ടാബ് ആരാധകര്‍ക്കായി രണ്ടു മോഡലുകള്‍ അവതരിപ്പിച്ച് സാംസംഗ്
Saturday, April 12, 2025 1:03 PM IST
സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കിയെങ്കിലും ഇപ്പോഴും ആരാധകരുള്ള സ്മാര്‍ട്ട് ഡിവൈസാണ് ടാബുകള്‍. ടാബ് ആരാധകരെ ലക്ഷ്യമിട്ട് രണ്ട് ടാബുകളാണ് സാംസംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാംസംഗ് ഗാലക്സി ടാബ് എസ്10 എഫ്ഇ, ഗാലക്സി ടാബ് എ10 എഫ്ഇ+ എന്നിവ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ടാബ്ലെറ്റുകളിലെ ഡിസ്പ്ലേ 90ഹെഡ്സ് റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്നസ് മോഡില്‍ 800 നൈറ്റ്സ് വരെ തെളിച്ചവും വാഗ്ദാനം ചെയ്യുന്നു.
പ്ലസ് മോഡലിലെ 13.1 ഇഞ്ച് ഡിസ്പ്ലേ ഇതുവരെയുള്ള എഫ്ഇ സീരീസ് ടാബ്ലെറ്റിലെ ഏറ്റവും വലിയ ഡിസ്പ്ലേയാണ്. രണ്ട് മോഡലുകളിലും 13 മെഗാപിക്സല്‍ പിന് കാമറയും 12 മെഗാപിക്സല്‍ മുന്‍ കാമറയും ഉണ്ട്.
ഗാലക്സി ടാബ് എസ്10 എഫഇ+ന് 10,090 എംഎഎച്ച് ബാറ്ററിയുണ്ട്. അതേസമയം ടാബ് എസ്10 എഫ്ഇക്ക് 8,000 എംഎഎച്ചാണ് ബാറ്ററി. രണ്ടും 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.
പൊടി, ജല പ്രതിരോധത്തിനായി രണ്ട് ടാബ്ലെറ്റുകളിലും ഐപി 68 റേറ്റിംഗ് ഉണ്ട്. പവര്‍ ബട്ടണിലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ടാബ്ലെറ്റുകളുടെ സവിശേഷതയാണ്.
ഗ്രേ, സില്‍വര്‍, നീല എന്നീ മൂന്ന് നിറങ്ങളില്‍ ടാബുകള്‍ ലഭ്യമാകും. ഗാലക്സി ടാബ് എസ്10 എഫ്ഇയുടെ വില 42,999 രൂപയില്‍ ആരംഭിക്കുന്നു. ഗാലക്സി ടാബ് എസ്10 എഫ്ഇ പ്ലസിന്റെ വില 53,999 രൂപയില്‍ ആരംഭിക്കുന്നു.
ടാബുകള്‍ ഇപ്പോള്‍ സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും തെരഞ്ഞെടുത്ത കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 4,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.
പുതിയ എഫ്ഇ സീരീസ് ടാബ്ലെറ്റുകള് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവരുടെ ടാബ്ലെറ്റുകള്‍ക്കുള്ള കേയ്സുകള്‍ ലഭിക്കും.