കൊച്ചി: ഇത്തവണ ഓണത്തിന് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് യാത്രാ ചെലവ് കൈപൊളളിക്കും. അന്തര്‍ സംസ്ഥാന ആഡംബര സ്വകാര്യ ബസുകളുടെ ബംഗളൂരു-കൊച്ചി സെക്ടറിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ബസ് ടിക്കറ്റിന് 3,000 രൂപയിലധികമാണ് നല്‍കേണ്ടിവരുന്നത്.
എന്നാല്‍ 2,500 രൂപ മുതല്‍ മുന്‍കൂറായി വിമാന ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്രാചെലവ് കുറയ്ക്കാനാകും. സെപ്റ്റംബര്‍ 12ന് വൈകുന്നേരം ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊച്ചിയിലെത്തുന്ന എസി ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതല്‍ 5,200 രൂപ വരെയാണ്. "മേക്ക് മൈ ട്രിപ്പ്' പോലുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്പുകള്‍ സെപ്റ്റംബര്‍ 13ന് ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്ന സൂചനയാണ് നല്‍കുന്നത്.
എസി ലക്ഷ്വറി ബസുകളിലും സീറ്റു ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചില ബസുകളില്‍ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 4,000 രൂപയാണ് ഈടാക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിന് 19 സീറ്റുകള്‍ മാത്രമുള്ള ചില ലക്ഷ്വറി ബസുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ 3,515 രൂപ വരെ ഈടാക്കുന്നുമുണ്ട്.
ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബംഗളൂരു-കൊച്ചി സെക്ടറില്‍ ആ ദിവസങ്ങളിലെ വിമാന ടിക്കറ്റിന്റെ ചാര്‍ജ് തീരെ കുറവാണ്. ഇന്‍ഡിഗോ പോലുള്ള വിമാനക്കമ്പനികള്‍ സെപ്റ്റംബര്‍ 12ന് ഏകദേശം ഒരു മണിക്കൂര്‍ വിമാനത്തിന് 2,515 രൂപ മാത്രമാണ് ഈടാക്കുന്നത്.
വൈകുന്നേരത്തെ നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ക്ക് പോലും 3,090 രൂപയ്ക്ക് (ഇന്‍ഡിഗോ: രാത്രി ഏഴ് ), 3,195 രൂപയ്ക്ക് (അലയന്‍സ് എയര്‍: വൈകിട്ട് 6.20) ടിക്കറ്റുകള്‍ ലഭ്യമാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 4.45 ന് കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് 3,298 രൂപയുമാണ്.
സെപ്റ്റംബര്‍ 12 വരെ ഇതേ ശ്രേണിയില്‍ തുടരുന്ന ഫ്ളൈറ്റ് ചാര്‍ജുകള്‍, സെപ്റ്റംബര്‍ 15 ന് തിരുവോണത്തിന് തൊട്ടുമുമ്പുള്ള വാരാന്ത്യ ദിവസങ്ങളില്‍ വര്‍ധിക്കും. സെപ്റ്റംബര്‍ 13 മുതല്‍ 3,615 രൂപ മുതല്‍ അലയന്‍സ് എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി സെപ്റ്റംബര്‍ 9 മുതല്‍ 20 വരെ ബംഗളൂരുവിലേക്ക് മൊത്തം 60 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നോണ്‍ എസി സൂപ്പര്‍ ഡീലക്സ് ബസുകളാണിത്. ഇതിന് ഫ്ളക്സി ചാര്‍ജുകളും (ആവശ്യാനുസരണം) എന്‍ഡ്ടുഎന്‍ഡ് നിരക്ക് സംവിധാനവും ബാധകമായിരിക്കും.
ബംഗളൂരു-എറണാകുളം സ്പെഷല്‍ സര്‍വീസുകള്‍ ദിവസവും വൈകിട്ട് 5.30, 6.30, 7.30, 7.45, 8.30 എന്നീ സമയങ്ങളില്‍ ആരംഭിക്കും. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ളവ വൈകിട്ട് 5.30, 6.30, 7, 7.30, 8.15 എന്നീ സമയങ്ങളില്‍ പുറപ്പെടും.
ഈ കാലയളവില്‍ ചെന്നൈയിലേക്കും തിരിച്ചും ദിവസവും പ്രത്യേക സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്നും എറണാകുളത്തുനിന്നും ദിവസവും രാത്രി 7.30ന് സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.