രജനികാന്ത് - ലോകേഷ് ചിത്രം "കൂലി'ക്ക് പാക്കപ്പ്; ചിത്രത്തിൽ സൗബിനും
Wednesday, March 19, 2025 3:03 PM IST
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിൽ രജനിക്കൊപ്പം തിളങ്ങാനൊരുങ്ങുന്ന മലയാളത്തിന്റെ പ്രിയനടൻ സൗബിൻ ഷാഹിറിനെ പാക്കപ്പ് ദിവസത്തെ ചിത്രത്തിൽ കാണാം. ഒപ്പം ശ്രുതി ഹസനും സത്യരാജുമുണ്ട്. ലോകേഷ് തന്നെയാണ് പാക്കപ്പ് ചിത്രങ്ങൾ എക്സിൽ പങ്കുവച്ചത്.
രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ആമിർ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.