കാർമൽ ജ്യോതിക്കു തണലായി മുള
Wednesday, March 29, 2023 9:50 PM IST
പല തരത്തിലും നിറത്തിലുമുള്ള മുളകളുടെ അപൂർവ ലോകമാണ് ഇടുക്കി അടിമാലിക്കു സമീപം കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ മച്ചിപ്ലാവിലുള്ള കാർമൽ ജ്യോതി മുള നഴ്സറി. ഭിന്ന ശേഷിക്കാരായ കുട്ടികൾ ക്കായി പ്രവർത്തിക്കുന്ന കാർമൽജ്യോതി സ്പെഷൽ സ്കൂളിനോട് അനുബന്ധിച്ചാണ് നഴ്സറി പ്രവർത്തിക്കുന്നത്.
കാരുണ്യത്തിന്റെയും അതിജീവനത്തിന്റെയും കരുത്തിലാണ് ഇവിടെ മുളകൾ വളരുന്നത്. കാർമൽജ്യോതി ചാരിറ്റബിൾ സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ ബിജി ജോസ് സിഎംസിയാണ്. 177 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെ ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ഒരുക്കിയിട്ടുള്ള നിരവധി പദ്ധതികളിലൊന്നാണ് മുള നഴ്സറി.

കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഹൈറേഞ്ചിലെ വിവിധ മേഖലകളിലുണ്ടാകുന്ന മണ്ണൊലിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണു സ്കൂളിന്റെ ശ്രദ്ധ മുളയിലേക്കു തിരിഞ്ഞത്. മണ്ണ് സംരക്ഷണവും തോട് സംരക്ഷണവും നിർവഹിക്കാൻ ശേഷിയുള്ള മുളകളുടെ പ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലായിരുന്നു അത്.
ഇതേത്തുടർന്നു വയനാട് ഉറവ് എന്ന സംഘടനയുമായി ബന്ധപ്പെടുകയും ഈ രംഗത്തെ വിദഗ്ധർ സ്കൂളിലെത്തി കുട്ടികൾക്കും സ്റ്റാഫിനും പരിശീലനം നൽകി തുടർന്ന് നഴ്സറി നിർമിച്ചു നൽകുകയും ചെയ്തു. സ്കൂളിലെ മുതിർന്ന ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും ഇതൊരു വരുമാന മാർഗവുമാണ്. ബാംബൂസ് ബൽകോവ, ബർബ ജൈൻഡ്, ആനമുള, ഗരുഡ തുടങ്ങി 14 തരം മുളകളാണ് ഇപ്പോൾ നഴ്സറിയിലുള്ളത്. 30 മുതൽ 600 രൂപ വരെയാണ് വില.
ജാവലിൻ ത്രോ നിർമിക്കാനും തോട്ടി ഉണ്ടാക്കാനുമൊക്കെയായി മുളകൾ അന്വേഷിച്ചു ദിനംപ്രതി നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്. മുളകൾ കൊണ്ടു വിവിധ കരകൗശല ഉത്പന്നങ്ങൾ നിർമി ക്കാനുള്ള പരിശീലനം നൽകാനും പദ്ധതിയുണ്ട്.
കുട്ടികൾക്ക് തൊഴിലും വരുമാനവും ലക്ഷ്യമിട്ട് മുള നഴ്സറിയോടൊപ്പം ജൈവ പച്ചക്കറി കൃഷി, കോഴി, പന്നി, ആട്, പശു ഫാമുകളും സ്കൂളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒപ്പം സ്പോർട്സ് അക്കാദമിയും ഫാർമേഴ്സ് ക്ലബുമുണ്ട്.
ഫോണ്: 04864223063. 9446213313.
ജിജോ രാജകുമാരി