ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിലിരുത്തിയത്: സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം പറഞ്ഞ് കാവ്യ മാധവൻ
Friday, October 10, 2025 11:12 AM IST
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വെളിപ്പെടുത്തി നടി കാവ്യ മാധവൻ. ദിലീപാണ് തന്നെ വീട്ടിലിരുത്തിയതെന്ന പൊതുധാരണ തിരുത്തുകയാണെന്നും തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു വീട്ടിലിരുന്ന് കുടുംബജീവിതം പൂർണമായും അനുഭവിച്ചറിയുക എന്നതെന്നും കാവ്യ പറയുന്നു.
ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങിൽ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം.
‘‘ദിലീപേട്ടൻ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ പറ്റിയില്ല. അദ്ദേഹത്തിനു അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയിൽ പോകേണ്ടി വന്നു. ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാൻ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു.
അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടൻ അല്ല എന്നെ വീട്ടിൽ നിർത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ടായിരുന്നു.
അതിനുവേണ്ടിയിട്ടാണ് ഞാൻ ഒരു ബ്രേക്ക് എടുത്തത്. എല്ലാവർക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കൽ കൂടി ഈ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു.’’കാവ്യാ മാധവന്റെ വാക്കുകൾ.
വിവാഹശേഷം ദിലീപ്, കാവ്യയെ അഭിനയിക്കാൻ വിടുന്നില്ല എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന കമന്റുകൾക്ക് മറുപടിയായാണ് കാവ്യ ഇത്രയും കാലത്തെ മൗനം ഭേദിച്ചത്. കാവ്യ മാധവന്റെ ഫാൻസ് പേജുകളിലും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘‘ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവർക്കുള്ള മറുപടി. ഒന്നും അറിയാതെ കമന്റ് ബോക്സിൽ വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു അതിനെ ബഹുമാനിക്കുക. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചു വരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.’’കാവ്യയുടെ ഫാൻസ് പേജിൽ വീഡിയോ പങ്കുവച്ച് കുറിച്ചതിങ്ങനെ.
2016ലാണ് കാവ്യ മാധവൻ നായികയായെത്തിയ ചിത്രം പിന്നെയും റിലീസായത്. പിന്നീട് ഒൻപതു വർഷങ്ങളായി താരം സിനിമയിൽ അഭിനയിച്ചിട്ട്. ഇപ്പോൾ പൂർണമായും കുടുംബിനി ആയി മാറിയ കാവ്യ മകൾ അഞ്ചുവയസുകാരി മഹാലക്ഷ്മിക്കൊപ്പം ചെന്നൈയിലാണ് താമസം.