ലഹരി പാർട്ടി ആരോപണം: ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി റിമ കല്ലിങ്കൽ
Tuesday, September 3, 2024 11:21 AM IST
തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും.
നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു ലഹരിപാർട്ടികൾ നടത്തിയിരുന്നതെന്നും ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും അവർ പറഞ്ഞിരുന്നു.
സുചിത്ര പറഞ്ഞതിങ്ങനെ
ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്.
ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയർ തകർന്നത്. പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്?
റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റെയും വീട്ടിലായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെൺകുട്ടികൾക്ക് റിമ അത് ആദ്യം നൽകി. ഇവരുടെ പാർട്ടികളിൽ എത്രയെത്ര പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്.
റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്. സുചിത്ര പറഞ്ഞു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.