ബ്ലാക്ക് സ്റ്റോം എഡിഷനിൽ കോമറ്റ് ഇവി
Saturday, March 1, 2025 1:07 PM IST
എംജി മോട്ടോർ ഇന്ത്യ ഏറ്റവും ചെറിയ വില കുറഞ്ഞ ഇലക്ട്രിക് കാറായ കോമറ്റ് ഇവിയുടെ ബ്ലാക്ക് സ്റ്റോം എഡിഷൻ പുറത്തിറക്കി. ഫീച്ചേഴ്സ് കൂടുതൽ വിപുലീകരിച്ചതാണ് പുതിയ പതിപ്പ്. കോമറ്റ് ഇവിയുടെ ഏറ്റവും ഉയർന്ന വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലാക്ക്സ്റ്റോം എഡിഷൻ ഒരുക്കിയിരിക്കുന്നത്.
ബ്ലാക്ക്സ്റ്റോം വേരിയന്റ് അവതിരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ്. ബാറ്ററി സബ്സ്ക്രിപ്ഷൻ പദ്ധതിയിൽ എത്തുന്ന ബ്ലാക്ക് സ്റ്റോം ഇവിക്ക് 7.80 ലക്ഷം രൂപ (എക്സ് ഷോറൂം) വിലയും കിലോമീറ്ററിന് 2.50 രൂപ ബാറ്ററി വാടകയും വരും. ലോഞ്ചിനൊപ്പംതന്നെ കന്പനി വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാനാകും.
അതേസമയം, ബാറ്ററി സബ്സ്ക്രിപ്ഷൻ ഇല്ലാതെയുള്ള കോമറ്റിന്റെ വില നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. ബ്ലാക്ക്സ്റ്റോം എഡിഷൻ പൂർണമായും കറുത്ത പുറം കവറിലാണ് നിർമിച്ചിരിക്കുന്നത്. ബോഡിയിൽ നൽകിയിരിക്കുന്ന കറുപ്പ് നിറവും പല സ്ഥലങ്ങളിലായി നൽകിയിരിക്കുന്ന ചുവപ്പ് ഇൻസേർട്ടുകളുമാണ് റെഗുലർ പതിപ്പിൽ നിന്ന് ബ്ലാക്ക്സ്റ്റോം മോഡലിനെ വ്യത്യസ്തമാക്കുന്നത്.
സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നറിയപ്പെടുന്ന നിറത്തിലാണ് കോമറ്റ് ഇവി ലഭ്യമെങ്കിലും എംജിയുടെ ബ്ലാക്ക്സ്റ്റോം വേരിയന്റുകളുടെ ചുവന്ന ഡീറ്റെയിലിംഗ് സവിശേഷത ഈ എഡിഷനെ വ്യത്യസ്തമാക്കുന്നു. എംജിയുടെ ഗ്ലോസ്റ്റർ, ഹെക്ടർ എന്നീ മോഡലുകളുടെ ബ്ലാക്ക്സ്റ്റോം എഡിഷന് സമാനമാണ് കോമറ്റിന്റെയും.
ഡിസൈൻ
ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബന്പറിലും ഫോഗ്ലാന്പിന് ചുറ്റിലും സ്കിഡ് പ്ലേറ്റിലുമാണ് മുൻഭാഗത്ത് പ്രധാനമായും റെഡ് ഇൻസേർട്ടുകൾ ചെയ്തിരിക്കുന്നത്. മുന്നിലെ മോറിസ് ഗ്യാരേജ് ബാഡ്ജിംഗ് ചുവന്ന അക്ഷരത്തിലാണ്.
വശങ്ങളിൽ വീൽ കവറിലും ക്ലാഡിങ്ങിലും ചുവപ്പ് അലങ്കാരങ്ങൾ നൽകുന്നുണ്ട്. ചുവന്ന "ബ്ലാക്ക്സ്റ്റോം’ എംബ്രോയിഡറിയുള്ള ലെതറൈറ്റ് സീറ്റുകളും ഇന്റീരിയറിന് കറുത്ത തീമുമാണുള്ളത് .
പവർ
ബ്ലാക്ക്സ്റ്റോം എഡിഷന് സ്റ്റാൻഡേർഡ് കോമറ്റ് ഇവിയുടെ അതേ പവർട്രെയിൻ തന്നെയാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 17.3 കിലോവാട്ടിന്റെ ബാറ്ററി പായ്ക്കാണുള്ളത്.
42 ബിഎച്ച്പി പവറും 110 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്നറ്റ് സിങ്ക്രണസ്ഡ് മോട്ടോറാണ് വാഹനത്തിലുള്ളത്.
ഫീച്ചറുകൾ
സ്റ്റാൻഡേർഡ് കോമറ്റ് ഇവിയുടെ അതേ സവിശേഷതകൾ തന്നെയാണ് സ്പെഷൽ എഡിഷനിലുമുള്ളത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയടങ്ങുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്ന ഡ്യുവൽ 10.25 ഇഞ്ച് സ്ക്രീൻ സജ്ജീകരണമാണ് എംജി കോമറ്റ് ഇവിയുടെ ബ്ലാക്ക് സ്റ്റോം എഡിഷനിൽ നൽകിയിരിക്കുന്നത്.
റെഗുലർ വേരിയന്റിൽ രണ്ട് സ്പീക്കറുള്ള മ്യൂസിക് സിസ്റ്റമാണെങ്കിൽ ബ്ലാക്ക്സ്റ്റോമിലെ മ്യൂസിക് സിസ്റ്റത്തിനൊപ്പം നാല് സ്പീക്കറുകളുമുണ്ട്.
സുരക്ഷ
ഡ്യുവൽ എയർബാഗുകൾ, ഇബിഡി യുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, സെൻസറുകളുള്ള റിയർ പാർക്കിംഗ് കാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ-വീൽ ഡിസ്ക് ബ്രേക്ക്, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയാണ് സുരക്ഷ ഫീച്ചറുകൾ. ഇതിനുപുറമെ, ഷെയറിംഗ് ഫംഗ്ഷനോടു കൂടിയ ഒരു ഡിജിറ്റൽ കീയും എംജി കോമറ്റ് ഇവിയുടെ ബ്ലാക്ക് സ്റ്റോം എഡിഷനിലുണ്ട്.