കൊച്ചി: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന "പയനിയർ അവാർഡ് 2025’ ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നുവെന്ന് പ്രസ് ക്ലബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് പറഞ്ഞു.
ജനുവരി 10ന് വൈകുന്നേരം അഞ്ചിന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ സ്പെഷൽ ഓഫിസർ പ്രഫ. കെ.വി. തോമസ് എന്നിവർ പങ്കെടുക്കും.
എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, മാണി സി. കാപ്പൻ, റോജി എം. ജോൺ, ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് എം.ടി. രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
"മാധ്യമശ്രീ’ പുരസ്കാരത്തിന് ഒരു ലക്ഷം രൂപയും "മാധ്യമരത്ന’ പുരസ്കാരത്തിന് 50,000 രൂപയുമാണ് സമ്മാനത്തുക. "പയനിയർ അവാർഡ്’, "മീഡിയ എക്സലൻസ്’ പുരസ്കാരങ്ങൾക്ക് കാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും നൽകും.
ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി. സാജൻ, ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ അടങ്ങുന്നതാണ് ജൂറി. നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, എക്സിക്യൂട്ടീവ് കമ്മിറ്റി, അഡ്വൈസറി ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. സാജ് ഏർത്ത് ഗ്രൂപ്പിന്റെ സാജനും മിനി സാജനുമാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
അവാർഡ് ജേതാക്കൾ: കെ.ജി. കമലേഷ്, രഞ്ജിത്ത് രാമചന്ദ്രൻ, മാതു സജി, അപർണ വി, ടോം കുര്യാക്കോസ്, സിന്ധുകുമാർ, ലിബിൻ ബാഹുലേയൻ, അജി പുഷ്കർ, സെർഗോ വിജയരാജ്, ഷില്ലർ സ്റ്റീഫൻ, എൻ.ആർ.സുധർമ്മദാസ്, ഗോകുൽ വേണുഗോപാൽ, അമൃത എ.യു, ആർ.ജെ.ഫസ്ലു, മനീഷ് നാരായണൻ,
തിരുവനന്തപുരം പ്രസ് ക്ലബ് ബി.അഭിജിത്ത്, രാജേഷ് ആർ. നാഥ്, ഡോ. ജോർജ് മരങ്ങോലി, പേഴ്സി ജോസഫ്, അനിൽ നമ്പ്യാർ, എൻ.പി.ചന്ദ്രശേഖരൻ, പി. ശ്രീകുമാർ, പ്രമോദ് രാമൻ, സി.എൽ.തോമസ്, ആർ.എസ്.ബാബു, ധന്യ രാജേന്ദ്രൻ, ആർ. ശ്രീകണ്ഠൻ നായർ.