1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവർത്തകനായി ജോലി ആരംഭിച്ച അദ്ദേഹം നോവലുകളും നോവലൈറ്റുകളും ചെറുകഥാ സമാഹാരങ്ങളും മറ്റു കൃതികളുമുൾപ്പെടെ രണ്ട് ഡസനിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്' എന്ന നോവലാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. 1967ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിനെ പ്രധാനമായും ആധാരമാക്കിയാണ് മാർക്കെസിന് നൊബേൽ സമ്മാനം നൽകിയത്. ഈ നോവലിനെപ്പോലെ അത്ര പ്രസിദ്ധമല്ലെങ്കിലും നിരൂപകരുടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ ഒരു ചെറുകഥാ സമാഹാരമാണ് 1993ൽ പ്രസിദ്ധീകരിക്കപ്പെട്ട "സ്ട്രെയ്ഞ്ച് പിൽഗ്രിംസ്’. സൗത്ത് അമേരിക്കയിൽനിന്നുള്ള പ്രവാസികളാണ് ഈ കഥാ സാമാഹാരത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
ഈ സമൂഹത്തിലെ ഒരു പ്രധാന ചെറുകഥയാണ് "ഐ ഒൺലി കെയിം ടു യൂസ് ദി ഫോൺ'. ഈ കഥയിലെ പ്രധാന കഥാപാത്രം മെക്സിക്കോയിൽനിന്നു സ്പെയിനിലെ ബാർസലോണയിലെത്തിയ മരിയ സെർവാന്റസ് ആണ്. സംഗീത പരിപാടികൾ അവതരിപ്പിക്കുകയാണ് അവളുടെ ജോലി. ഇരുപത്തേഴുകാരിയായ മരിയയുടെ ഭർത്താവ് സ്റ്റേർനോ ഒരു മാന്ത്രികനാണ്. മരിയയുടെ സഹായത്തോടെയാണ് അയാൾ തന്റെ മാജിക് അവതരിപ്പിക്കുന്നത്.
ഒരു ദിവസം ബന്ധുക്കളെ സന്ദർശിക്കാനായി മരിയ യാത്രപോയി. മടക്കയാത്രയിൽ കാർ ബ്രേക് ഡൗൺ ആയി. അന്നു വൈകുന്നേരം ഭർത്താവിന്റെ മാജിക് പരിപാടിക്ക് സഹായിയായി പോകേണ്ടതായിരുന്നു. തന്മൂലം, എത്രയും വേഗം ഫോൺ സൗകര്യമുള്ളിടത്ത് എത്താനാണ് അവൾ പരിശ്രമിച്ചത്. മൊബൈൽ ഫോണിന്റെയും മറ്റും സൗകര്യമില്ലാതിരുന്ന കാലമായിരുന്നു അത്.
കാർ ബ്രേക്ഡൗൺ ആയി, വഴിയിൽ കാത്തുനില്ക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിനു ശേഷമാണ് അവരെ സഹായിക്കാൻ ഒരു ബസ് നിർത്തിയത്. അപ്പോൾ ചെറിയ തോതിൽ മഴ പെയ്യുന്നുണ്ടായിരുന്നു. മരിയ ബസിൽ കയറിയ ഉടനെ ഒരു സ്ത്രീ അവൾക്ക് ഒരു പുതപ്പ് കൊടുത്തു. അവൾ ചുറ്റും നോക്കി. ആ ബസിലുള്ളവരെല്ലാം സ്ത്രീകളായിരുന്നു. അവരെല്ലാവരും മരിയയ്ക്കു ലഭിച്ചതുപോലെയുള്ള പുതപ്പുകൾ പുതച്ച് ഉറങ്ങുകയായിരുന്നു.
മറ്റ് സ്ത്രീകളെപ്പോലെ മരിയയും പുതപ്പ് പുതച്ചിരുന്നു വിശ്രമിക്കാൻ തുടങ്ങി. പെട്ടെന്നവർ ക്ഷീണംമൂലം ഉറങ്ങിപ്പോയി. കുറെ നേരം കഴിഞ്ഞു ബസ് നിർത്തിയപ്പോൾ അവൾ കണ്ണു തുറന്നു. അപ്പോൾ താൻ എത്തിയത് എവിടെയാണെന്നു അവൾക്ക് അറിയില്ലായിരുന്നു. ""നമ്മൾ എവിടെയാണ്?'' അവൾ ചോദിച്ചു. "നമ്മൾ എത്തി' എന്ന ഉത്തരം മാത്രമാണ് അപ്പോൾ അവൾക്ക് ലഭിച്ചത്.
ബസിൽനിന്ന് അവസാനം ഇറങ്ങിയത് മരിയയായിരുന്നു. "ഇവിടെ ഒരു ടെലിഫോൺ ഉണ്ടോ?' സ്ത്രീകളുടെ ചുമതല വഹിച്ചിരുന്ന ആളോട് അവൾ ചോദിച്ചു. ""ഉണ്ട്, അകത്തേക്ക് ചെന്നാൽ മതി,'' ആ സ്ത്രീ പറഞ്ഞു. ""അവിടെ ചെല്ലുന്പോൾ പോർട്ടറുടെ കൈയിൽ പുതപ്പ് കൊടുത്താൽ മതി.''
അവൾ ചെന്നു കയറിയത് മാനസിക രോഗികളെ പാർപ്പിക്കുന്ന സ്ഥലമായിരുന്നു. മാനസിക രോഗികൾ പുതയ്ക്കുന്നതുപോലെയുള്ള പുതപ്പ് പുതച്ചിരുന്ന മരിയ ഒരു മാനസികരോഗിയാണെന്ന് അധികാരികൾ തെറ്റിദ്ധരിച്ചു. താൻ ഒരു ഫോൺ ഉപയോഗിക്കാൻ വേണ്ടിയാണ് അകത്തു വന്നതെന്നു പറഞ്ഞിട്ടും ആരും അവളെ വിശ്വസിച്ചില്ല.
മരിയ വഹളം വച്ചപ്പോൾ അവർ ഇഞ്ചക്ഷൻ നൽകി അവളെ ഉറക്കി. ഈ സമയം അവളുടെ ഭർത്താവ് എന്തു ചെയ്യുകയായിരുന്നെന്നോ? മരിയ എത്താൻ താമസിച്ചപ്പോൾ അവൾ മറ്റാരുടെയോ കൂടെ ഓടിപ്പോയി എന്നാണ് അയാൾ കരുതിയത്. തന്മൂലം, അവളെ അന്വേഷിച്ചു പോകാൻ അയാൾ തയാറായില്ല. മുൻപൊരിക്കൽ സ്റ്റേർനോയെ ഉപേക്ഷിച്ച് മറ്റൊരാളുടെകൂടി ഓടിപ്പോയ ചരിത്രം മരിയയ്ക്കുണ്ടായിരുന്നു.
കുറേ ദിവസം കഴിഞ്ഞപ്പോൾ മരിയയ്ക്ക് ഭർത്താവിനെ ഫോണിൽ വിളിക്കാൻ ഒരവസരം ലഭിച്ചു. എന്നാൽ, മരിയയാണെന്നറിഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട്, മാനസിക ആതുരാലയത്തിൽനിന്ന് ഒരു ജീവനക്കാരിയെക്കൊണ്ട് വിളിപ്പിക്കാൻ മരിയയ്ക്ക് സാധിച്ചു. അപ്പോഴാണ് മരിയയുടെ വാസസ്ഥലം എവിടെയാണെന്നു സ്റ്റേർനോ അറിഞ്ഞത്.
സ്റ്റർനോ മരിയയെ കാണാനായി ആ ആതുരാലയത്തിലെത്തി. പക്ഷെ, മരിയയെ കാണുന്നതിന് മുൻപ് അയാൾക്ക് മരിയയുടെ ഡോക്ടറെ കാണേണ്ടിവന്നു. അപ്പോൾ, മരിയ മാനസികരോഗിയാണെന്നും അവൾക്ക് ചികിത്സ വേണമെന്നും ഡോക്ടർ അയാളെ ബോധ്യപ്പെടുത്തി. തൻമൂലം, അവൾ മരിയയെ കണ്ടപ്പോൾ മരിയ പറഞ്ഞതൊന്നും വിശ്വസിച്ചില്ല. അവളുടെ മാനസികനില തെറ്റി എന്നുതന്നെയാണ് അയാൾ വിശ്വസിച്ചത്. തൻമൂലം, മരിയയെ കൂടെ കൊണ്ടുപോകാൻ അയാൾ തയാറായില്ല.
ഈ കഥ തത്കാലം ഇവിടെ നിൽക്കട്ടെ. ഭാര്യ വീട്ടിലെത്താൻ വൈകിയിട്ടും സ്റ്റേർനോ ഭാര്യയെ അന്വേഷിച്ചു പോകാതിരുന്നത് എന്തുകൊണ്ടാണ്? അവൾ മറ്റാരുടെയോ കൂടെ ഒളിച്ചോടിപ്പോയി എന്നാണ് അയാൾ കരുതിയത്. അവൾക്ക് ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അയാൾ ചിന്തിച്ചതേയില്ല. അതിന്റെ കാരണമാകട്ടെ അയാളുടെ മുൻവിധിയും.
ജർമൻ ചിന്തകനായ ആർതർ ഷോപ്പനോവർ പറയുന്നതനുസരിച്ച്, സത്യം കണ്ടുപിടിക്കുന്നതിനുള്ള പ്രധാന തടസം നമ്മുടെ മുൻവിധികളാണ്. ബുദ്ധിയിലോ യുക്തിയിലോ ശരിയായ ജീവിതാനുഭവത്തിലോ അധിഷ്ഠിതമല്ല മുൻവിധികൾ. അപക്വമായ ജീവിതാനുഭവങ്ങളിൽനിന്നും മറ്റും രൂപം കൊള്ളുന്ന തോന്നലുകളാണവ.
മരിയ ഒരിക്കൽ ഒളിച്ചോടി പോയതുകൊണ്ട് അവൾ വീണ്ടും അങ്ങനെ ചെയ്തിരിക്കാമെന്ന് അയാൾ ഊഹിച്ചു. എന്നാൽ, തന്റെ ഊഹം ശരിയാണോ എന്ന് അയാൾക്ക് അന്വേഷിക്കാമായിരുന്നു. അതയാൾ ചെയ്തില്ല.
പിന്നീട്, മരിയയെ കണ്ടുമുട്ടിയപ്പോൾ അവൾ പറഞ്ഞതൊന്നും വിശ്വസിക്കാനും അയാൾ തയാറായില്ല. എന്നാൽ, വിവരമില്ലാത്ത ഡോക്ടർ പറഞ്ഞതു മുഴുവൻ അപ്പാടെ വെട്ടിവിഴുങ്ങുകയും ചെയ്തു.
മരിയയെ അവിടെ വിട്ടിട്ടുപോയ അയാൾ പിറ്റേ ആഴ്ച അവളെ വീണ്ടും കാണാൻ ചെന്നു. എന്നാൽ, അയാളെ കാണാൻ അവൾ തയാറായില്ല. അയാൾ കത്തുകളെഴുതി. അവയെല്ലാം തുറക്കാതെ അവൾ തിരിച്ചയക്കുകയും ചെയ്തു. കുറേനാൾ കഴിഞ്ഞപ്പോൾ സ്റ്റേർനോ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും തന്റെ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോവുകയും ചെയ്തു. മരിയ ആകട്ടെ ആ മാനസിക ചികിത്സാകേന്ദ്രത്തിലെ സ്ഥിരം അന്തേവാസിയുമായിത്തീർന്നു!
വിവിധ രീതിയിൽ പൊരുൾ തിരിക്കാവുന്ന ഒരു കഥയാണിത്. ഈ ചെറിയ ലേഖനത്തിൽ അത് സാധ്യമല്ലാത്തതുകൊണ്ട് കഥയിലെ ഒരു സന്ദേശം ചൂണ്ടിക്കാണിച്ചെന്ന് മാത്രം. അതാകട്ടെ, നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണുതാനും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ