എടാ മോനേ..ആവേശം സംവിധായകന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ
Saturday, December 14, 2024 9:56 AM IST
ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മോഹൻലാലിന്റെ പുതിയ സിനിമ വരുന്നു. രോമാഞ്ചം, ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ നായകനാകുന്നത്. ഗോകുലം ഗോപാലാനാണ് ചിത്രം നിർമിക്കുന്നത്.
ബംഗളൂരു തന്നെയാണ് ഈ സിനിമയുടെയും പശ്ചാത്തലമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം മാർച്ചിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടർന്ന് ജൂണിൽ ചിത്രീകരണം ആരംഭിക്കും. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്.
140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക.
അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ തുടരും ആണ് ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു മോഹൻലാൽ സിനിമ.