പശുക്കളിൽ വിളർച്ച മുതൽ മൂക്കിൽ നിന്ന് രക്തസ്രാവം വരെ; അപടകാരിയാണ് തൈലേറിയ
Saturday, December 9, 2023 5:06 PM IST
കേരളത്തിലെ പശുക്കളിൽ കണ്ടുവരുന്ന വ്യാപകമായ സാംക്രമിക രക്താണു രോഗമാണു തൈലേറിയ. പശുക്കളുടെ ശരീരം ക്ഷയിക്കുന്നതിനും ഉത്പാദനമികവും പ്രത്യുത്പാദനക്ഷമതയും പ്രതിരോധ ശേഷിയുമെല്ലാം കുറയുന്നതിനും അകാലമരണത്തിനും ഈ രോഗം കാരണമാവും.
അയൽ സംസ്ഥാനങ്ങളിൽനിന്നു വാങ്ങി കേരളത്തിലെത്തിക്കുന്ന പശുക്കളിൽ രോഗാണുക്കൾ കൂടുതലായി കണ്ടുവരുന്നു. പ്രോട്ടോസോവ വിഭാഗത്തിലുൾപ്പെടുന്ന തൈലേറിയ എന്നയിനം ഏകകോശ രക്തപരാദജീവികളാണ് രോഗത്തിനു കാരണക്കാർ.
രോഗകാരികളായ നിരവധി ഉപവിഭാഗങ്ങൾ ഉണ്ടെങ്കിലും ചുവന്ന രക്തകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഓറിയന്റൽ തൈലേറിയയാണ് കേരളത്തിൽ വ്യാപകം. രോഗാണുക്കളെ പടർത്തുന്നത് പശുക്കളുടെ രക്തമൂറ്റിക്കുടിക്കുന്ന പട്ടുണ്ണികൾ എന്നു വിളിക്കുന്ന ബാഹ്യപരാദങ്ങളാണ്.
പട്ടുണ്ണികളുടെ ഉമിനീർ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന തൈലേറിയ രോഗാണുക്കൾ ചുവന്ന രക്തകോശങ്ങളെയും വെളുത്ത രക്തകോശങ്ങളെയും ആക്രമിച്ചു നശിപ്പിക്കും. ക്രമേണ വിവിധ അവയവങ്ങളിലേക്കു കടന്നു കയറുകയും കേടുപാടുകൾ തീർക്കുകയും ചെയ്യും.
രക്തകോശങ്ങളുടെ നാശം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിനും വിവിധ പാർശ്വാണുബാധകൾക്കും ഇടയാക്കും.
രോഗവ്യാപനം
മതിയായ ആരോഗ്യപരിശോധനകളില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി, രോഗവാഹകരായ പശുക്കളുടെയും രോഗം പരത്തുന്ന പട്ടുണ്ണികളുടെയും വർധന, ഉത്പാദനശേഷി ഉയർന്ന സങ്കരയിനം പശുക്കളുടെ കുറഞ്ഞ രോഗപ്രതിരോധശേഷി, മതിയായ പോഷകാഹാരങ്ങളുടെ കുറവ് തുടങ്ങിയ കാരണങ്ങളാണു രോഗനിരക്ക് ഉയരാൻ കാരണം.
കിടാക്കളെ മുതൽ ഏത് പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. തൈലേറിയ രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കു വലിയ വിലയാണ് എന്നതും കർഷകർക്ക് വെല്ലുവിളിയാണ്.

ലക്ഷണങ്ങൾ
ഇടയ്ക്കിടെയുണ്ടാവുന്ന പനി, വായിൽ നിന്നു തുള്ളികളായോ നൂലുപോലെയോ കൂടുതലായി ഉമി നീരൊലിക്കൽ, വെള്ളംപോലെയോ പഴുപ്പ് കലർന്നിട്ടോ മൂക്കൊലിപ്പ്, ലസികാ ഗ്രന്ഥികളുടെ വീക്കം, അമിതമായ കിതപ്പും ശ്വാസമെടുക്കാനുള്ള പ്രയാസവും ചുമയും, മൂക്കിൽനിന്ന് ഇടയ്ക്കിടയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവം, കണ്ണിൽ കുടുതലായി പീള കെട്ടൽ, കണ്ണുകളിലെ മൂന്നാമത്തെ കണ്പോള ചുവന്നുതടിച്ച് വീങ്ങി പുറത്തുചാടൽ, നേത്രപടലത്തിന് (കോർണിയ) ഇളം വെളുപ്പ് നിറവ്യത്യാസം.
ചെവിക്കുടയുടെ ഉള്ളിൽ കടുത്ത മഞ്ഞനിറം, ചെവിയുടെ പുറത്തും കണ്ണിനു ചുറ്റും രോമക്കൊഴിച്ചിൽ, തീറ്റ എടുക്കുന്നതിലും പാലിൽ ഘട്ടംഘട്ടമായുണ്ടാകുന്ന കുറവും, ഒപ്പം മെലിച്ചിലും, കിടാരികളിൽ വളർച്ച മുരടിപ്പ്, ആദ്യത്തെ മദി വൈകൽ, അകിടുവീക്കത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതെ ഒന്നോ രണ്ടോ കാന്പുകളിൽ നിന്നോ അല്ലെങ്കിൽ നാലുകാന്പുകളിൽ നിന്നോ പുറത്തു വരുന്ന പാലിന് ഇളം ചുവപ്പ്/ പിങ്ക് നിറം, കറക്കുന്പോൾ കാന്പിന് കട്ടികൂടുതലും പാൽ വരുന്നതിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടൽ.
ഇടയ്ക്കിടെ വന്നുപോവുന്ന അകിടുവീക്കം, ഫാമിലെ പശുക്കൾക്ക് പല തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗർഭധാരണം നടക്കാതിരിക്കൽ, കൃത്യമായി മദിയുടെ ലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, പ്രസവാനന്തരം അടുത്ത മദി വൈകൽ, പശുക്കളുടെ ഗർഭമലസൽ, മറുപിള്ള പുറത്ത് പോവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി കാണുക.
വിരമരുന്നുകൾ, ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ നൽകിയിട്ടും വിട്ടുമാറാത്ത വയറിളക്കം, ചാണകത്തിൽ രക്തത്തിന്റെയും ശ്ലേഷ്മത്തിന്റെയും അംശം, ഇടയ്ക്കിടെ ഉണ്ടാവുന്ന വയറുസ്തംഭനവും വയറുവീക്കവും.
ശരീരത്തിൽ രക്തക്കുറവ്/ വിളർച്ച ബാധിച്ച് കണ്ണിലേയും മോണയിലേയും യോനിദളത്തിലെയും ശ്ലേഷ്മസ്തരങ്ങളുടെ ചുവപ്പുനിറം മാറി വെളുത്ത് വിളറിയിരിക്കൽ, ലെതർ പോലെ കട്ടികൂടി പരുപരുത്ത ത്വക്ക്, പശുവിന്റെ ത്വക്കിൽ വെളുത്ത രോമമുള്ള ഭാഗങ്ങളിൽ രോമത്തിന് ഇളംചുവപ്പ് നിറം, ത്വക്കിലെ കറുത്ത രോമങ്ങൾക്ക് ചെന്പൻനിറം.
മൂത്രത്തിന് ഇടയ്ക്കിടെയോ സ്ഥിരമായോ മഞ്ഞ, ഇളം കാപ്പി, കട്ടൻ കാപ്പി നിറം എന്നിങ്ങനെ നിറവ്യത്യാസം. മൂത്രം ഒഴിക്കുന്പോൾ അമിതമായി പതയൽ, നടക്കുന്പോൾ പിൻകാലുകൾക്ക് ബലക്ഷയം, മുടന്ത്, സന്ധികളിൽ വേദന, എഴുന്നേൽക്കുന്നതിനോ കിടക്കുന്നതിനോ ബുദ്ധിമുട്ട്, കൂടുതൽ സമയം കിടക്കാനുള്ള പ്രവണത, പ്രസവത്തെതുടർന്ന് വീണുപോവുന്ന പശുക്കൾക്ക് കാത്സ്യം നൽകുന്നത് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയാലും എഴുന്നേൽക്കാതിരിക്കൽ.
പശുക്കളുടെ ശരീരത്തിൽ പ്രത്യേകിച്ച് രോമം കുറഞ്ഞ ഭാഗങ്ങളിലും ചെവിയുടെ അറ്റത്തുമെല്ലാം ധാരാളം പട്ടുണ്ണികളുടെ സാന്നിധ്യം.
തൈലേറിയ ബാധിച്ച ഗർഭിണിപശുക്കളിൽ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതൽ തീവ്രമാവാനും പ്രസവത്തെ തുടർന്ന് പശുക്കൾ വീണുപോവാനും സാധ്യതയുണ്ട്. പശുക്കളുടെ ഗർഭമലസാനുമിടയുണ്ട്.
തൈലേറിയയെ തൊഴുത്തിന് പുറത്തുനിർത്താൻ
രോഗം സംശയിച്ചാൽ രോഗനിർണയത്തിനും ചികിത്സകൾക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടൻ തേടണം. സ്വയം ചികിത്സയോ മുറിവൈദ്യമോ അരുത്. സമാന രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മറ്റു രോഗങ്ങളിൽനിന്നെല്ലാം തൈലേറിയയെ പ്രത്യേകം വേർതിരിച്ച് മനസിലാക്കി ചികിത്സ നൽകേണ്ടതുണ്ട്.
ചിലപ്പോൾ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും അതനുസരിച്ച് ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
കൃത്യമായ മരുന്നുകൾ നൽകി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണനിലവാരമുള്ളതും ചീലേറ്റഡ് വിഭാഗത്തിൽപെട്ടതുമായ ധാതുലവണ മിശ്രിതം നൽകാവുന്നതാണ്.
അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും പോറലുകൾ പരിഹരിക്കാനും നല്ലൊരു നോണ് ഹെർബൽ ലിവർ ടോണിക് കൂടി തീറ്റയിൽ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തണം. രോഗം ഭേദമായതിന് മൂന്നാഴ്ചകൾക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
തീവ്രരോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ നിശബ്ദരൂപത്തിലും (കാരിയർ) പശുക്കളിൽ തൈലേറിയ രോഗം കാണാറുണ്ട്. എന്നാലിത് ക്രമേണ പ്രത്യുത്പദനക്ഷമതയെയും ഉത്പാദന മികവിനെയുമെല്ലാം ബാധിക്കും. മറ്റു പശുക്കളിലേക്കു രോഗവ്യാപനത്തിനും കാരണമാവും.
തൈലേറിയ രോഗാണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിച്ച് ഫാമുകളിൽ രക്തപരിശോധന നടത്തുന്നത് ഉചിതമായ നിയന്ത്രണ മാർഗമാണ്.
ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുന്പോൾ ചുരുങ്ങിയത് മൂന്നാഴ്ചക്കാലം പ്രത്യേകം മാറ്റി പാർപ്പിച്ച് (ക്വാറന്റെൻ) നിരീക്ഷിക്കാനും രക്തം പരിശോധിച്ച് തൈലേറിയ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം മറ്റു പശുക്കൾക്കൊപ്പം ചേർക്കാനും ശ്രദ്ധിക്കണം.
തൈലേറിയ രോഗം ഗുരുതരമായി ബാധിച്ച പശുക്കൾ ചിലപ്പോൾ പ്രസവത്തോടനുബന്ധിച്ചും മറ്റും വീണു കിടപ്പിലാവാറുണ്ട്. ഇങ്ങനെ വീഴുന്ന പശുക്കളെ ഹിപ് ലോക്ക് / കൗ ലിഫ്റ്റർ ഉപയോഗിച്ച് ബലമായി പൊക്കി നിർത്താൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്താൽ പശുക്കൾ അധികം താമസിയാതെ ശ്വാസകോശം തിങ്ങി വീങ്ങി ദാരുണമായി മരണപ്പെടും.
പ്രിമ്യൂണിറ്റി തുണ
പനി, ക്ഷീണം ശ്വാസതടസം, ചുമ, വയറിളക്കം പാലുത്പാദനത്തിൽ കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കാണപ്പെടാതെയുള്ള നേരിയ തോതിൽ മാത്രമുള്ള തെലേറിയ രോഗബാധയിൽ പ്രത്യേകം മരുന്നുപയോഗിച്ച് ചികിൽസിക്കേണ്ടതില്ല.
ചെറിയ തോതിലുള്ള തൈലേറിയ അണുബാധ കൂടുതൽ ഗുരുതരമായ അണുബാധയെ തടയുന്ന പ്രിമ്യൂണിറ്റി എന്നൊരു പ്രതിഭാസമുണ്ട്. ഇതാണു കർഷകന് തുണയാവുന്നത്. ചെറിയ രോഗബാധ കാണുന്ന പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മെഥോചീലേറ്റഡ് വിഭാഗത്തിൽ പെട്ടതും ഒരു കിലോയിൽ 9000 മില്ലിഗ്രാം എങ്കിലും സിങ്ക് എന്ന മൂലകം അടങ്ങിയതുമായ ധാതുലവണ മിശ്രിതം 50 ഗ്രാം വീതം ദിവസവും നൽകാവുന്നതാണ്.
സിങ്ക് മൂലകത്തിനൊപ്പം കോപ്പർ, സെലീനിയം, അയഡിൻ, മംഗനീസ് തുടങ്ങിയ ഘടകങ്ങളും ധാതുലവണ മിശ്രിതത്തിൽ ഉണ്ടെന്നത് ഉറപ്പാക്കണം. അതോടൊപ്പം കരളിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാൻ സിലിമാരിൻ, കോളിൻ ക്ലോറൈഡ് എന്നീഘടകങ്ങൾ അടങ്ങിയ നല്ലൊരു നോണ് ഹെർബൽ ലിവർ കൂടി തീറ്റയിൽ ഉൾപ്പെടുത്തണം.
രക്തം കുറവാണെങ്കിൽ ഇരുന്പു സത്ത് അടങ്ങിയിട്ടില്ലാത്ത ടോണിക്കുകൾ നൽകാം . ഇരുന്പ് സത്ത് കരൾവീക്കവും മഞ്ഞപ്പിത്തവും കൂട്ടാൻ ഇടയാക്കും .
തടയാൻ വാക്സിനുണ്ട്, പക്ഷെ
തൈലേറിയക്കെതിരായ പ്രതിരോധ വാക്സിനുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ തൈലേറിയ ഓറിയെന്റലിസ് എന്നയിനം രോഗാണുവിനെതിരെ വാക്സിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല. രോഗത്തെ തടയാനുള്ള ഏറ്റവും ഉത്തമ മാർഗം രോഗം പടർത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്.
ഇതിനായി മരുന്ന് പ്രയോഗം മുതൽ തറയിലും ഭിത്തിയിലും ചൂട് പിടിപ്പിക്കൽ വരെ മാർഗങ്ങൾ പലതുണ്ട്. പട്ടുണ്ണിനാശിനി മരുന്നുകൾ ആണുപയോഗിക്കുന്നതെങ്കിൽ അവ നിർദേശിക്കപ്പെട്ട അളവിൽ, കൃത്യമായ ഇടവേളകളിൽ പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും പ്രയോഗിക്കണം.
ഡോക്ടറുടെ നിർദേശപ്രകാരം അനിയോജ്യമായ ഒരു പട്ടുണ്ണിനാശിനി തെരഞ്ഞെടുക്കാം. ഓരോ തവണയും മുന്പ് ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായ പട്ടുണ്ണി കീടനാശിനികൾ വേണം ഉപയോഗിക്കാൻ, പട്ടുണ്ണികൾ മരുന്നിനെതിരെ പ്രതിരോധശേഷിയാർജിക്കുന്നത് തടയാനാണിത്.
കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികൾ പ്രയോഗിക്കാൻ മറക്കരുത്. കീടനിയന്ത്രണ ലേപനങ്ങൾ നിർദേശിച്ചിരിക്കുന്ന അതേ അളവിലും ഗാഡതയിലും ചേർത്തു പ്രയോഗിക്കേണ്ടത് പ്രധാനമാണ്.
ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും പശുവിന്റെ ശരീരവുമായി സന്പർക്കത്തിലേർപ്പെടേണ്ടത് മരുന്നിന്റെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. ലേപനങ്ങൾ മേനിയിൽ തളിച്ച ശേഷം അരമണിക്കൂറെങ്കിലും പശുവിനെ തണലിൽ പാർപ്പിക്കണം.
ഉടൻ വെയിൽ കൊള്ളുന്ന പക്ഷം തൊലിപ്പുറത്തെ മരുന്ന് നിർവീര്യമാവാൻ സാധ്യതയുണ്ട്. പശുക്കളുടെ ശരീരത്തിൽ പ്രയോഗിച്ചതിന്റെ ഇരട്ടി ഗാഢതയിൽ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചു തൊഴുത്തിലും പരിസരത്തും തളിക്കണം.
ഇങ്ങനെ ചെയ്യുന്പോൾ തറയിലെയും ഭിത്തിയിലെയുമെല്ലാം ചെറുസുഷിരങ്ങളിലും വിള്ളലുകളിലും മരുന്നെത്താൻ ശ്രദ്ധിക്കണം. പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാർവകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്.
പച്ചക്കറികൃഷിയിൽ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനികളും പട്ടുണ്ണി നിയന്ത്രണത്തിന് ഉപയോഗിക്കാവുന്നതാണ്. ബാഹ്യപരാദങ്ങൾക്കെതിരായ മരുന്നുകൾ ചേർത്ത് തൊഴുത്തിന്റെ ഭിത്തികളിൽ വെള്ളപൂശുകയും ചെയ്യാം.
ഫോണ്: 9495187522
ഡോ. എം. മുഹമ്മദ് ആസിഫ്
(വെറ്ററിനറി സർജൻ, പെരുന്പടവ്, കണ്ണൂർ)