100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ നിരത്തിലേക്ക്
Saturday, August 26, 2023 1:13 PM IST
പൂർണമായും എഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാർ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട ഇന്നോവയുടെ എഥനോൾ വേരിയന്റ് ചൊവ്വാഴ്ച പുറത്തിറക്കുമെന്നു കേന്ദ്ര റോഡ് ട്രാൻസ്പോർട്ട്-ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
ലോകത്തെ ആദ്യ ഭാരത് സ്റ്റേജ് സിക്സ് (സ്റ്റേജ് രണ്ട്) ഇലക്ട്രിഫൈഡ് ഫ്ളകസ് ഫ്യൂവൽ വെഹിക്കിളായിരിക്കും ഇത്. 2004ൽ രാജ്യത്ത് പെട്രോൾ വില വർധിച്ചതിനുശേഷമാണു ജൈവ ഇന്ധനങ്ങളെക്കുറിച്ചു താൻ ചിന്തിച്ചുതുടങ്ങിയതെന്നും ബ്രസീലിൽ താൻ നടത്തിയ സന്ദർശനം ഇതിനു പ്രേരണയായെന്നും ഗഡ്കരി പറഞ്ഞു.
ജൈവഇന്ധനം അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതുമൂലമുള്ള ചെലവു കുറയ്ക്കാനാകുമെന്നും ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കുള്ള ബദൽ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്ര സർക്കാർ എഥനോൾ കാർ പുറത്തിറക്കുന്നത്. നിലവിൽ പരന്പരാഗത ഇന്ധനങ്ങളുടെ ഉയർന്ന വിലകാരണം ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്കും സിഎൻജിയിലേക്കും ചേക്കേറുകയാണ്.
എന്നാൽ, ഇവയ്ക്കു വലിയ ചെലവുണ്ട്. ഇതിനു പരിഹാരമായി കൂടിയാണ് ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്.
20 ശതമാനം എഥനോൾ കലർത്തിയുള്ള പെട്രോളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് ഇന്ത്യയിൽ ഇപ്പോൾ വിപണിയിലെത്തുന്നത്. 2025 ആകുന്പോഴേക്കും പെട്രോളിൽ എഥനോളിന്റെ അളവ് 20 ശതമാനമായി വർധിപ്പിക്കാനാണു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഏഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതിൽ വലിയ തോതിൽ കുറവുവരുത്താനും രാജ്യത്തിനാകും.