കർഷകരെ കൃഷിയിൽ പിടിച്ച് നിർത്താൻ എഫ്പിഒ
Friday, December 8, 2023 4:50 PM IST
കർഷകരെ കൃഷിയിൽ പിടിച്ച് നിർത്താനും കൂടുതൽ വരുമാനം ലക്ഷ്യമിട്ടും ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷൻ (എഫ്പിഒ) എല്ലാ ജില്ലകളിലും രൂപീകരിക്കാൻ തീരുമാനം.
പാലക്കാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇപ്പോൾ തന്നെ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. രാസവളങ്ങളുടെയും കീടനാശിനികളുടെയും അതിപ്രസരം ഒഴിവാക്കിയാണു കേരളത്തിൽ വലിയൊരു വിഭാഗം കർഷകർ ഇപ്പോൾ തന്നെ കൃഷിയിറക്കുന്നത്.
ചക്ക, മാങ്ങ എന്നിവ ധാരാളം വിളയുന്നുണ്ടെങ്കിലും അതിന്റെ നാലിലൊരു ഭാഗം പോലും മൂല്യവർധിത ഉത്പന്നങ്ങളാക്കാനോ വിപണിയിൽ എത്തിക്കാനോ കഴിയുന്നില്ല. ഉത്പാദനവും ഭൂമിയുടെ ശാസ്ത്രീയമായ അറിവും പ്രത്യേകതകളും കണക്കിലെടുത്താകും ഓരോ യൂണിറ്റും കൈകാര്യം ചെയ്യേണ്ട വിളകൾ തീരുമാനിക്കുന്നത്.
എഫ്പിഒകൾ എന്നാലെന്ത്?
കർഷകരും കർഷക തൊഴിലാളികളും അവരുടെ ഉടമസ്ഥതയിൽ അവർ തന്നെ ഭരണ നിർവഹണം നടത്തുന്ന ഉത്പാദന സംഘങ്ങളാണ് എഫ്പിഒ (ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് ഓർഗനൈസേഷൻ). കൃഷി, അനുബന്ധ മേഖലകൾ എന്നിവയ്ക്കായി സംഘം രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിക്കാം.
ഉത്പാദകർ ഈ സംഘങ്ങളിലെ ഓഹരി ഉടമകൾ ആയിരിക്കും. അനുബന്ധ മേഖലകളിൽ പശു, ആട്, കോഴി, തേനീച്ച തുടങ്ങിയവയും കൂട്ടിച്ചേർക്കാം. സംഘത്തിന്റെ ലാഭം ഓഹരി ഉടമകൾക്കായി വീതിച്ചു നൽകും. ബാക്കി സംഘത്തിന്റെ ശാക്തീകരണത്തിനും.
സംഘാടനം
ഒരു സംഘത്തിൽ 300 മുതൽ 500 വരെ അംഗങ്ങൾ വേണം. ഒരു പഞ്ചായത്തിൽ അടുത്തടുത്തുള്ള ഗ്രാമങ്ങളിലെ കർഷകരും, കർഷകത്തൊഴിലാളികളും അംഗങ്ങളാകുന്നതാണ് ഉചിതം.
വർഷത്തിൽ 12 മാസവും ഉത്പാദന, മൂല്യവർധന, വിപണ സാധ്യതകൾ ഉണ്ടായിരിക്കണം. കാർഷിക ക്ലബുകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവയിലൂടെ കൂട്ടായ്മയും സംഘശക്തിയും അനുഭവിച്ചറിഞ്ഞവരായാൽ ഏറെ നല്ലത്.
കന്പനീസ് ആക്ട്, ട്രസ്റ്റ് ആക്ട്, സഹകരണ നിയമം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ എഫ്പിഒകൾ രജിസ്റ്റർ ചെയ്തിരിക്കണം. നബാർധ്, നാഫെഡ്, എൻസിഡിസി, എസ്എഫ്എസി എന്നിവയിൽ ഒന്നിൽ എഫ്.പി.ഒ.കൾ ബന്ധിപ്പിച്ചിരിക്കുകയും വേണം.
ആവശ്യകത
എഫ്പിഒകളുടെ പ്രവർത്തന ഫലമായി കൃഷിക്കാർക്ക് വിളയുടെ സംരക്ഷണം ലഭിക്കും. ഇടത്തട്ടുക്കാർ ഒഴിവാക്കപ്പെടും. ഉത്പാദന ക്ഷമതയുടെ വർധനയുണ്ടാകും. മൂല്യവർധിത ഉത്പാദനങ്ങൾ ഉണ്ടാക്കാൻ കഴിയും.
കൃഷി അനുബന്ധമേഖലകളിൽ സാങ്കേതിക വിദ്യകളുടെ വ്യാപനം ഉറപ്പാക്കാം. കൃഷി വൈവിദ്ധീകരിക്കപ്പെടും. നൈപുണ്യ വികസനം ഏറെ വർധിക്കുകയും ചെയ്യും.
വായ്പകൾ
കേരള ബാങ്കിൽ നിന്ന് ഒരു എഫ്.പി.ഒ.യ്ക്ക് പരമാവധി 60,00,000 രൂപ വരെ വായ്പ നൽകും. പ്രാദേശിക സഹകരണ സംഘങ്ങൾ വഴി, വർക്കിംഗ് ക്യാപിറ്റലായോ, ടേം ലോണ്‍ ആയോ പ്രൊജക്ടിന്റെ 80% വരെയും ലോണ്‍ അനുവദിക്കും.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ എസ്എഫ്എസിയും നബാർഡും എഫ്പിഒകളുടെ വിവിധ ലോണുകൾക്ക് ഗാരണ്ടി നൽകും. ഇതിനുവേണ്ടി വളരെ നാമ മാത്രമായ തുകയാണ് എഫ്പിഒകൾ ഗാരന്റി ഫീസ് ഇനത്തിൽ നൽകേണ്ടത്. ഈടില്ലാത്ത ബാങ്ക് ലോണ്‍ ലഭ്യമാക്കാൻ ക്രഡിറ്റ് ഗാരന്റി നൽകിയും സഹായിക്കും.
അനന്ത സാധ്യതകൾ
എഫ്പിഒകളുടെ പ്രവർത്തനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വൈവിദ്ധീകരണമാണ്. ഇ-മാർക്കറ്റിംഗ് വളരെ പ്രധാനമാണ്. മെച്ചപ്പെട്ട കയറ്റുമതിയിലൂടെ കൃഷിക്കാർക്ക് അധികവരുമാനം പ്രതീക്ഷിക്കാം.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതുമൂലം വരുമാനം കൂടുതൽ ഉണ്ടാകും. നൈപുണ്യ വികസനം മറ്റൊരു നേട്ടം തന്നെയാണ്.
സാങ്കേതിക സഹായം
തിരുവനന്തപുരത്തെ സിറ്റിസിആർഐ, കുമരകത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, സ്പൈസസ് ബോർഡ്, അുലറമ, അറമസ, മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ കർഷകർക്കും, കാർഷിക തൊഴിലാളികൾക്കും സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളം നൽകും.
മൂല്യവർധിത ഉത്പന്നങ്ങൾക്കായി രൂപീകരിക്കപ്പെട്ട പ്രധാന കന്പനികൾ
കുട്ടനാട് ആഗ്രോ പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, കടലോര ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, കാലടി ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, മൂവാറ്റുപുഴ ആഗ്രോ പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, കണ്ണൂർ ഗോട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, മലപ്പുറം ഇമസ്ത്രീ മിൽക്ക് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്, ഗ്രീൻ കൊല്ലം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡ്.
അഡ്വ. ജി.വി. ജയൻ
(റിട്ട. ഡെപ്യുട്ടി കളക്ടർ)