മുഖം മിനുക്കി തരംഗമായി എക്സ്യുവി 3 എക്സ് ഒ
Monday, November 11, 2024 12:35 PM IST
മുഖം മിനുക്കി കച്ചവടം പൊടിപൊടിക്കുകയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ് ഒ. മഹീന്ദ്ര എക്സ്യു വി 300 ന്റെ പുതിയ പതിപ്പാണ് 3എക്സ്ഒ. വില- 7.49 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
പെട്രോളില്‍ 111എച്ച്പി, 130എച്ച്പി കരുത്തുള്ള മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളും ഡീസലില്‍ 117 എച്ച്പി കരുത്തുള്ള മാനുവല്‍ ഓട്ടമാറ്റിക് മോഡലുകളുമാണുള്ളത് വാഹനത്തിനുള്ളത്.
ആകർഷകമായ രൂപം
പുതിയ ഡിആര്‍എല്ലുകള്‍, ബംപർ, ഹെഡ്ലാംപ്, രണ്ട് ഭാഗങ്ങളുള്ള ഗ്രില്ല്, കൂടുതല്‍ വലിയ എയര്‍ ഇന്‍ടേക്ക് തുടങ്ങി എക്സ്യുവി 3 എക്സ് ഒയുടെ പുറംമോടിയില്‍ നിരവധി മാറ്റങ്ങളുണ്ട്. പിന്നില്‍ മുഴുനീളത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാറാണ് നല്‍കിയിട്ടുള്ളത്.
സി രൂപത്തിലുള്ള ടെയില്‍ ലാന്പുകളും കൂടുതല്‍ സ്മൂത്തായി തോന്നിക്കുന്ന ടെയില്‍ ലൈറ്റുകളുമുണ്ട്. ടെയില്ഗേറ്റിലായിരുന്ന രജിസ്ട്രേഷന് പ്ലേറ്റിന്റെ സ്ഥാനം പിന്നില്‍ ബംപറിലേക്കു മാറ്റിയിരിക്കുന്നു. ഉയര്‍ന്ന മോഡലിൽ പുതിയ ഡാര്‍ക്ക് ക്രോം അലോയ് വീലാണ്.
ഇന്റീരിയർ
എക്സ്യുവി 400 ഇവിയോടാണ് ഇന്റീരിയറിലും ഡാഷ് ബോര്‍ഡ് ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം എക്സ്യുവി 3 എക്സ് ഒയ്ക്ക് സാമ്യത. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനും ഡ്രൈവര്‍ ഡിസ്പ്ലേയും പനോരമിക് റൂഫ്, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നിവയാണ് ഫീച്ചറുകളില്‍ പ്രധാനം.
ഉയര്‍ന്ന മോഡലുകളിൽ ഓള് എല്‍ഇഡി ലൈറ്റിങ്, സെവന് സ്പീക്കര്‍ ഹര്മന് കാര്‍ഡോണ്‍ ഓഡിയോ സിസ്റ്റം (380W ആംപ്ലിഫയര്‍), അഡ്രെനോക്സ് കണക്ട് കണക്ടിവിറ്റി സ്യൂട്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ, 65W ടൈപ്പ് സി ചാര്‍ജിങ് പോട്ട്, വയര്‍ലസ് ചാര്‍ജര്‍, പിന്നില്‍ എസി വെന്റുകള്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകളുടെ പട്ടിക.
ബൂട്ട് സ്പേസ് 257 ലീറ്ററില്‍ നിന്നും 295 ലീറ്ററാക്കിയെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.
മികച്ച സുരക്ഷ
സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എക്സ്യുവി 3 എക്സ്ഒ. എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍, റിയര്‍ ഡിസ്ക് ബ്രേക്ക്, ഇഎസ്പി, ISOFIX ആങ്കറുകള്‍ എന്നിവ ലഭ്യമാണ്. ഉയര്‍ന്ന വകഭേദങ്ങളില്‍ പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട്- ഹില്‍ ഡിസന്റ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്റ് സ്പോട്ട് മോണിറ്റര്‍, സെഗ്മെന്റില്‍ ആദ്യമായി ലെവല്‍ 2 അഡാസ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ലഭ്യമാണ്.
സോണറ്റ്, വെന്യു തുടങ്ങിയ എതിരാളികള്‍ക്ക് ലെവല്‍ 1 ക്യാമറ ബേസ്ഡ് അഡാസ് സാങ്കേതികവിദ്യയാണുള്ളത്.
കരുത്തുറ്റ എൻജിൻ
എന്‍ട്രി ലെവല്‍ MX1, MX2 PRO, MX3, AX5 വകഭേദങ്ങളില്‍ 111 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഈ മോഡലുകളില്‍. ഇന്ധനക്ഷമത 18.89 കിമി. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓപ്ഷന് സ്വീകരിച്ചാല്‍ ഇന്ധനക്ഷമത 17.96 കിലോമീറ്ററായി കുറയും.
117 എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍(ഇന്ധനക്ഷമത 20.6കിമി) 6 സ്പീഡ് എഎംടി(ഇന്ധനക്ഷമത 21.2 കിമി) ഓപ്ഷനുകള്‍. AX5L മുതല്‍ മുകളിലേക്കുള്ള വകഭേദങ്ങളില്‍ കൂടുതല്‍ കരുത്തുള്ള 131 എച്ച്പി, 1.2 ലീറ്റര്‍ ഡയറക്ട് ഇന്ജക്ഷന് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്.
6 സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് (ഇന്ധനക്ഷമത 18.2 കിമി), 6 സ്പീഡ് മാനുവല്‍ (ഇന്ധനക്ഷമത 20.1 കിമി) ഓപ്ഷനുകള്‍.