നഷ്ടങ്ങൾ മാത്രമായി മാറിയ 4 സീസൺസ്; രണ്ടര കോടി മുടക്കിയ ചിത്രത്തിന് ലഭിച്ചത് പതിനായിരം രൂപ
Saturday, February 8, 2025 12:15 PM IST
കഴിഞ്ഞ മാസം മലയാളസിനിമയ്ക്ക് നഷ്ടങ്ങളുടെ മാസമായിരുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയത് നിർമാതാക്കളുടെ സംഘടനയായിരുന്നു. 110 കോടി രൂപയുടെ നഷ്ടമാണ് ജനുവരി മാസം മാത്രം സിനിമ മേഖലയിലുണ്ടായത്. ഇപ്പോഴിതാ കഴിഞ്ഞ മാസം റിലീസ് ചെയ്തതിൽ ഏറ്റവും അധികം നഷ്ടം വന്ന ചിത്രമായി മാറിയിരിക്കുകയാണ് ഫോർ സീസൺസ് എന്ന ചിത്രം.
രണ്ടര കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. നിർമാതാക്കളുടെ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറുമാണ് സംഘടന പുറത്തുവിട്ടിരുന്നു.
ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രിസ് എ. ചന്ദർ നിർമിച്ച ചിത്രം ജനുവരി അവസാന വാരമാണ് റിലീസിനെത്തിയത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചത് വിനോദ് പരമേശ്വരൻ ആയിരുന്നു.
മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ എത്തിയത്. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.
കല്യാണ ബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റ് ആയ റോളിംഗ് സ്റ്റോണിന്റെ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും ചിത്രം പറയുന്നു.
മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിച്ചത്. നായികയായത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.