അറിവിന്റെ ആഗോള പാഠശാലയാണ് ഗൂഗിൾ ക്ലാസ് റൂം. 2014 മേയിലാണ് ‘ക്ലാസ്റൂം’ എന്ന പേരിൽ പഠനാവശ്യങ്ങൾക്കു വേണ്ടിയുള്ള ഗൂഗിളിന്റെ ഈ ആപ്ലിക്കേഷൻ പുറത്തിറങ്ങിയത്. ഗൂഗിൾ ക്ലാസ് റൂം എന്ന ആശയം മറ്റുള്ള ഓണ്‍ലൈൻ ലേണിംഗ് പ്ലാറ്റ്ഫോമുകളുടെ വികസിതമായ ഒരു രൂപമാണ്. അധ്യാപകരെയും വിദ്യാർഥികളെയും നാല് ചുവരുകൾക്കുള്ളിൽ തളച്ചിടുക എന്ന പരന്പരാഗത പഠനരീതിയെ പൊളിച്ചെഴുതുകയാണ് ഈ ആശയം. യൂണിവേഴ്സിറ്റികൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങി മാതാപിതാക്കൾക്കു പോലും സംവദിക്കാനുള്ള അവസരം ഈ പ്ലാറ്റ്ഫോം നൽകുന്നു.
മുഖാമുഖ പരിശീലനം ഒഴിവാക്കുന്നതിലൂടെ ലഭ്യമാകുന്ന സമയലാഭം, സാന്പത്തിക ലാഭം എന്നിവ ഇ-ലേണിംഗിനു വൻ സ്വീകാര്യത നേടിക്കൊടുത്തു. ഗൂഗിൾ ക്ലാസ്റൂമിന്റെ അനുബന്ധ ഉത്പന്നങ്ങൾ ആയ ഇ-മെയിൽ, ഡ്രൈവ്, ഡോക്സ് എന്നിവ വിവരങ്ങൾ കൈമാറാനും ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കാനും സഹായിക്കുന്നു. ഗൂഗിൾ ക്ലാസ്റൂമിൽ വിദ്യാർഥികൾക്ക് അവരുടെ ഫയലുകൾ ലിഖിത രീതിയിൽ അല്ലാതെ തന്നെ ചിട്ടപ്പെടുത്തി സൂക്ഷിക്കാൻ കഴിയുന്നു, അധ്യാപകർക്ക് പഠനസംബന്ധമായ കാര്യങ്ങളിൽ വിദ്യാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പെട്ടെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ സഹായം നൽക്കാൻ സാധിക്കുന്നു, ഗ്രേഡിംഗ് പ്രക്രിയകൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാനും വിദ്യാർഥികൾ സമർപ്പിക്കുന്ന അസൈൻമെന്റുകളുടെ കൃത്യമായ വിശകലനം എളുപ്പത്തിൽ സാധ്യമാക്കാനും ഗൂഗിൾ ക്ലാസ് റൂം സഹായകരമാണ്.
വിർച്വൽ ലേണിംഗിന്റെ തുടക്കം
ആദ്യത്തെ ഫലപ്രദമായ വിർച്വൽ പഠന സംവിധാനമായി കണക്കാക്കപ്പെടുന്നത് UrbaPLATO (പ്രോഗ്രാമിക് ലോജിക് ഫോർ ഓട്ടോമേറ്റഡ് ടീച്ചിംഗ് ഓപ്പറേഷൻസ്) ആണ്. തുടർന്ന് കാലാകാലങ്ങളിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് നൂതന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കിയതിന്റെ ഫലമാണ് ഇന്നു കാണുന്ന പല ഓണ്‍ലൈൻ, വെർച്വൽ പ്ലാറ്റ്ഫോമുകളും. അതിൽ ഏറ്റവും എടുത്തുപറയാവുന്ന ഒന്നാണ് ഗൂഗിൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ഗൂഗിൾ ക്ലാസ് റും.
2018 ഒക്ടോബർ ആദ്യവാരത്തോടെ ഗൂഗിൾ തങ്ങളുടെ ക്ലാസ്റൂം സ്യൂട്ട് വിവിധ ഡിവൈസുകൾക്ക് അനുയോജ്യമായ തരത്തിൽ പുറത്തിറക്കി. ക്ലാസിൽ വിദ്യാർഥികളെ കൂടുതലായി ആകർഷിച്ച് അവരുടെ സാന്നിധ്യവും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ സംവിധാനം, ഓരോ വിദ്യാർഥിക്കും പൊതുവായ ചോദ്യത്തിനുള്ള ഉത്തരം നൽകുന്നതിനുള്ള അവസരം ഉറപ്പുവരുത്തുന്നു. പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രത്യേകതകൾ ഇപ്പോൾ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്.ഒരു വിദ്യാർഥിയോട് മൊബൈൽ ആപ്ലിക്കേഷൻ വഴി ഉത്തരം നൽകാൻ അധ്യാപകർക്ക് ആവശ്യപ്പെടാനും കുട്ടിക്ക് സമയാധിഷ്ടിതമായി ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കി പ്രതികരിക്കാനും അവസരം നൽകുന്നതാണ് ഈ ആപ്ലിക്കേഷൻ.
അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവരെ ഒരു ഏകീകൃത ഫ്രെയിം വർക്കിൽ സംയോജിപ്പിച്ച്, പഠനസാമഗ്രികൾ , കുട്ടികളുടെ പഠന നിലവാര വിശകലനം, വിലയിരുത്തൽ, ഗ്രേഡിംഗ് സവിശേഷതകൾ എന്നിവ സമന്വയിപ്പിച്ച് എളുപ്പത്തിൽ ലഭ്യമാക്കുന്നതാവണം ഒരു യഥാർഥ ലേണിംഗ് പ്ലാറ്റ്ഫോം. അതാണ് ഗൂഗിൾ ക്ലാസ് റൂം വിഭാവനം ചെയ്യുന്നത്.
ബദൽ പഠന സാഹചര്യങ്ങൾ
കുട്ടികളുടെയും അതോടൊപ്പം സാങ്കേതിക തലത്തിൽ അധ്യാപകരുടെയും പ്രഫഷണൽ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ബദൽ പഠന (blended learning) അവസരങ്ങളും ഗൂഗിൾ ക്ലാസ് റൂം പ്രദാനം ചെയ്യുന്നു. വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുടെ ക്രിയാത്മകമായ പങ്കാളിത്തം ഈ ക്ലൗഡ് അധിഷ്ഠിത ടൂളുകൾ സൃഷ്ടിക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കാവുന്ന സൗജന്യ ഗൂഗിൾ സ്യൂട്ടുകളായ ഡ്രൈവ്, ഡോക്സ്, ഫോമുകൾ, സ്ലൈഡുകൾ എന്നിവ കുട്ടികളുടെ പ്രായോഗിക കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിന് സഹായിക്കുന്നു. Massive Open Online Courses (MOOCs) പഠന ആവശ്യങ്ങൾ, വിദൂരവിദ്യാഭ്യാസ ആവശ്യങ്ങൾ, ബദൽ പഠന ആവശ്യങ്ങൾ, സമയബന്ധിതമല്ലാതുള്ള (asynchronous learning opportunities) പഠന ഉപാധികൾ ഇവിടെയെല്ലാം ഗൂഗിൾ ക്ലാസ് റൂം സ്വാധീനം ചെലുത്തുന്നു.
പഠനാനുബന്ധ ആപ്ലിക്കേഷനുകൾ
ഗൂഗിൾ പ്രദാനം ചെയ്യുന്ന പഠനസംബന്ധമായ അനുബന്ധ ആപ്ലിക്കേഷനുകൾ, സർവീസുകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവ പൊതുവിൽ Google Suite of Educational Tools (GAFE) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരം ടൂളുകളുടെ ഫലപ്രദമായ കൂട്ടിച്ചേർക്കലുകളിലൂടെ മാത്രമേ യഥാർഥ ഫലം നേടാൻ കഴിയുകയുള്ളു. നിർഭാഗ്യവശാൽ ഇതുമായി ബന്ധപ്പെട്ട പഠനത്തിനു വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമേ ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളു. ഉള്ളതുതന്നെ സാങ്കേതികവും ഘടനാപരവുമായ വിവരങ്ങളാണ് പ്രദാനം ചെയ്യുന്നതും, ഇതിനു പ്രധാന കാരണം പഠന പ്ലാറ്റ്ഫോമുകളുടെ സ്വഭാവം വളരെ വേഗത്തിൽ മാറുന്നു എന്നതാണ്. ഗൂഗിൾ ക്ലാസ് റൂമിന്റെ ഫലപ്രാപ്തി ശരിയാംവണ്ണം വിനിയോഗിക്കുന്നതിലേക്കായി GAFE tool കളെക്കുറിച്ചും അവ എങ്ങനെ ഉപയോഗിക്കേണ്ടതെന്നും അധ്യാപകരും വിദ്യാർഥികളും ഒരു പോലെ അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.
ഗൂഗിൾ ക്ലാസ്റൂം പ്രവർത്തനം
ഗൂഗിൾ ക്ലാസ്റൂം തികച്ചും ലളിതമാണ്. ഒരു പുതിയ കോഴ്സ് സ്പേസ് സൃഷ്ടിച്ചുകഴിഞ്ഞാൽ About, Students, Stream എന്നിങ്ങനെ മൂന്ന് ടാബുകൾ പരിശീലകനു ലഭ്യമാകും. പരിശീലകൻ CLASSWORK ക്ലിക്ക് ചെയ്യുന്നതോടെ നാലു വ്യത്യസ്ത ടാബുകൾ തുറക്കപ്പെടുന്നു. Reuse Post, Create Question, Create Assignment, Create Announcement. ഇതോടൊപ്പം Topic എന്ന വ്യത്യസ്തമായ ഒരു ടാബ് കൂടി കാണാം. അധ്യാപർക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗൂഗിൾ ഡ്രൈവിൽ സംരക്ഷിക്കാൻ കഴിയും, വിദ്യാർഥികൾ സമർപ്പിച്ചിരിക്കുന്ന അസൈൻമെന്റുകളുടെ നിലവാരം പരിശോധിച്ച് അതിനു മാർക്ക് നൽകുക, കൂടുതൽ വിവരങ്ങൾക്കായി യു ട്യൂബ് ലിങ്കുകളുമായി കൂട്ടി യോജിപ്പിക്കുക, മെയിൽ വഴി വിവരങ്ങൾ വിദ്യാർഥികളുമായി പങ്കുവയ്ക്കുക, ഓണ്‍ലൈനിൽ ഉള്ളവർക്കായി create announcement വഴി പൊതുവായ വിവരങ്ങൾ നൽകുക ഇതൊക്കെയാണ്, ഇതിന്റെ പ്രാരംഭഘട്ടത്തിൽ നൽകിയിരിക്കുന്ന സൗകര്യങ്ങൾ.
ഗൂഗിൾ ക്ലാസ് റൂമിന്റെ മേന്മകൾ
സാങ്കേതികതലത്തിൽ ഇതിന്റെ പ്രധാന മേന്മകളായി എടുത്തു പറയാൻ കഴിയുന്നവ ഉപയോഗിക്കാനുള്ള എളുപ്പം, സമയലാഭം, ക്ലൗഡ് അധിഷ്ഠിതമായതിനാൽ വിവരകൈമാറ്റങ്ങളിലുള്ള കൂടുതൽ കാര്യക്ഷമത, അതുമൂലം എളുപ്പത്തിലും വേഗതയിലും സുഗമമായ രീതിയിലുള്ള ആശയവിനിമയം, അധ്യാപകരെയും പഠിതാക്കളെയും കൃത്യതയോടെ ബന്ധിപ്പിക്കൽ. പഠന പരിതസ്ഥിതികളിലും ഓണ്‍ലൈൻ പരിതസ്ഥിതിയിലും സൗജന്യസേവനം എന്നിവയാണ്. മൊബൈലിൽ ഉപയോഗിക്കാമെന്നതിനാൽ ആർക്കും എപ്പോഴും എവിടെനിന്നും ഇതിലൂടെ സംവദിക്കാൻ കഴിയുന്നു എന്നതും ഇതിന്റെ പ്രധാന മേന്മകളിൽ ഒന്നാണ്
കെ. ജയകുമാർ
(ഐടി വിദഗ്ധൻ, തിരുവനന്തപുരം)