ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബൻ സിനിമയിലേക്ക്
Friday, October 10, 2025 2:27 PM IST
സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻബൻ ഉദയനിധി. മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ ഇൻബൻ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇരുപതുകാരനായ ഇൻബൻ ഉദയനിധി അഭിനയ ക്ലാസുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. അടുത്തിടെയാണ് ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസ് എന്ന നിർമാണ കമ്പനി ഇൻബൻ ഏറ്റെടുത്തത്.
നിലവിൽ ‘ബൈസൺ കാലമാടന്റെ’ പണിപ്പുരയിലാണ് മാരി സെൽവരാജ്. ധനുഷിന്റെ 56–ാമത് ചിത്രം ചെയ്യുന്നതും മാരി സെൽവരാജാണ്. ഈ ചിത്രത്തിന് മുൻപായിരിക്കും ഇൻബനെ നായകനാക്കിയുള്ള ചിത്രമെത്തുക.
2023 ൽ പുറത്തിറങ്ങിയ മാമന്നൻ എന്ന പൊളിറ്റിക്കൽ ഡ്രമയിലാണ് ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിച്ചത്. ഇതിനുശേഷം ഉദയനിധി സ്റ്റാലിൻ അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.