"വ്യൂ വണ്‍സ്' ഫീച്ചറില്‍ വാട്സ്ആപ്പിന്റെ കിടിലം അപ്ഡേറ്റ്
Wednesday, February 5, 2025 4:23 PM IST
വാട്സ്ആപ്പ് ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ "വ്യൂ വണ്‍സ്' മീഡിയ കാണാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആന്‍ഡ്രോയ്ഡ് 2.25.3.7 ബീറ്റ വേര്‍ഷനില്‍ പുത്തന്‍ ഫീച്ചര്‍ വാ ബീറ്റ ഇന്‍ഫോ കണ്ടെത്തി.
വാ ബീറ്റ ഇന്‍ഫോ ഈ പുതിയ ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് അവരുടെ ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ മീഡിയ ഫയലുകള്‍ വ്യൂ വണ്‍സ് രീതിയില്‍ ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പ് നല്‍കുന്നതായി കാണാം.
ലിങ്ക് ചെയ്ത ഉപകരണങ്ങളില്‍ വ്യൂ വണ്‍സ് ആയി ഫോട്ടോകളും വീഡിയോകളും കാണാനും ഓഡിയോ കേള്‍ക്കാനുമുള്ള ഓപ്ഷന് വാട്സ്ആപ്പ് ഇതുവരെ നല്‍കിയിരുന്നില്ല.
ഡെസ്ക്ടോപ്പ് ആപ്പ് ഉള്‍പ്പെടെ മറ്റ് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം വാട്സ്ആപ്പ് "സെന്‍ഡ് വ്യൂ വണ്‍സ്' മീഡിയ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു.
ബീറ്റ ടെസ്റ്റിംഗ് കഴിഞ്ഞ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് എല്ലാ യൂസര്‍മാര്‍ക്കുമായി പുറത്തിറക്കുന്നതോടെ ലിങ്ക് ചെയ്ത ഉപകരണങ്ങളിലും ഫോട്ടോകളും വീഡിയോകളും വോയ്സ് സന്ദേശങ്ങളും "വ്യൂ വണ്‍സ്' രീതിയില്‍ തുറക്കാനുള്ള ഓപ്ഷന് ലഭിക്കും.
കമ്പനി നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.