"തുടരും' വെള്ളിയാഴ്ച എത്തും! ആദ്യ ഷോ രാവിലെ പത്തിന്
Wednesday, April 23, 2025 8:54 AM IST
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്ത്. ഏപ്രിൽ 25ന് രാവിലെ പത്തിനാണ് ആദ്യോ ഷോ. റിലീസിനോട് അനുബന്ധിച്ചുള്ള ബുക്കിംഗ് ബുധനാഴ്ച ആരംഭിക്കും.
ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൺമുഖം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ലളിത എന്ന കഥാപാത്രം അവതരിപ്പിച്ച് ശോഭനയും ഒപ്പമുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്.
‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുമെന്നും റിപ്പോർട്ട് ഉണ്ട്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു.
കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും കഥാകൃത്തും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം ജയ്ക്സ് ബിജോയ്.
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീര സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൺ പോടുത്താസ്, പിആർഒ - വാഴൂർ ജോസ്.