ഞാൻ എന്താ പറയ്ക ഇങ്ങളോടെന്ന് ആസിഫ് അലി; കെട്ടിപ്പിടിച്ച് രമേഷ് നാരായണൻ; വീഡിയോ
Thursday, March 20, 2025 2:54 PM IST
കഴിഞ്ഞ വർഷം ഏറെ ചർച്ചകൾക്ക് വഴിവച്ചതായിരുന്നു ഒരു പൊതുവേദിയിൽ വച്ച് നടൻ ആസിഫ് അലിയോടുള്ള സംഗീത സംവിധായകൻ രമേഷ് നാരായണന്റെ പെരുമാറ്റം.
എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് വേദിയിലായിരുന്നു ആസിഫിനോട് രമേഷ് നാരായണൻ മോശമായി പെരുമാറിയത്.
ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് മൊമന്റോ കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിൽ വച്ചാണ് ഇരുവരും വീണ്ടും കണ്ടതും സന്തോഷം പങ്കിട്ടതും.
"ഞാന്‍ എന്താ പറയ്ക ഇങ്ങളോട്" എന്ന് രമേഷ് നാരായണനോട് ചോദിക്കുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം. ഏതായാലും വീഡിയോ ആസിഫിന്റെ ആരാധകരടക്കം നിരവധി പേരാണ് ഏറ്റെടുത്തത്.