുകടുക്ക
Friday, May 9, 2025 12:32 PM IST
റബറിന്റെ വിലത്തകർച്ചയിൽ ഒരുവിധത്തിലും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതിനെത്തുടർന്നു റബർ മരങ്ങൾ വെട്ടികളഞ്ഞു കാട്ടുകടുക്ക നട്ടു വളർത്തി വരുമാനം നേടാനൊരുങ്ങുകയാണ് മുൻ എംഎൽഎ പി.സി. ജോർജിന്റെ മകൻ ഷോണ്‍ ജോർജ്.
അടുത്തറിയാവുന്നവർ ചാക്കോച്ചൻ എന്ന് വിളിക്കുന്ന ഷോണ്‍ രാഷ്ട്രീയ, പൊതുപ്രവർത്തനത്തിനിടയിലെ തിരക്കുകൾക്കിടയിലാണ് കൃഷിയിലും ശ്രദ്ധ പതിപ്പിക്കുന്നത്. അഞ്ചേക്കർ സ്ഥലമെങ്കിലും സ്വന്തമായുള്ള ഒരാളും ജീവിക്കാനായി നാടുവിടേണ്ട കാര്യമില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
റബറിന്റെ വിലയിടവ് രൂക്ഷമായപ്പോൾ കർഷകർ എത്രയും വേഗം മറ്റു കൃഷിയിലേക്കു തിരിഞ്ഞാൽ അത്രയും നല്ലതെന്ന ഷോണിന്റെ പിതാവ് പി.സി.ജോർജ് നിയമസഭയിൽ പറഞ്ഞതു വലിയ വിമർശനത്തിനും ഒച്ചപ്പാടിനുമൊക്കെ ഇടയാക്കിയെങ്കിലും ചാക്കോച്ചൻ പിതാവിന്റെ നിലപാടിന് ഒപ്പം നിന്ന് റബർ വെട്ടി മാറ്റി കാട്ടുകടുക്കയിലേക്കും മറ്റു ഫലവർഷ കൃഷികളിലേക്കും തിരിയുകയായിരുന്നു.
മലവേപ്പ്, കാട്ടുവേപ്പ് എന്നൊക്കെയാണു കാട്ടുകടുക്കയുടെ മറ്റു പേരുകൾ. മീലിയ ഡുബിയ എന്നാണ് ശാസ്ത്രീയ നാമം. കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയ്ക്കു സമീപം ചേന്നാട്ടിലാണു ചാക്കോച്ചന്റെ കടുക്കാത്തോട്ടം.

വളവും പുളവുമില്ലാതെ നേരേ മുകളിലേക്കു വളർന്നു നിൽക്കുകയാണ് ഓരോ മരങ്ങളും. അറേക്കർ സ്ഥലത്ത് 1100 മരങ്ങളാണു നട്ടിരിക്കുന്നത്. ഏഴു വർഷം പ്രായമായി. ഇനി മൂന്നു വർഷം കൂടി കഴിഞ്ഞാൽ വെട്ടി വിൽക്കാം.
കുറഞ്ഞത് ഒന്നരകോടി രൂപയെങ്കിലും കിട്ടുമെന്നാണ് ചാക്കോച്ചന്റെ കണക്കുകൂട്ടൽ. 60 ഇഞ്ച് വണ്ണമുള്ള ഒരു മരത്തിന് 15000 രൂപ വരെ കിട്ടും. ഒരേക്കറിൽ 200 മരം വരെ നടാം. നന്നായി പരിപാലിച്ചാൽ മരത്തിൽ കുരുമുളുകും കയറ്റിവിടാം. വാഴയോ കപ്പയോ ഇടവിളകളായി നടുന്നതിനും കുഴപ്പമില്ല.
കാട്ടുകടുക്ക സോഫ്റ്റ് വുഡ് ഇനത്തിൽപ്പെട്ട തടിയാണ്. പ്ലൈവുഡ് നിർമാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചിതൽ പിടിക്കില്ലാത്തതിനാൽ നല്ല ഡിമാൻഡാണ്. വളവില്ലാതെ നേരെ മുകളിലേക്കു വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വളരെ കുറച്ചു സമയത്തിനുള്ളിൽ മികച്ച വരുമാനം തരികയും ചെയ്യും. വലിയ പരിചരണമാവശ്യമുമില്ല. കോഴിവളമോ ചാണകമോ നൽകിയാൽ അഞ്ചോ ആറോ വർഷത്തിനുള്ളിൽ മുറിച്ചു വിൽക്കാം. സാധാരണ ഏഴു വർഷമാകുന്പോൾ 40 അടി വരെ വളരും.
50 ഇഞ്ചോളം വണ്ണം വയ്ക്കുകയും ചെയ്യും. കണ്ണൂർ, കാസർകോഡ് തുടങ്ങിയ മേഖലയിൽ ഇപ്പോൾ കൃഷി വ്യാപകമായിട്ടുണ്ട്. വനം വകുപ്പും അടുത്ത നാളിൽ തേക്കു കൃഷി വിട്ട് മലവേപ്പിലേക്കു തിരിഞ്ഞിട്ടുണ്ട്.
കാട്ടുകടുക്ക മാത്രമല്ല ചാക്കോച്ചന് ഫലവർഗ കൃഷിയുമുണ്ട്. വാഗമണ്‍ പുളളിക്കാനത്തിനു സമീപം 27 ഏക്കർ സ്ഥലത്ത് 6000 കാപ്പി, 200 റംബൂട്ടാൻ, 900 കമുക്, 100 പ്ലാവ്, 50 കശുമാവ് എന്നിങ്ങനെ പോകുന്നു അത്.
നല്ല തണുപ്പുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. പറന്പിൽ കൂടി രണ്ട് അരുവികൾ ഒഴുകുന്നതിനാൽ ജലസേചനം എളുപ്പമാണ്. ഭാവിയിൽ ഫാം ടൂറിസത്തിനും ചാക്കോച്ചന് പദ്ധതിയുണ്ട്. ഈരാറ്റുപേട്ട ചേന്നാട് കവലയിലെ വീടിന്റെ മുറ്റത്തും വ്യത്യസ്തമായ ഫലവർഗങ്ങളും മരങ്ങളുണ്ട്.
ഇലഞ്ഞി, ഗ്രാന്പു, കുരുമുളക്, ചന്ദനം, അന്പഴം, നാടൻമാവ്, മാങ്കോസ്റ്റിൻ, മാജിക് ഫ്രൂട്ട്, നാർത്തങ്ങ, സപ്പോട്ട,ഫിലോസാൻ, ചുവടിനു 4000 രൂപ വിലയുള്ള ഇല്ലി, അബിയു, ഡ്രാഗണ്‍ ഫ്രൂട്ട്, ദുക്കു, മരമുന്തിരി, ലോംഗ്കോംഗ്, അച്ചാചെയ്റു തുടങ്ങിയവ അവയിൽ ചിലതു മാത്രം.
വീടിനോടു ചേർന്നു തഴച്ചു വളരുന്ന ജാതി മരങ്ങളുമുണ്ട്. കഴിഞ്ഞ വിളവെടുപ്പിൽ ഒരു ജാതിയിൽ നിന്നു മാത്രം 9500 രൂപ കിട്ടി. അതിൽ നാലായിരവും മിച്ചമായിരുന്നു. ഒരേക്കർ സ്ഥലത്ത് 100 ജാതി നട്ടു വളർത്തിയാൽ നാലു ലക്ഷം രൂപ വർഷം സന്പാദിക്കാമെന്നാണ് ചാക്കോച്ചൻ പറയുന്നത്.
ജില്ലാ പഞ്ചായത്തംഗം, പാർട്ടി പ്രവർത്തനം, മീനച്ചിൽ ഈസ്റ്റ് ബാങ്ക് വൈസ് ചെയർമാൻ, അഭിഭാഷക വൃത്തി, പൊതുപരിപാടികൾ, വീട്ടുപരിപാടികൾ തുടങ്ങിയ തിരക്കുകൾക്കിടയിലും ദിവസവും ഒരു മണിക്കൂറെങ്കിലും കൃഷിക്കായി മാറ്റിവയ്ക്കാൻ ചാക്കോച്ചൻ ശ്രദ്ധിക്കാറുണ്ട്.
ഫോണ്‍: 9947120002