വിവാദങ്ങളിൽ മുങ്ങാതെ ഓണച്ചിത്രങ്ങൾ
Monday, September 9, 2024 11:07 AM IST
ഓണക്കാലം എന്നും തിയറ്ററുകള്‍ക്കും ഉത്സവകാലമാണ്. സൂപ്പർ താരചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളുമൊക്കെ തിയറ്റർ നിറയ്ക്കാനെത്തുന്ന കാലം. ഓണക്കാല റിലീസ് ലക്ഷ്യമാക്കിത്തന്നെ സിനിമകൾ ഒരുക്കാറുണ്ട്.
എന്നാൽ, മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെയാണ് 2024ലെ ഓണം കടന്നുവരുന്നത്. സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കോളിളക്കം മലയാള സിനിമയെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. സ്ത്രീകൾക്കുനേരേ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും പ്രമുഖരെ അടക്കം നിരവധി താരങ്ങളെയും ടെക്നീഷൻമാരെയുമൊക്കെ ഗുരുതരമായ കേസുകളിലും അകപ്പെടുത്തിയിരിക്കുന്നു.
ആരോപണങ്ങൾ ഭാരവാഹികൾക്കുമെതിരേയുള്ള കൊടുങ്കാറ്റായി മാറിയതോടെ അമ്മ സംഘടനയും ആകെയുലഞ്ഞു. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. വെളിപ്പെടുത്തലുകളെച്ചൊല്ലിയും രാജിയെച്ചൊല്ലിയും സംഘടനയ്ക്കുള്ളിൽത്തന്നെ ചേരിതിരിവ് പ്രകടമായി.
ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇത്തവണ ഒാണച്ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാരംഗത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്കെതിരേയുള്ള പ്രതിഷേധം തിയറ്ററുകളിൽ പ്രതിഫലിക്കില്ലെന്ന പ്രതീക്ഷയോടെയാണ് അണിയറക്കാർ ഓണച്ചിത്രങ്ങൾ റീലീസ് ചെയ്യുന്നത്.
വിവാദം ഉയരുന്നതിനു മുമ്പു തന്നെ സജ്ജമായതാണ് ഒാണച്ചിത്രങ്ങൾ എല്ലാംതന്നെ. അതേസമയം, സൂപ്പർതാരങ്ങളുടെയും മലയാളത്തിലെ പ്രമുഖ മുൻനിര യുവ നായകന്മാരുടെയും സിനിമകൾ ഈ ഓണത്തിനു പ്രദർശനത്തിനില്ല എന്നതും ശ്രദ്ധേയം. ഈ ഒാണക്കാലത്ത് തിയറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്.
ഇളയ ദളപതിയുടെ ഗോട്ട്
ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം GOAT ഓണക്കാലത്ത് മലയാള സിനിമകളോടു മത്സരിക്കാൻ സെപ്റ്റംബർ അഞ്ചിന്, കുറച്ചു നേരത്തെതന്നെ തിയറ്ററുകളിലെത്തി. The Greatest Of All Time എന്നാണ് സിനിമയുടെ മുഴുവൻ പേര്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 400 കോടി ബജറ്റിലാണ് നിർമിച്ചത്. റിലീസിന് മുന്നേ പ്രീ-ബുക്കിങ്ങിൽ സിനിമ റിക്കാർഡ് നേടി. ഇന്ത്യൻ 2-നെയും മറികടന്നിരുന്നു.
അജയന്റെ രണ്ടാം മോഷണം
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരുടേതാണ് തിരക്കഥ. ടൊവിനോ അഭിനയിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണിത്.
കിഷ്കിന്ധാകാണ്ഡം
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്കിന്ധാകാണ്ഡം. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. ഗുഡ്വിൽ എന്റടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിക്കുന്നത്.
കൊണ്ടല്‍
വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ ആണ് മറ്റൊരു ഓണച്ചിത്രം. കൊണ്ടൽ എന്ന വാക്ക് കടൽ മക്കളുടേതാണ്. കടലിൽനിന്നു കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് ഇവർ കൊണ്ടൽ എന്നു പറയുന്നത്. മാനുവൽ എന്ന യുവാവിന്റെ മനസിൽ നുരയുന്ന പ്രതികാരം കനലായി എരിയുന്നത് കടലിനെയും കടപ്പുറത്തെയും സംഘർഷഭരിതമാക്കുന്ന കഥ.
പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് (പെപ്പെ) മാനുവലിനെ അവതരിപ്പിക്കുന്നു. പ്രശസ്ത ബോളിവുഡ് താരം രാജ് ബി. ഷെട്ടി ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമായെത്തുന്നു.
നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, പി.എച്ച്. അഫ്സൽ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭ, കുടശനാട് കനകം, ഉഷ, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിടുന്നു.
ബാഡ് ബോയ്സ്
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളിലെ ത്തുന്ന ഒമർ ലുലു ചിത്രമാണ് ബാഡ് ബോയ്സ്. കളർഫുൾ ചിത്രം. കോമഡിയും ആക്ഷനും ഒരുപോലെ സംയോജിപ്പിച്ച് എത്തുന്നു.
അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അജു വർഗീസ്, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ, വിഷ്ണു ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കുമ്മാട്ടിക്കളി
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി നായകനാവുന്ന കുമ്മാട്ടിക്കളിയും ഓണത്തിനു തിയറ്ററുകളിലലെത്തും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർബി ചൗധരി നിർമിക്കുന്ന ഈ സിനിമ ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്നു. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, ആൽവിൻ ആന്റണി ജൂണിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നിവയുടെ സംവിധായകൻ ഷെബി ചൗഘട്ടും ഒന്നിക്കുന്ന സിനിമയാണിത്.
സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസാണ് നായകൻ. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷ്റഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പ്രതിഭ ട്യൂട്ടോറിയൽസ്
അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ചു ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമിച്ച പ്രതിഭ ട്യൂട്ടോറിയൽസും ഓണത്തിന് രണ്ടു നാൾ മുന്‍പു തിയറ്ററുകളിൽ എത്തും. ഡിഒപി രാഹുൽ സി. വിമല. സംഗീതം കൈലാസ്മേനോൻ.
സുധീഷ്, നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ (ഹൃദയം ഫെയിം), ശിവജി ഗുരുവായൂർ, എൽദോ രാജു, ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.
മത്സരിക്കാൻ ഈ ചിത്രങ്ങളും
ഏതാനും ദിവസങ്ങൾക്കു മുന്‍പു തിയറ്ററുകളിലെത്തിയ ജീത്തു ജോസഫിന്റെ നുണക്കുഴി, ആനന്ദ് മേനോന് സംവിധാനം ചെയ്ത വാഴ, ഷാജി കൈലാസിന്റെ ഹണ്ട്, സൈജു ശ്രീധരന്റെ ഫുട്ടേജ്, അരുണ്‍ വെണ്‍പാലയുടെ കര്‍ണിക, ഹരിദാസിന്റെ താനാരാ, വി.കെ. പ്രകാശിന്റെ പാലും പഴവും, കണ്ണന് താമരക്കുളത്തിന്റെ വിരുന്ന്, കൃഷ്ണദാസ് മുരളിയുടെ ഭരതനാട്യം തുടങ്ങിയ ചിത്രങ്ങളും ഓണച്ചിത്രങ്ങളോടു മത്സരിക്കാന്‍ തിയറ്ററുകളിലുണ്ട്.
മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെ 20ന് ഓണച്ചിത്രങ്ങളോടു മത്സരിക്കാനെത്തും. പ്രശസ്ത നർത്തകി മേതിൽ ദേവികയാണ് നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
തയാറാക്കിയത് : പ്രദീപ് ഗോപി