പൊൻമുട്ടയിടും മുറ്റത്തെ താറാവ്
Sunday, October 15, 2023 10:57 AM IST
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കൂട്ടത്തോടെ എത്തുന്ന താറാവുകളെയാണ് നാം അധികവും കാണാറുള്ളത്. എന്നാൽ, മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി താറാവുകളെ വീട്ടുമുറ്റത്ത് വളർത്തി മികച്ച ആദായം ഉണ്ടാക്കാം. രാജ്യത്തെ വളർത്തു പക്ഷികളിൽ രണ്ടാം സ്ഥാനത്താണു താറാവ്.
ഇനങ്ങൾ
1. മാംസത്തിനായി വളർത്തുന്നവ:
പെക്കിൻ, എയ്ൽസ്ബറി, കാക്കി കാംബെൽ, സാക്സണി, സിൽവർ ആപ്പിൾയാർഡ്, സ്വീഡിഷ് ബ്ലൂ, ബഫ് ഓർപിംഗ്ടണ്, സ്വീഡിഷ് മഞ്ഞ, വിഗോവ, മസ്കോവി തുടങ്ങിയവയാണ് ഈ ഇനത്തിൽപ്പെട്ടത്. പ്രായപൂർത്തിയായാൽ 3.5 -4.5 കിലോ വരെ തൂക്കമുണ്ടാകും.
2. മുട്ടകൾക്കായി വളർത്തുന്നവ:
പെക്കിൻ, കാക്കി കാംപ്ബെൽ, ഇന്ത്യൻ റണ്ണർ, ബഫ് ഓർപിംഗ്ടണ്, മാഗ്പി, റൂവൻ, ഹുക്ക് ബിൽ, ഷെറ്റ്ലാൻഡ്, അങ്കോണ തുടങ്ങിയവ ഉയർന്ന മുട്ട ഉത്പാദനത്തിന് പേരുകേട്ടവയാണ്. വർഷത്തിൽ 250- 300 മുട്ടകൾ വരെ ഇടും.
3. മുട്ടയ്ക്കും മാംസത്തിനും വേണ്ടിയുള്ളവ:
കാക്കി കാംബെൽ, ഇന്ത്യൻ റണ്ണർ, റൂയൽ കഗ്വ എന്നിവയാണ് ഇതിന് പറ്റിയ ഇനങ്ങൾ.
4. നാടൻ ഇനങ്ങൾ:
കേരളത്തിലെ നാടൻ താറാവുകളായ ചാരയും, ചെന്പല്ലിയും ഇനങ്ങൾ കുട്ടനാടൻ താറാവുകൾ എന്നറിയപ്പെടുന്നു. തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ. തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയവയാണ് ചാരത്താറാവുകൾ.
മങ്ങിയ തവിട്ടു നിറമുള്ള, കറുപ്പിന്റെ അംശം ഒട്ടുമില്ലാത്തവയാണു ചെന്പല്ലി. അത്യുത്പാദനശേഷിയുള്ള ഈ കുട്ടനാടൻ താറാവുകളുടെ ജ·ദേശം കേരളം തന്നെ.
കുട്ടനാടൻ തീറ്റ
താറാവുകൾക്ക് കൃത്രിമ തീറ്റ നൽകാതെ അഴിച്ചുവിട്ടു മേയ്ക്കുന്പോഴും തീറ്റ കുറഞ്ഞ സമയങ്ങളിൽ കൈത്തീറ്റ നൽകാറുണ്ട്. ഗോതന്പ്, അരി, പതിര്, മണിച്ചോളം, ചെറുമീൻ, കപ്പലണ്ടിപ്പിണ്ണാക്ക്, അരിത്തവിട്, പനച്ചോറ് എന്നിവയാണവ.
ലഭ്യതയും വിലയും നോക്കിയാണ് കൈത്തീറ്റ തെരഞ്ഞെടുക്കുന്നത്. ഇതിൽ രണ്ടോ മൂന്നോ എണ്ണം മിശ്രിതമാക്കിയും നൽകാറുണ്ട്. കുടപ്പനച്ചോറ് കലാകാലങ്ങളായി കുട്ടനാടൻ കർഷകർ താറാവിനു നൽകി വരുന്നു.
70 അടിയോളം പൊക്കത്തിൽ വളരുന്ന പന പൂക്കുന്നതിനു മുന്പു മുറിക്കും. ഇതു വെട്ടിയരിഞ്ഞ് ചെറിയ കക്ഷണങ്ങളാക്കി ചോറ് പരുവത്തിലാക്കി ഗോതന്പ്, മീൻ, പിണ്ണാക്ക്, അരിത്തവിട് എന്നിവ ചേർത്ത് മഴക്കാലങ്ങളിൽ മുട്ടത്താറാവുകൾക്ക് നൽകും.
പനച്ചോറിൽ മാംസ്യവും അന്നജവും അടങ്ങിയിട്ടുണ്ട്. ഒട്ടും വെള്ളത്തിലിറക്കാതെ പൂർണമായും സ്റ്റാർട്ടർ തീറ്റയും ഗ്രോവർ തീറ്റയും നൽകി വളർത്തുന്നവരുമുണ്ട്.
വീട്ടുവളപ്പിലും വളർത്താം
സ്ഥലപരിമിതി ഉള്ളവർക്കു വീട്ടുവളപ്പിൽ താത്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളർത്താം. 6 അടി നീളവും 4 അടി വീതിയും 2 അടി ആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയിൽ പ്ലാസ്റ്റിക്ക് ചാക്കു വിരിച്ചശേഷം മുകളിൽ ടാർപ്പായ വിരിക്കണം.
ടാർപ്പായയ്ക്കു മുകളിൽ ഇഷ്ടികവച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടർന്നു ടാങ്കിൽ വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കി വിടണം.
കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും വേലി തീർക്കണം. മേൽപ്പറഞ്ഞ അളവിൽ തീർത്ത ടാങ്കിൽ 300 ലിറ്റർ വെള്ളം നിറക്കാം. ഇതിൽ 25 താറാവു കുഞ്ഞുങ്ങളെ വളർത്താം.
അടുക്കളയിൽ ബാക്കി വരുന്ന അവശിഷ്ടങ്ങൾ, വാഴത്തട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകൾക്ക് കൊടുക്കാം. കുതിർത്ത് പകുതി വേവിച്ച ഗോതന്പും അരിയും തുല്യമായി കലർത്തി ദിവസവും 50 ഗ്രാം ഒരു താറാവിനെന്ന കണക്കിൽ കൊടുക്കണം.
അസോള, ഗോതന്പുമാവ് കുറുക്കിയത്, ഉണക്കമീൻ എന്നിവ കൂട്ടികലർത്തിയും കൊടുക്കാം. പകൽ സമയങ്ങളിൽ താറാവുകളെ അഴിച്ചുവിടുന്നതാണു നല്ലത്. രാത്രിയിൽ താറാവുകൾക്ക് ഉറങ്ങാൻ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകൾ ഉണ്ടാക്കണം.
അറക്കപ്പൊടി അല്ലെങ്കിൽ ഉമി തറയിൽ ഇട്ടുകൊടുക്കുന്നതിലൂടെ കാഷ്ടവും മറ്റും മാറ്റാൻ എളുപ്പമാകും. 120 ദിവസം പ്രായമാകുന്നതോടെ താറാവുകൾ മുട്ടയിട്ടു തുടങ്ങും.

തീറ്റക്രമം
പൊടി രൂപത്തിലുള്ള തീറ്റയും ഗുളിക രൂപത്തിലുള്ള തീറ്റയും മാർക്കറ്റിൽ കിട്ടും. കുഞ്ഞുങ്ങൾ വിരിഞ്ഞ് 36 മണിക്കൂർ കഴിഞ്ഞാൽ തീറ്റ നൽകണം.
മൂന്നാഴ്ച പ്രായമായാൽ ദിവസവും 4-5 തവണ നൽകണം. ഒരിക്കൽ നൽകുന്ന തീറ്റ 10 മിനിറ്റ് തിന്നാനുള്ളതാവണം. മൂന്ന് ആഴ്ചകൾക്കു ശേഷം ദിവസം മൂന്നു പ്രാവശ്യം തീറ്റ നൽകണം.
താറാവുകൾക്കു മൂന്നുതരത്തിലുള്ള തീറ്റകളുണ്ട്. സ്റ്റാർട്ടർ, ഗ്രോവർ, ലെയർ. ആദ്യത്തെ നാല് ആഴ്ച വരെ കൊടുക്കുന്ന തീറ്റയാണ് സ്റ്റാർട്ടർ. 4 മുതൽ 16 ആഴ്ചവരെ കൊടുക്കുന്നതാണ് ഗ്രോവർ. 16 ആഴ്ചയ്ക്കുശേഷം ലെയർ തീറ്റ.
താറാവു തീറ്റയിൽ കടലപ്പിണ്ണാക്ക് ചേർക്കുന്നത് അപകടമാണ്. ഇതിൽ വളരുന്ന പൂപ്പൽ വിഷബാധയുണ്ടാക്കും. കടലപ്പിണ്ണാക്കിനു പകരമായി എള്ളിൻ പിണ്ണാക്കോ തേങ്ങാപ്പിണ്ണാക്കോ ഉപയോഗിക്കാം.
മുട്ടത്താറാവുകളുടെ പരിപാലനം
താറാവിൻ കൂടുകളിൽ ഒരു താറാവിന് മൂന്നു മുതൽ നാലു ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. കൂടിനുപുറത്ത് 10 മുതൽ 15 ചതുരശ്ര അടി വരെയും. തീറ്റ നനച്ചുകൊടുക്കുന്പോൾ ഒരു താറാവിന് അഞ്ചിഞ്ചോളം സ്ഥലം കണക്കാക്കി വേണം തീറ്റപാത്രങ്ങൾ തയാറാക്കാൻ.
വെളിയിൽ കൂടിനു സമാന്തരമായി കുടിക്കാനുള്ള വെള്ളം 50 സെന്റി മീറ്റർ വീതിയും 20 സെന്റി മീറ്റർ താഴ്ചയുമുള്ള പാത്തികെട്ടി അതിൽ നിറയ്ക്കണം. ഈ ചാലിൽ ചെളിവെള്ളം നിറയരുത്.
ശ്രദ്ധിക്കാൻ കൂടുതൽ കാര്യങ്ങൾ
താറാവുകൾ സാധാരണ പുലർച്ചെ നാലു മുതലാണ് മുട്ടയിടുന്നത്. ആറുമണിയോടെ തീരുകയും ചെയ്യും. മുട്ടയുത്പാദനത്തിനും മുട്ടത്തോടിന്റെ ഘടനയ്ക്കും കാത്സ്യം സ്രോതസായ കക്കത്തുണ്ടുകളോ കാത്സ്യം അടങ്ങിയ ധാതുലവണ മിശ്രിതമോ നൽകണം.
താറാവിന് ധാരാളം പച്ചപ്പുല്ലും ആവശ്യമാണ്. ഏഴ് മാസത്തിൽ കൂടുതൽ പ്രായമുള്ള താറാവിന്റെ സാമാന്യം വലുപ്പമുള്ള മുട്ടകളാണ് അട വയ്ക്കാനായി ഉപയോഗിക്കേണ്ടത്. കാർഡ് ബോർഡ് പെട്ടിയിലോ വീഞ്ഞപ്പെട്ടിയിലോ മുട്ട അട വയ്ക്കാം.
ഉണങ്ങിയ പുല്ലോ വയ്ക്കോലോ ഉമിയോ അറക്കപ്പൊടിയോ പെട്ടിക്കടിയിൽ നിരത്തിവേണം അട വയ്ക്കാൻ. അതിനുള്ളിൽ തീറ്റയും വെള്ളവും പാത്രങ്ങളിൽ വയ്ക്കണം. അട വച്ചശേഷം പെട്ടി മൂടണം.
28 ദിവസം ആകുന്പോൾ മുട്ട വിരിയും. മുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതൽ. കോഴികളിൽ നിന്ന് പ്രതിവർഷം ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ അധികം മുട്ടകൾ കിട്ടും.
താറാവുകൾ അടയിരിക്കാത്തതിനാൽ മുട്ട വിരിയിക്കാൻ കോഴികളെയൊ ഇൻകുബേറ്ററിനെയോ ഉപയോഗപ്പെടുത്താം. അടവയ്ക്കുന്ന കോഴിക്ക് ചെള്ള്, പേൻ തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മൂന്നാഴ്ച വരെ തള്ളക്കോഴിയുടെ കൂടെ വളർത്താം. ഇറച്ചി കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നതുപോലെ താറാവിൻ കുഞ്ഞുങ്ങളെ ഡീപ്ലിറ്റർ രീതിയിൽ നിർമിച്ച കൂടുകളിൽ, ബ്രൂഡറിൽ, നാല് ആഴ്ച വരെ കൃത്രിമമായി ചൂട് നല്കി വളർത്താം.
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആഴ്ച 32 ഡിഗ്രി താപനിലയും തുടർന്നുള്ള ആഴ്ചതോറും മൂന്ന് ഡിഗ്രി താപനിലയും വീതം ചൂട് കുറച്ച് നിയന്ത്രിക്കണം.
ഒരു താറാവിൻ കുഞ്ഞിന് ശരാശരി രണ്ട് വാട്സ് എന്ന തോതിൽ താറാവിൻ കൂട്ടിൽ പ്രകാശിക്കുന്ന ബൾബുകൾ ഉണ്ടായിരിക്കണം. കുഞ്ഞുങ്ങൾ ജനിച്ച് 36 മണിക്കൂർ കഴിഞ്ഞാൽ തീറ്റ നൽകാം.
നാലാഴ്ചകൾക്കുശേഷം കുഞ്ഞുങ്ങളെ കൂടുകളിലേക്കു മാറ്റാം. ഈ സമയത്ത് പൊടിത്തീറ്റ, തിരിത്തീറ്റ, നുറുങ്ങുതീറ്റ എന്നിവ കൊടുക്കാം.
ഫോണ്: 9947452708
ഡോ. എം. ഗംഗാധരൻ നായർ
മുൻ ഡെപ്യൂട്ടി ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ്