ഇറച്ചിക്കോഴിവളർത്തൽ പ്രശ്നങ്ങളും സാധ്യതകളും!
Tuesday, October 17, 2023 3:15 PM IST
കേരളത്തിലെ ഇറച്ചിക്കോഴി വളർത്തലിന് ഏറെസാധ്യതകളുണ്ടെങ്കിലും പ്രശ്നങ്ങളുമേറെയുണ്ട്. കർഷകരും സംരംഭകരുമടക്കം കേരളത്തിൽ അഞ്ചു ലക്ഷത്തോളം പേരുടെ ജീവനോപാധിയാണിത്.
തീറ്റച്ചെലവിലും ഉത്പാദനച്ചെലവിലുമുണ്ടായ ഭീമമായ വർധനവ്, തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വർധിച്ച വില, കടുത്ത വിപണന സമ്മർദം, വർധിച്ച നികുതി, കാലവസ്ഥ വ്യതിയാനം, പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നിബന്ധനകൾ, ഗുണനിലവാരത്തെ തകർക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങൾ എന്നിവ ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അശാസ്ത്രീയമായ വിപണനവും, ഉത്പാദനച്ചെലവിലുണ്ടായ ഭീമമായ വർധനവും നിരവധി ഇറച്ചിക്കോഴി കർഷകരെ ഈ മേഖലയിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇതുമൂലം ആഭ്യന്തര ഉത്പാദനത്തിൽ വൻ കുറവുണ്ടാകുന്നു. എന്നാൽ, ഉപഭോഗത്തിൽ വർധനവുണ്ട് താനും. ഈ സാധ്യത കണ്ടറിഞ്ഞ് ആവശ്യകതയുടെ 70 ശതമാനത്തോളം ഇറച്ചിക്കോഴികളും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. ഇവയുടെ വിലയും താരതമ്യേന കൂടുതലാണ്.
അയൽ സംസ്ഥാന ലോബികളാണു കേരളത്തിലെ ഇറച്ചികോഴികളുടെ വില നിയന്ത്രിക്കുന്നത്. ഒരുകിലോ കോഴിയിറച്ചിയുടെ ഉത്പാദനച്ചെലവ് 97 രൂപ വരും. ഇതിൽ മരുന്ന്, വളർത്തു ചെലവുകൾ, തീറ്റ എന്നിവ ഉൾപ്പെടുന്നു. കോഴിത്തീറ്റയുടെ വില കിലോയ്ക്ക് 41 രൂപയിലേറെയാണ്.
ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ വിലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന വിലവർധനവ് ഉത്പാദനച്ചെലവ് വർധിക്കാനിടവരുത്തുന്നു. എന്നാൽ, ഇറച്ചികോഴിയുടെ ഫാം ഗേറ്റ് വില 103 രൂപയാണ്. റീട്ടെയിൽ വില കിലോയ്ക്ക് 150 രൂപയും, കോഴിയിറച്ചിക്ക് 250 രൂപയോളവും വില വരുന്നു.
ഇറച്ചിക്കോഴി വളർത്തലിനെ നാളിതുവരെയായി കൃഷിയുടെ ഭാഗമായി പരിഗണിച്ചിട്ടില്ല. വർഷത്തിൽ ആറു മാസത്തിലധികവും ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കോഴിയെ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു.
രാജ്യത്തെ മൊത്തം കാർഷിക ഉത്പാദനത്തിന്റെ 26 ശതമാനത്തോളം സംഭവനചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. ഈ മേഖലയിൽ കോഴിവളർത്തലിന്റെ വാർഷിക വളർച്ച നിരക്ക് 16 ശതമാനത്തോളം വരും.
കോഴിയിറച്ചി ഉപഭോഗത്തിൽ കേരളം രാജ്യത്ത് ഏറെ മുന്നിലാണ്. രാജ്യത്തെ മൊത്തം കോഴിയിറച്ചി ഉത്പാദനത്തിന്റെ 4.38 ശതമാനം കേരളത്തിൽ നിന്നാണ്. പ്രതിശീർഷ കോഴിയിറച്ചി ഉപഭോഗം പ്രതിവർഷം ദേശീയ തലത്തിൽ 3.1 കിലോയാണ്. എന്നാൽ കേരളത്തിലിത് 10 കിലോയോളം വരും.
കോഴിവളർത്തലിന്റെ മൊത്തം ചെലവിൽ 75 ശതമാനവും തീറ്റച്ചെലവാണ്. കോവിഡിന് മുന്പത്തെ കാലയളവിനെ അപേക്ഷിച്ചു കോഴിത്തീറ്റയുടെ വില കിലോയ്ക്കു 24 രൂപയിൽ നിന്നു 41 രൂപയായി ഉയർന്നിട്ടുണ്ട്.
തീറ്റയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിൽ കാലാവസ്ഥ വ്യതിയാനം, ലഭ്യത എന്നിവയ്ക്കനുസരിച്ചു വിലയിൽ വൻ വർധനവ് ദൃശ്യമാണ്. ഉത്പാദന ചെലവിന് ആനുപാതികമായി കോഴിമുട്ടയുടെയും, ഇറച്ചിയുടെയും വിലയിൽ വർധനവുണ്ടാകുന്നുമില്ല.
മാത്രമല്ല അയൽ സംസ്ഥാന ലോബിയുണ്ടാക്കുന്ന കൃത്രിമ വില തികച്ചും സുസ്ഥിരമല്ല. ഉയർന്ന ഉത്പാദന ചെലവ് താങ്ങാൻ കഴിയാത്തതിനാൽ കർഷകരും, സംരംഭകരും കോഴിവളർത്തലിൽ നിന്ന് പിന്തിരിയുന്ന പ്രവണത വർധിച്ചു വരുകയും ചെയ്യുന്നു.
ആഴ്ചയിൽ ഒരുകോടി കിലോ, അതായത് മാസത്തിൽ 40,000 ടണ് കോഴിയിറച്ചിയാണു മലയാളി കഴിക്കുന്നത്. ഇതിൽ 40 ശതമാനത്തോളം അതായത് 12,000 ടണ്ണാണ് കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം.
കോവിഡിനുശേഷം ആവശ്യകതയുടെ 60 ശതമാനം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നു. കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും വിതരണം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കാണിത്. 1.75 കോടിയോളം കോഴിക്കുഞ്ഞുങ്ങളെയാണ് മാസംതോറും കേരളത്തിൽ കോവിഡിന് മുന്പ് വളർത്തിയിരുന്നത്.
ഇതിൽ വെറും ഒരുശതമാനത്തോളം അതായത് 5 ലക്ഷത്തോളം കോഴികളെ പ്രതിമാസം വില്പന നടത്തുന്ന ന്ധകേരള ചിക്കൻ’ കോഴി വില കുറച്ചു വിറ്റു വിപണിയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ഈ മേഖലയിൽ കൂടുതൽ പ്രതിസന്ധികൾക്കിടവരുത്തിയത്.
മലിനീകരണ നിയന്ത്രണത്തിനായുള്ള അശാസ്ത്രീയ രീതികൾ സ്വീകരിക്കാൻ കർഷകരെ നിർബന്ധിക്കരുത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്പാദക സൗഹൃദവും, പ്രായോഗികവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലൈസൻസിംഗ് നടപടിക്രമങ്ങൾ കൂടുതൽ ഉദാരമാക്കണം.
സോഷ്യൽ മീഡിയയിലടക്കം കോഴിയിറച്ചിയിൽ ഹോർമോണും, ആന്റിബയോട്ടിക്കുകളും ഉണ്ടെന്ന തെറ്റായ വാർത്തകളും, ഇതിനു അനുബന്ധമായി സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.
കേരളത്തിലെ കോഴിയിറച്ചി വിപണി നിശ്ചയിക്കുന്നതു തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ്. അതായത് തമിഴ്നാട് ബിസിസി റേറ്റ് + കടത്തുകൂലി+റീട്ടെയ്ൽ മാർജിൻ.
എന്നാൽ കേരളാ ചിക്കൻ ഈ റേറ്റിൽ നിന്നും വില കുറച്ചു വിൽക്കുന്നത് ഇറച്ചിക്കോഴിവളർത്തൽ കർഷകരെ പ്രതികൂലമായി ബാധിച്ചുവരുന്നു. ഉത്പാദനച്ചെലവ് കുറയ്ക്കാനായി കേരള ചിക്കന് സർക്കാർ 60 കോടി രൂപയോളം പ്രതിവർഷം സബ്സിഡി നൽകിവരുന്പോൾ മറ്റു ഇറച്ചിക്കോഴി കർഷകർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും സർക്കാരിൽ നിന്നു ലഭിക്കുന്നുമില്ല.
ഇത് മനസിലാക്കി ഇറച്ചിക്കോഴികൾക്കു തറ വില നിശ്ചയിക്കുകയാണ് വേണ്ടത്. കോഴിത്തീറ്റയ്ക്കാവശ്യമായ അസംസ്കൃതചേരുവകൾ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെത്തുന്നത്. സോയമീൽ, ചോളം, തവിടെണ്ണ എന്നിവയുടെ വിലയിലുണ്ടായ വർധനവ് 300 ശതമാനത്തിലധികമാണ്.
സുസ്ഥിര ഇറച്ചിക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാനും, സംരംഭകരെ സഹായിക്കാനും, തൊഴിലവസരങ്ങൾ വിപുലപ്പെടുത്താനും താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളിൽ ഉൗന്നൽ നൽകുന്നത് ഉചിതമായിരിക്കും.
1. ഉത്പാദന ചെലവിലും കുറഞ്ഞ വിലയ്ക്കു കോഴികളെ വിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക.
2. കുടുംബശ്രീ ചിക്കൻ /കോഴിവളർത്തലിനു നൽകുന്ന സബ്സിഡി കേരളത്തിൽ വളർത്തുന്ന കോഴി കർഷകർക്ക് ലഭ്യമാക്കുക
3. കോഴിക്കുഞ്ഞ്, തീറ്റ എന്നിവയ്ക്കു സബ്സിഡി അനുവദിക്കുക.
4. കോഴിവളർത്തൽ കൃഷിയായി അംഗീകരിച്ചു കൃഷിക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുക.
5. കോഴിക്കും ഷെഡിനുമുള്ള നികുതി വർഷാടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഒരു കിലോ കോഴിയിറച്ചിക്ക് ഒരുരൂപ നിരക്കിലാണു നികുതി അടയ്ക്കേണ്ടത്. അതിനാൽ ഷെഡുകൾക്കും മറ്റും ചുമത്തുന്ന വർധിച്ച നികുതി ഒഴിവാക്കുക.
6. സോഷ്യൽ മീഡിയ, മറ്റു മാധ്യമങ്ങൾ എന്നിവ വഴി ഹോർമോണ്, ആന്റിബയോട്ടിക്കുകൾ നൽകുന്നുവെന്ന ദുഷ്പ്രചരണം അവസാനിപ്പിക്കുക.
7. ഗുണമേ·, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്നിവ വിലയിരുത്താൻ ഗവേഷണ പരിപാടികൾ നടപ്പിലാക്കുന്നത് ഉപഭോക്താക്കളിൽ വിശ്വാസ്യത വർധിപ്പിക്കാനിടവരുത്തും.
8. കോഴിത്തീറ്റയുടെ വിലവർധനവിനു ആനുപാതികമായി തീറ്റ സബ്സിഡിയോ, ഉത്പാദന ഇൻസെന്റീവോ കർഷകർക്കു ലഭ്യമാക്കുന്നതോടൊപ്പം ഉത്പാദകന് ലഭിക്കാൻ കോഴിയിറച്ചിക്കു തറവില ഏർപ്പെടുത്തണം.
9. ഉത്പാദക ക്ലസ്റ്ററുകൾ രൂപീകരിച്ചു സംസ്കരണ കേന്ദ്രങ്ങളും, വിപണന കേന്ദ്രങ്ങളും ആരംഭിക്കുന്നതോടൊപ്പം കൂടുതൽ എഫ്പിഒകൾ ആരംഭിക്കുക.
10. കേന്ദ്ര പദ്ധതികളായ ഭൗതിക സൗകര്യ വികസനഫണ്ട്, കോൾഡ് ചെയിൻ പ്രൊജക്റ്റ്, കിസാൻ ക്രെഡിറ്റ് കാർഡ്, എംസ്എംഎ, അഗ്രിബിസിനസ്, അഗ്രി ഇൻഫ്രാഫണ്ട് മുതലായവ കോഴിവളർത്തലിലും ലഭ്യമാക്കുക.
11. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്ലാറ്റഫോം തറവില, തീറ്റയുടെ ചേരുവകളുടെ വില എന്നിവ കാലാകാലങ്ങളിൽ വിലയിരുത്തുക.
12.കോഴിവളർത്തലിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിൽ ലഭ്യത ലക്ഷ്യമിട്ട് സംരംഭകത്വ പദ്ധതികൾ നടപ്പിലാക്കുക.
13. മലിനീകരണ നിയന്ത്രണത്തിനായുള്ള അശാസ്ത്രീയ രീതികൾ പ്രവർത്തികമാക്കൻ കർഷകരെ നിർബന്ധിക്കരുത്. ഈ രംഗത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉൽപാദക സൗഹൃദവും, പ്രായോഗികവുമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ലൈസൻസിംഗ് നടപടി ക്രമങ്ങൾ കൂടുതൽ ഉദാരമാക്കണം.
14. ഇറച്ചിക്കോഴിവളർത്തൽ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുക.
ഡോ. ടി.പി.സേതുമാധവൻ
(ബംഗളൂരു ട്രാൻസ്ഡ്ഐസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്നോളജി പ്രഫസറും കേരള വെറ്ററിനറി സർവകലാശാല മുൻ ഡയറക്ടറുമാണ് ലേഖകൻ)