ഇവിടെ പൂക്കളും പച്ചക്കറികളും കോടതി കാര്യം
Saturday, February 22, 2025 3:19 PM IST
കോടതി എന്നാൽ ജഡ്ജിയും വക്കീലും, കേസും വഴക്കും, കള്ളനും പോലീസും എന്നൊക്കെയാണ് പൊതുവേയുള്ള ധാരണ. എന്നാൽ, ആലപ്പുഴ ജില്ലാകോടതിക്ക് അതു മാത്രമല്ല കാര്യം.
അവിടെ പൂക്കളും പച്ചക്കറികളും കൂടി കോടതി കാര്യമാണ്. കണ്ണിനും മനസിനും കുളിർമ പകർന്ന് കോടതി സമുച്ചയത്തിൽ നിറഞ്ഞു നിൽക്കുന്ന പൂക്കളും പച്ചക്കറികളും വെളിപ്പെടുത്തുന്ന കാര്യവും അതുതന്നെ.
അത്രയ്ക്കുണ്ട് ആലപ്പുഴ ജില്ലാ കോടതി കെട്ടിടത്തിന്റെ മട്ടുപ്പാവുകളിലും, ടെറസുകളിലേയും വിളഞ്ഞു നിൽക്കുന്ന പൂക്കളും പച്ചക്കറികളും. ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ജില്ലാ കോടതി സമുച്ചയം.
പഴമയ്ക്കും പാരന്പര്യത്തിനും ഒപ്പം ആധുനികതയും കൂടിച്ചേരുന്ന സുന്ദരസ്ഥാനം. വൻ മരങ്ങൾ തണൽ വിരിച്ചു നില്ക്കുന്ന കോടതി വളപ്പിൽ എപ്പോഴും തണുത്ത അന്തരീക്ഷമാണ്. അതോടൊപ്പം പച്ചക്കറികളും പൂക്കളും കൂടിയാകുന്പോൾ ആകർഷകത്വം ഇരട്ടിക്കും.
കോടതി ഉദ്യോഗസ്ഥരും അഭിഭാഷകരും ഗുമസ്തൻമാരും ജില്ലാ ലിഗൽ സർവീസ് അഥോറിറ്റി ഉദ്യോഗസ്ഥരുമൊക്കെ ചേർന്നു നടത്തുന്ന ഈ കാർഷിക പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നതും വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതും ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ്.
ഈ സംരംഭം ഉദ്ഘാടനം ചെയ്തതും, ആദ്യ വിളവെടുപ്പ് നിർവഹിച്ചതും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി.അരുണ്കുമാറായിരുന്നു. തോട്ടത്തിന്റെ ദൈനംദിന പരിപാലനത്തിനു നേതൃത്വം നൽകുന്നത് ജില്ലാ കോടതി സീനിയർ സൂപ്രണ്ട് നാരായണൻ കുട്ടിയാണ്.
ആദ്യം സ്വന്തമായി പണം മുടക്കിയാണ് മട്ടപ്പാവ് കൃഷി തുടങ്ങിയതെങ്കിലും പിന്നീട് കൃഷി വകുപ്പിൽ നിന്നും 50000 രൂപ ധനസഹായം ലഭിച്ചു. ഇതോടെ കൂടുതൽ മികച്ച രീതിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്യാനുള്ള പരിശ്രമത്തിലാണ് കോടതിയിലെ കൃഷികൂട്ടം.
തിരക്കേറിയ കോടതിക്ക് ഇത്രയുമാകാമെങ്കിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും ഇത്തരം കൃഷി രീതികൾ വിജയകരമായി നടപ്പാക്കാനാവില്ലേ എന്നാണ് സാധാരണക്കാരുടെ ചോദ്യം.
ഫോണ്: 9447505677