ഞാനും അനീതി നേരിട്ടു; വെളിപ്പെടുത്തി വിമല രാമന്
Monday, October 7, 2024 12:21 PM IST
ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വിമല രാമൻ. പിന്നീട്, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു താരം. ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരികയാണ് വിമല. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു സംസാരിക്കുകയാണ് വിമല രാമന്.
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിമല രാമന് പറയുന്നത്. ഒരു അഭിമുഖത്തിലാണ് വിമല മനസുതുറന്നത്. കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് അതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയില്‍ മാത്രം ഉള്ളതാണ് എന്നു പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളില്‍ ഇതു കണ്ടുവരുന്നുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് അതു കുറഞ്ഞുവരുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- വിമല പറഞ്ഞു.
അതേസമയം തനിക്കു നേരിടേണ്ടി വന്ന മറ്റൊരു അനീതിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഞാനും അനീതി നേരിട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍ കന്നഡയില്‍ ചെയ്ത ഒരു സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. അതിലെ എന്റെ കഥാപാത്രത്തിനു വലിയ പ്രശംസയും ലഭിച്ചു. ഈ സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ അവര്‍ എന്നെ വിളിച്ചു.
പക്ഷെ ഞാന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രമല്ല എനിക്കു തന്നത്. തെലുങ്കിലെ മാര്‍ക്കറ്റ് വാല്യു നോക്കിയാണ് അവര്‍ നായികയെ തെരഞ്ഞെടുത്തത്. എന്നോട് പകരം വേറൊരു റോള്‍ ചെയ്യാന്‍ പറഞ്ഞു. പക്ഷേ ഞാന്‍ ആ സിനിമ ചെയ്യാന്‍ സമ്മതിച്ചില്ല. കാരണം കന്നഡയില്‍ ഹിറ്റടിച്ച് സിനിമ തെലുങ്കിലേക്കു മാറ്റുമ്പോള്‍ എന്തിനാണു നായികയെ മാറ്റിയൊരു പരീക്ഷണം? പ്രധാനമായും ഞാന്‍ കന്നഡയില്‍ ചെയ്ത കഥാപാത്രം ഇത്രയും ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിൽ. അതു ന്യായമല്ലല്ലോ- വിമല വ്യക്തമാക്കി.
താൻ സിനിമയിൽനിന്ന് ഇടവേളയെടുക്കാൻ കാരണമായി മാറിയ പ്രതിസന്ധിയെക്കുറിച്ചും വിമല രാമന് സംസാരിക്കുന്നുണ്ട്. ഞാന്‍ കുറച്ചു കാലം ചൂസി ആയിരുന്നു എന്നു തന്നെ പറയാം. ഞാന്‍ എല്ലാ ടൈപ്പ് കഥാപാത്രങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ ഓസ്ട്രേലിയയില്‍ ആയിരുന്നതു തന്നെ എന്നെ സംബന്ധിച്ച് ഒരു പ്രതിസന്ധിയാണ്.
കാരണം ഇവിടെ സിനിമകള്‍ ചെയ്യുമ്പോള്‍ ശരിയായി കമ്യൂണിക്കേഷന്‍ സാധ്യമായിരുന്നില്ല. വിമല രാമന് ഓസ്ട്രേലിയയില്‍ ആണ്, അതുകൊണ്ട് ഇവിടെ അവസരമുണ്ടെങ്കിലും വിളിച്ചാല്‍ അവര്‍ വരില്ലെന്നായിരുന്നു കുറച്ചുപേരെങ്കിലും ധരിച്ചിരുന്നത്. അതെല്ലാം എനിക്ക് സിനിമ കിട്ടാന്‍ തടസമായി. എന്നാൽ ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു- വിമല രാമന് കൂട്ടിച്ചേർത്തു.
തമിഴ് ചിത്രം പോയ് ആയിരുന്നു വിമല രാമന്റെ ആദ്യ സിനിമ. ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. പ്രണയകാലത്തിലൂടെയാണ് വിമല താരമായി മാറി. തുടര്‍ന്ന് നസ്രാണി, റോമിയോ, കല്‍ക്കട്ട ന്യൂസ്, കോളജ് കുമാരന്, ഒപ്പം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്തിമതീര്‍പ്പ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് വിമല രാമൻ. മലയാളത്തിലേക്കു തിരികെവരാനുള്ള ഒരുക്കത്തിലാണു താരം.