ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് ഹൈക്കോടതിയില്‍. തന്നെ കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
പരാതിക്കാരിയെ സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണം. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫിസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്.
ബംഗാളി നടി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോസിയേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്ലാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.
യഥാർഥത്തിൽ ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്. ശങ്കർ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയിൽ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുൾപ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നു.
അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. താൻ നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചെന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം. നടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ -മെയിൽ ആയി നൽകിയ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെതിരേ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പ് പ്രകാരമാണു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.