വാത്തകളുടെ വളർത്തലും പരിചരണവും
Thursday, December 7, 2023 12:40 PM IST
തീറ്റ
വാത്തകൾ തീറ്റ സ്വയം തേടുന്നവയായതിനാൽ പകൽ കൂട്ടിൽനിന്നു പുറത്തു വിടുകയും രാത്രിയിൽ തിരിച്ചു കയറ്റുന്നതുമാണു നല്ലത്. ഇവയുടെ തീറ്റച്ചെലവ് വളരെ കുറവാണ്.
പുല്ല്, അടുക്കള മാലിന്യങ്ങൾ, പച്ചക്കറികൾ, മണ്ണിരകൾ, ചിലന്തികൾ, പല്ലികൾ, ഒച്ചുകൾ എന്നിവയാണു പ്രധാന ഭക്ഷണം. കാബേജ്, കോളിഫ്ളവർ ഇലകൾ, ചീര, ഗോതന്പ് അല്ലെങ്കിൽ കോഴിത്തീറ്റ എന്നിവ കൊടുത്തും വളർത്താം.
പ്രാണികൾ, കളകൾ പോലെയുള്ള പച്ച സസ്യങ്ങൾ, മരത്തിന്റെ പുറംതൊലി തുടങ്ങി ഇഷ്ടമുള്ള തീറ്റ തെരഞ്ഞെടുക്കാനും വിഹരിക്കാനും വിശാലമായ സ്ഥലം നൽകണം.
ഇണചേരാനും പൂർണ ആരോഗ്യമുള്ളവരായിരിക്കാനും ഓരോ വാത്തയ്ക്കും പ്രതിദിനം 160 ഗ്രാം തീറ്റയെങ്കിലും ആവശ്യമാണ്. ശുദ്ധമായ കുടിവെള്ളവും ഉറപ്പാക്കണം.
തീറ്റക്രമം
6-8 ആഴ്ച പ്രായമായാൽ കുഞ്ഞുങ്ങളെ തുറന്നുവിടാം. മൂന്നാഴ്ച വരെയുള്ള തീറ്റയിൽ 20% മാംസ്യം വേണം. തീറ്റ തരി രൂപത്തിൽ നൽകുന്നതാണ് ഉത്തമം.
12 ആഴ്ച പ്രായമാകുന്നതുവരെ ആഴ്ചയിൽ 0.5 മുതൽ ഒരു കിലോ വരെ മാത്രം തീറ്റ മതി. ഈ പ്രായത്തിൽ തീറ്റയിൽ 15% മാംസമുണ്ടായിരിക്കണം. ഗോതന്പ്, ചോളം, തവിട്, പിണ്ണാക്കുകൾ എന്നിവ ഉപയോഗിച്ച് തീറ്റയുണ്ടാക്കാം.
മൂന്നാഴ്ച വരെ ധാന്യങ്ങളുടെ 40% തരി രൂപത്തിൽ നൽകണം. തുടർന്ന് തരികൾ 60% ആയി വർധിപ്പിക്കാം. മുതിർന്ന വാത്തകൾക്ക് മണലിന്റെ കൂടെയുള്ള ചെറു പാറക്കഷണങ്ങൾ നൽകാം. ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടിൽ വേണം.
അടുക്കളയിലെ അവശിഷ്ടങ്ങളായ പച്ചക്കറി വേസ്റ്റ്, എല്ല്, പാഴായിക്കളയുന്ന ഇറച്ചി എന്നിവ ഒന്നിച്ചു വേവിച്ച് ഉൗറ്റിയെടുക്കുന്ന വെള്ളം തീറ്റയുടെ കൂടെച്ചേർത്തു കൊടുക്കുന്നതു നല്ലതാണ്. വാത്തതീറ്റ ലഭ്യമല്ലെങ്കിൽ കോഴിത്തീറ്റ നൽകിയും വളർത്താം.
വളർത്തലും പ്രജനനവും
കോഴി, താറാവ്, ടർക്കി എന്നിവയിൽനിന്നു വ്യത്യസ്തമായ ലൈംഗിക സ്വഭാവമാണ് വാത്തകൾക്കുള്ളത്. പരിചയമില്ലാത്ത പൂവനും പിടയും തമ്മിൽ കണ്ടാൽ യാതൊരു ലൈംഗിക ചേഷ്ടയും കാണിക്കാറില്ല.
പ്രത്യുത്പാദനശേഷിയുള്ള മുട്ട ലഭിക്കണമെങ്കിൽ ചുരുങ്ങിയത് ആറാഴ്ചയെങ്കിലും ഇടപഴകാൻ അനുവദിക്കണം. വർഷത്തോളം ഉത്പാദന ക്ഷമത നിലനിർത്തുന്നതിനുള്ള കഴിവ് ഇവയ്ക്കുണ്ട്. നാല് പിടകൾക്ക് ഒരു പൂവൻ എന്നതാണ് കണക്ക്.
ഇണകളെ പൂവൻമാർ സ്വയം തിരഞ്ഞെടുക്കും.ഒരാണും മൂന്നു പെണ്ണും ചേരുന്നതാണ് ഒരു ബ്രീഡിംഗ് സെറ്റ്. വലിപ്പം കുറഞ്ഞ ഇനങ്ങളിൽ അഞ്ചു പെണ്ണു വരെയാകാം.
വൃത്തിയുടെ കാര്യത്തിൽ മറ്റു ജല പക്ഷികളേക്കാൾ ഇവ മുന്നിലാണ്. സ്വന്തം ശരീരം മാത്രമല്ല, പരിസരവും അവ എപ്പോഴും വൃത്തിയാക്കും. വൃത്തിഹീനമായ സ്ഥലത്ത് കഴിയാൻ ഇഷ്ടപ്പെടുന്നില്ല. വെള്ളത്തിലാണ് ഇണചേരൽ.
ജനുവരി, ഓഗസ്റ്റ് മാസങ്ങളിലാണ് മുട്ടയിടുന്നത്. ആറു മാസം പ്രായമാകുന്പോൾ മുട്ടയിടുമെങ്കിലും അത് വിരിയിക്കാൻ പറ്റിയതല്ല. ബ്രീഡിംഗ് സ്റ്റോക്കിൽപ്പെട്ടതും രണ്ടു വർഷം പ്രായമെത്തിയതും ആയവയുടെ മുട്ടകളാണ് വിരിയിക്കാൻ ഉത്തമം.
പ്രതിവർഷം 30 മുതൽ 50 വരെ മുട്ടകൾ കിട്ടും. വിരിയാൻ 30 മുതൽ 35 ദിവസം വേണം. മുട്ടയുടെ തോടിന് നല്ല കനം ഉള്ളതിനാൽ എല്ലാ മുട്ടകളും വിരിയാൻ സാധ്യത കുറവാണ്. ഒരു മുട്ടയുടെ ഭാരം ഏകദേശം 140 ഗ്രാം വരും.
ശരാശരി ഒന്നര വർഷത്തിനുള്ളിൽ പ്രായപൂർത്തിയാകും. ഒരു ഗൂസിന്റെ ജീവിതചക്രം ഏകദേശം 20- 30 വർഷമാണ്. 12 വർഷം വരെ ഇവയെ പ്രജനനത്തിന് ഉപയോഗിക്കാം.
കാവൽക്കാരൻ
വളർത്തുപക്ഷികളിൽ വച്ച് ഏറ്റവും ആക്രമണ സ്വഭാവമുള്ള വാത്തകൾക്കു പരിശീലനം നൽകി കാവൽ ജോലിക്കു നിയോഗിക്കാറുണ്ട്. അപരിചിതൻ വീട്ടുവളപ്പിൽ പ്രവേശിക്കുന്പോൾ ശബ്ദമുണ്ടാക്കി ഉടമകൾക്കു മുന്നറിയിപ്പ് നൽകുന്നതാണ് രീതി.
പാർപ്പിടം
കോഴികൾക്കു വേണ്ടതുപോലെ സങ്കീർണമായ പാർപ്പിടം വാത്തകൾക്ക് ആവശ്യമില്ല. അഞ്ചു വാത്തകൾക്ക് ഒരു ചതുരശ്രമീറ്റർ വിസ്തൃതിയിൽ നല്ല വായു സഞ്ചാരമുള്ളതും തറയിൽ ഈർപ്പം തങ്ങി നിൽക്കാത്ത വൃത്തിയുള്ളതുമായ കൂടാണ് വേണ്ടത്.
ബ്രീഡിംഗ് സീസണിൽ മുട്ടയിടുന്നതിനുള്ള സംവിധാനം നൽകണം. 75 സെ.മീ. ഃ 50 സെ.മീ. ഃ 25 സെ.മീ. അളവിലുള്ള നെസ്റ്റ് ബോക്സുകൾ 3 പെണ് വാത്തകൾക്ക് ഒരെണ്ണം വീതം വൈക്കോൽ നിറച്ച് വയ്ക്കാം. കൂട്ടിലടച്ച ചുറ്റുപാടുകൾ അവയുടെ പ്രത്യുത്പാദനത്തെ മന്ദഗതിയിലാക്കും.
നല്ല തണൽ നൽകിയാൽ പുറത്തും നന്നായി അതിജീവിക്കാൻ കഴിയും. നീന്താൻ ഇഷ്ടമായതിനാൽ കുളവും അടുത്തുണ്ടാവണം.

മുട്ട സംരക്ഷണം
രാത്രി ഒന്പതിനും രാവിലെ അഞ്ചിനും ഇടയിലാണ് സാധാരണ മുട്ടയിടുന്നത്. ചിലപ്പോൾ പകൽ സമയത്തും ഇടാറുണ്ട്. അതുകൊണ്ട് രാവിലെയും വൈകുന്നേരവും മുട്ട ശേഖരിക്കണം.
വിരിയിക്കാനായി ഉപയോഗിക്കുന്ന മുട്ടകൾ 12 ഡിഗ്രി സെൽഷ്യൽ മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിൽ പത്തു ദിവസംവരെ കേടുവരാതെ സൂക്ഷിക്കാം. മുട്ടകൾ ദീർഘനാൾ നിശ്ചലമായി വച്ചാൽ ഭ്രൂണത്തിന് കേടുവരാനിടയുണ്ട്.
അതിനാൽ മുട്ടയുടെ വായു അറയുള്ള ഭാഗം അതായത് വ്യാസംകൂടിയ വശം അല്പം മുകളിലേക്ക് വരത്തക്ക രീതിയിൽ മുട്ടകൾ സൂക്ഷിക്കുകയും എല്ലാ ദിവസവും അനക്കി വയ്ക്കുന്നതും കൂടുതൽ എണ്ണം മുട്ടകൾ വിരിഞ്ഞുകിട്ടാൻ സഹായിക്കും. വാത്തകൾ അടയിരിക്കാറുണ്ടെങ്കിലും ഇൻകുബേറ്ററും ഉപയോഗിക്കാം.
മുട്ട വിരിയിരിക്കാൻ
ചെളി പുരട്ട മുട്ടകൾ ചെറു ചൂടുവെള്ളത്തിൽ മുക്കി തുടച്ചു വയ്ക്കണം. ഈർപ്പം മാറ്റിയശേഷം 10 ദിവസം വരെ മുട്ട സൂക്ഷിക്കാം. 10 ദിവസത്തിനുശേഷം അട വയ്ക്കാവുന്നതാണ്. പിടകൾ അടയിരിക്കും.
അടച്ച കൂടുകളിലാണ് അടയിരുത്തേണ്ടത്. തീറ്റ തിന്നാനായി ദിവസം ഒരു തവണ തുറന്നു വിടണം. അടയിരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതെ മരണം വരിക്കുന്നത് ഇവയുടെ ശീലമാണ്.
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു പുറത്തിറങ്ങാൻ കെല്പുണ്ടെങ്കിൽ അവയെ കൂടിനു പുറത്തു വിടാം. പൊരുന്നക്കോഴികളെ ഉപയോഗിച്ചും മുട്ടകൾ വിരിയിക്കാം. പൊരുന്ന കോഴികൾ അടയിരിക്കുന്ന കൂടിന്റെ അടിഭാഗം മണ്തറയാക്കുന്നതാണ് ഈർപ്പം നിലനിർത്താൻ അനുയോജ്യം.
ഇതിനുള്ളിൽ ഉണക്കപ്പുല്ലോ വൈക്കോലോ വിരിച്ച്, വിരിപ്പ് തയാറാക്കാം. മുട്ടകളുടെ വലിപ്പമനുസരിച്ച് നാലു മുതൽ ആറു മുട്ടകൾ വരെ ഒരു കോഴിക്ക് അട വയ്ക്കാം. ദിവസം ഒരു തവണ മാത്രമേ കോഴിയെ പുറത്തിറങ്ങാൻ അനുവദിക്കാവൂ.
പുറത്തിറങ്ങുന്ന സമയത്ത് കുടിന്റെ മൂലയിൽ ഒരു കപ്പ് വെള്ളമൊഴിക്കണം. കൂട്ടിൽ ഈർപ്പം നിലനിർത്താൻ വേണ്ടിയാണിത്. അടമുട്ട കോഴികൾ സ്വയം വശം തിരിക്കുന്നില്ലെങ്കിൽ ആ ജോലി നാം ചെയ്യണം.
പെൻസിൽ കൊണ്ട് മുട്ടത്തോടിന്റെ പുറത്ത് അടയാളമുണ്ടാക്കിയാൽ തെറ്റാതെ വശം തിരിക്കാൻ കഴിയും. ഇൻകുബേറ്ററിൽ മുട്ട വിരിയിക്കുകയാണെങ്കിൽ ഇതിൽ 28-30 ദിവസങ്ങൾ വരെ 39.5 ഡിഗ്രി സെന്റിഗ്രേഡിൽ താപം ലഭ്യമാക്കണം. 12 മണിക്കൂർ ഇടവിട്ട് ദിവസം 2 പ്രാവശ്യം മുട്ടകൾ വശം തിരിച്ചുവയ്ക്കണം.
ലിംഗനിർണയം
കുഞ്ഞുങ്ങൾക്ക് ഒരു ദിവസം പ്രായമായാൽ പൂവനെയും പിടയെയും വേർതിരിക്കാം. ഇതിനായി കുഞ്ഞിനെ തല താഴോട്ട്, താഴ്ത്തി, നെഞ്ച് ഉള്ളം കൈയോടു ചേർത്തു വരത്തക്കവണ്ണം പിടിക്കുക.
വലതു കൈയിലെ ചൂണ്ടുവിരലിന്റെ മധ്യസന്ധിക്കു പിറകുവശം വാലിനു തൊട്ടുതാഴെ വച്ച് തള്ളവിരലിന്റെ സഹായത്തോടെ പിറകോട്ടും താഴോട്ടുമായി വലിക്കുക. അതേ സമയം ഇടതുകൈയ്യിലെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് അവസ്കരം വികസിപ്പിക്കുകയും വേണം.
പൂവനാണെങ്കിൽ മൂന്ന് മില്ലിമീറ്റർ വലുപ്പത്തിൽ ലൈംഗികാവയവം ഉന്തി നിൽക്കുന്നതു കാണാം. പരിശീലനം ലഭിച്ചവർ മാത്രമേ ലിംഗ നിർണയം നടത്താവൂ.

ആണിനെയും പെണ്ണിനേയും തിരിച്ചറിയാം
ആണ് വാത്തകൾക്ക് വൃത്താകൃതിയിലുള്ള വാൽ തൂവൽ ഉണ്ട്, പെണ്പക്ഷികൾക്ക് അത് കൂർത്തതായിരിക്കും. ആണിന്റെ കൊക്ക് (ബിൽസ്) ചെറിയ വൃത്താകൃതിയിൽ കാണുന്നു. പെണ്ണിന് നീണ്ട കൂർത്ത കൊക്കുകളാണ്. പെണ്പക്ഷികളുടെ കഴുത്ത് ചെറുതും മെലിഞ്ഞതുമാണ്.
നേരെമറിച്ച്, ആണ് പക്ഷികളുടേത് നീളമുള്ളതും കട്ടിയുള്ളതുമാണ്. ആണ്പക്ഷി പെണ്ണിനേക്കാൾ വലുതായിരിക്കും. എന്നാൽ, പ്രായപൂർത്തിയായ പെണ് വാത്തയെക്കാൾ ചെറുതായിരിക്കും പ്രായം കുറഞ്ഞ ആണ് വാത്തകൾ.
പെണ് വാത്തകൾ കൂടുതൽ ഭീരുത്വമുള്ളവയും ആണിന്റെ പിന്നിൽ നിൽക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവയാണ്. ആണ് വാത്തകൾക്ക് പെണിനെക്കാൾ ഉയർന്ന ശബ്ദമുണ്ടാകും.
ബ്രൂഡിംഗ്
തള്ള വാത്തകളോ കോഴിയോ കുഞ്ഞുങ്ങളെ വളർത്തും. പക്ഷേ, ആദ്യ തൂവൽ വരുന്നവയെ നനഞ്ഞ പുല്ലിൽ വിടുന്നതു നല്ലതല്ല. കോഴിക്കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്ന കൃത്രിമ ബ്രൂഡറുകൾ ഉപയോഗിച്ചും വാത്ത കുഞ്ഞുങ്ങളെ വളർത്താം. 38 ഡിഗ്രി സെന്റിഗ്രേഡ് ചൂട് ലഭ്യമാക്കണം. ഒരു കുഞ്ഞിന് 15 സെ.മീ. സ്ഥലം മതിയാകും.
കുഞ്ഞുങ്ങളുടെ സംരക്ഷണം
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ആദ്യ ദിവസം തന്നെ തീറ്റ തേടാൻ പ്രാപ്തരായിരിക്കും മൂന്നാഴ്ചക്കാലം നല്ല പരിചരണം നൽകണം. ആദ്യ ആഴ്ച ബ്രൂഡറിൽ കോഴിക്കുഞ്ഞുങ്ങൾക്കുള്ള സ്റ്റാർട്ടർ തീറ്റ നൽകി 33 ഡിഗ്രി സെൽഷ്യസ് ചൂടും ആവശ്യാനുസരണം വെള്ളവും വെളിച്ചവും ക്രമീകരിക്കണം.
മൃദുവായ പുല്ലരിഞ്ഞത് നൽകാം. രണ്ടാമത്തെ ആഴ്ച മുതൽ കൃത്രിമ ചൂട് വേണ്ടി വരാറില്ല. മൂന്നാഴ്ചയോടെ തുറന്നുവിട്ടു വളർത്താം. മിതമായ അളവിൽ ഗ്രോവർ തീറ്റ നൽകിത്തുടങ്ങാം. അല്ലെങ്കിൽ വേവിച്ച മത്സ്യം, അരി തവിട്, നുറുക്കിയ അരി, സോയ, ചോളം എന്നിവയും ആവശ്യത്തിന് നൽകാം.
മാംസാവശ്യത്തിനുള്ള വാത്തകൾക്ക് നന്നായി തീറ്റ നൽകിയാൽ 8-10 ആഴ്ചയാകുന്പോൾ 46 കിലോ തൂക്കം വരും. 10-12 ആഴ്ചയോടെ ഇറച്ചിക്കായി വിൽക്കാം.
മാംസം തയാറാക്കൽ
12 ആഴ്ച പ്രായത്തിലാണു കശാപ്പ് ചെയ്യുന്നത്. കശാപ്പിനു 12 മണിക്കൂർ മുന്പു തന്നെ തീറ്റ നിർത്തണം. വെള്ളം മാത്രം നൽകിയാൽ മതി. കാലുകൾ മുകളിലാക്കി കെട്ടിത്തൂക്കി കൊക്കിന്റെ അടിഭാഗത്തുവച്ച് രക്തക്കുഴൽ മുറിക്കണം.
രക്തം വാർന്നു തീർന്നശേഷം 145 ഡിഗ്രി ഫാരാൻ ഹീറ്റ് ചൂടുവെള്ളത്തിൽ 12 മിനിറ്റ് മുക്കിപ്പിടിക്കണം. ഒരു കൈകൊണ്ട് കൊക്കിലും മറ്റേ കൈകൊണ്ടു കാലുകളിലും ബലമായിപ്പിടിച്ചുവേണം വെള്ളത്തിൽ താഴ്ത്തേണ്ടത്.
തുടർന്ന് തൂവൽ പറിച്ചു മാറ്റണം. ടർക്കി ഇറച്ചി തയാറാക്കുന്നവിധം വാത്തയിറച്ചിയും തയാറാക്കാം. വാത്തയുടെ കരളിന് നല്ല രുചിയാണ്.
ഫോണ്: 9947452708
ഡോ. എം. ഗംഗാധരൻ നായർ
(മുൻ ഡെപ്യൂട്ടി ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്)