നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ പാളിച്ചകളും പോരായ്മകളും കണ്ടെന്നിരിക്കില്ല. ഒരുപക്ഷേ, അതേക്കുറിച്ച് അവബോധമുണ്ടായാൽപ്പോലും പരിഹാരം കാണാൻ ശ്രമിച്ചെന്നുവരില്ല. തന്മൂലം നമ്മുടെ സ്വഭാവത്തിലെ സകല ന്യൂനതകളോടുംകൂടി മുന്നോട്ടു പോകാൻ ഇടയാകുന്നു.
സോളമൻ രാജാവിനെക്കുറിച്ചു ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത ഒരു കഥ. ഒരു ദിവസം മൂന്നുപേർ സോളമൻ രാജാവിന്റെ സന്നിധിയിലെത്തി. അവർ മൂന്നു പേരും ഒരു ബിസിനസിൽ പങ്കാളികളായിരുന്നു. യാത്രയ്ക്കിടെ രാത്രിസമയം സുരക്ഷിതത്വത്തെക്കരുതി കൈവശമുണ്ടായിരുന്ന പണം അവർ മണ്ണിനടിയിൽ കുഴിച്ചിട്ടു. എന്നാൽ, പിറ്റേന്ന് അവർ കുഴി മാന്തി നോക്കിയപ്പോൾ പണം അപ്രത്യക്ഷമായിരുന്നു.
നഷ്ടപ്പെട്ട പണത്തെക്കുറിച്ചു സംസാരിക്കാനായിരുന്നു അവർ അവിടെ എത്തിയത്. അവരിലൊരാൾ രാജാവിനോടു പറഞ്ഞു: ""ഞങ്ങളിലൊരാൾ പണം മോഷ്ടിച്ചിരിക്കാനാണു സാധ്യത. കാരണം, മറ്റാരും കാണാതെയാണു ഞങ്ങൾ പണം കുഴിച്ചിട്ടത്. എന്നാൽ, പണം എടുത്തതായി ആരും സമ്മതിക്കുന്നില്ല. അങ്ങ് ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തണം.''
മൂന്നുപേരിൽ ആരും കുറ്റം സമ്മതിക്കാൻ സാധ്യതയില്ലെന്നു രാജാവിന് അറിയാമായിരുന്നു. തന്മൂലം രാജാവ് അവരോടു പറഞ്ഞു: "'നിങ്ങൾ നാളെ വരിക. അപ്പോഴേക്കും ഞാൻ ഒരു പരിഹാരം കണ്ടെത്താം.'' അവർക്കു സ്വീകാര്യമായിരുന്നു ഈ നിർദേശം.
രാജാവ് പറഞ്ഞ കഥ
പിറ്റേ ദിവസം അവർ എത്തിയപ്പോൾ സോളമൻ രാജാവ് പറഞ്ഞു: ""നിങ്ങൾ മൂന്നുപേരും ബുദ്ധിശാലികൾതന്നെ. നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനു മുന്പ് ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം അറിയണമെന്നുണ്ട്.'' ഇതു കേട്ടപ്പോൾ അവർക്കും താത്പര്യമായി. രാജാവ് തുടർന്നു: ""ഒരു ആൺകുട്ടിയും പെൺകുട്ടിയും വലിയ കൂട്ടുകാരായിരുന്നു.
പ്രായമാകുന്പോൾ പരസ്പരം വിവാഹിതരാകാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, അതു സാധിക്കാതെ വന്നാൽ മറ്റൊരാളെ വിവാഹം കഴിക്കുന്നതിനു മുന്പ് പരസ്പരം അനുവാദം വാങ്ങണമെന്നും അവർ തീരുമാനിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു. തന്റെ മുൻ വാഗ്ദാനം മറന്നു പെൺകുട്ടി മറ്റൊരാളെ വിവാഹംകഴിച്ചു. എന്നാൽ, അധികം വൈകാതെ തന്റെ മുൻ വാഗ്ദാനം അവൾ ഓർമിക്കാനിടയായി.
അവർ മൂന്നു പേരും ഈ കഥ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കുന്പോൾ രാജാവ് തുടർന്നു, ""ഉടനെതന്നെ അവൾ ഇക്കാര്യം തന്റെ ഭർത്താവിനെ അറിയിച്ചു. ഭർത്താവിനു പെട്ടെന്നുതന്നെ കാര്യത്തിന്റെ ഗൗരവം മനസിലായി. പ്രശ്നപരിഹാരത്തിനായി ഭാര്യ തന്റെ കൂട്ടുകാരനെ കണ്ടെത്തി അയാളോടു ചെയ്തിരുന്ന വാഗ്ദാനത്തിൽനിന്നു മോചനം നേടണമെന്നു ഭർത്താവ് നിർദേശിച്ചു. വാഗ്ദാനലംഘനത്തിനു പരിഹാരമായി ഒരു തുക അയാൾക്കു നൽകാനും അവർ തീരുമാനിച്ചു.
ഭർത്താവും ഭാര്യയും ഒരുമിച്ച് അതിവേഗം അയാളെ കണ്ടെത്തി. തന്നോടു ചെയ്ത വാഗ്ദാനത്തിൽനിന്നു കളിക്കൂട്ടുകാരിക്കു മോചനം നൽകുന്നതിൽ അയാൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പണം സ്വീകരിക്കാൻ വിസമ്മതിച്ചതിനൊപ്പം അയാൾ അവർക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇതുകഴിഞ്ഞ് അവർ മടങ്ങിപ്പോകുന്പോൾ ഒരു മോഷ്ടാവ് അവരുടെ പണം പിടിച്ചെടുത്തു. അപ്പോൾ ആ സ്ത്രീ തന്റെ കഥ പറഞ്ഞ് തങ്ങളോടു കരുണ കാണിക്കാൻ അപേക്ഷിച്ചു. അവരുടെ കഥ കേട്ടപ്പോൾ ആ മോഷ്ടാവിനു ദയ തോന്നി പണം അവർക്കു തിരികെ നൽകി.''
കള്ളി വെളിച്ചത്ത്
രാജാവ് എന്തിനാണ് ഈ കഥ പറഞ്ഞതെന്നു മനസിലാകാതെ ആ ബിസിനസ് പങ്കാളികൾ പകച്ചിരിക്കുന്പോൾ രാജാവ് അവരോടു ചോദിച്ചു: ""ഈ മൂന്നുപേരിൽ ആരാണ് ഏറ്റവും അഭിനന്ദനാർഹമായി പ്രവർത്തിച്ചത്? ഭാര്യയോ ഭർത്താവോ അതോ കളിക്കൂട്ടുകാരനോ?'' ഉടൻതന്നെ അവരിലൊരാൾ പറഞ്ഞു: ""ഭാര്യയാണ് ഏറ്റവുമധികം അഭിനന്ദനം അർഹിക്കുന്നത്. കാരണം, താൻ മുന്പ് ചെയ്തിരുന്ന വാഗ്ദാനം ഓർമിച്ചപ്പോൾത്തന്നെ വാഗ്ദാനലംഘനത്തിനു പരിഹാരം ചെയ്യാൻ അവൾ തയാറായി.''
രണ്ടാമന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു: ""ഭർത്താവാണ് ഏറ്റവും അഭിനന്ദനാർഹൻ. കാരണം തന്റെ ഭാര്യയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോൾ അതിനു പരിഹാരം കാണാൻ അയാൾ ഭാര്യയെ പ്രോത്സാഹിപ്പിക്കുകയും അതിനു സഹകരിക്കുകയും ചെയ്തു.''
അപ്പോൾ മൂന്നാമൻ പറഞ്ഞു: ""ഭാര്യയും ഭർത്താവും ഏറെ അഭിനന്ദനാർഹമായി പ്രവർത്തിച്ചു. എന്നാൽ, ആ ഭാര്യയുടെ ബാല്യകാല തോഴൻ ഒരു വിഡ്ഢിയാണ്. അവർ പണം കൊടുത്തപ്പോൾ അയാൾ അതു സ്വീകരിക്കേണ്ടതായിരുന്നു.''
ഉടൻ സോളമൻ രാജാവ് മൂന്നാമനോടു പറഞ്ഞു: ""നീതന്നെ മോഷ്ടാവ്! നിനക്ക് അർഹമല്ലാത്ത പണത്തിൽ നിനക്കു നോട്ടമുണ്ട്. നിന്റെ ഈ മനഃസ്ഥിതിയാണ് പണം സ്വീകരിക്കാൻ വിസമ്മതിച്ച ആളെ വിഡ്ഢിയായി കാണാൻ നിന്നെ നിർബന്ധിച്ചത്.'' മൂന്നാമനു കുറ്റം സമ്മതിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.
യഹൂദ പാരന്പര്യത്തിലുള്ള ഒരു കഥയാണിത്. നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നാം അറിയാതെതന്നെ നമ്മുടെ യഥാർഥ മനോഭാവം വ്യക്തമാക്കുമെന്ന് അനുസ്മരിപ്പിക്കുന്ന ഒരു കഥ. ബിസിനസിലെ മൂന്നാമത്തെ പങ്കാളി ധനമോഹിയും അത്യാഗ്രഹിയുമായിരുന്നു. തന്മൂലമാണ് പണം വാങ്ങാൻ വസമ്മതിച്ചയാളെ വിഡ്ഢിയായി അയാൾ കണ്ടത്.
നാം ഏതു തരക്കാരായാലും നമ്മുടെ സ്വഭാവം ഏറ്റവും മെച്ചമെന്നതായിരിക്കാം നമ്മുടെ നിലപാട്. തന്മൂലം നമ്മുടെ സ്വഭാവത്തിലെ പാളിച്ചകളും പോരായ്മകളും കണ്ടെന്നിരിക്കില്ല. ഒരുപക്ഷേ, അതേക്കുറിച്ച് അവബോധമുണ്ടായാൽപ്പോലും പരിഹാരം കാണാൻ ശ്രമിച്ചെന്നുവരില്ല. തന്മൂലം നമ്മുടെ സ്വഭാവത്തിലെ സകല ന്യൂനതകളോടുംകൂടി മുന്നോട്ടു പോകാൻ ഇടയാകുന്നു.
സോളമൻ പറഞ്ഞ കഥയിലെ മൂന്നുപേരും സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു. കളിക്കൂട്ടുകാരനോടുള്ള വാഗ്ദാനം മറന്നു വിവാഹിതയായ യുവതി ആ വാഗ്ദാനം ഒാർത്തപ്പോൾ പരിഹാരം ചെയ്യാൻ തയാറായി. അവളുടെ ഭർത്താവാകട്ടെ, ഭാര്യയുടെ കഥ കേട്ടപ്പോൾ അവളോടു കോപിക്കാതെ പരിഹാരം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.
ആ യുവതിയുടെ ബാല്യകാലതോഴൻ തന്നോടു വാഗ്ദാനലംഘനം നടത്തിയ കളിക്കൂട്ടുകാരിയോട് ഹൃദയപൂർവം ക്ഷമിക്കുകയും നന്മകൾ നേരുകയും ചെയ്തു. ഇവരുടെ മാതൃക നമ്മുടെ മനസിൽ സൂക്ഷിക്കുന്നതു നല്ലതാണ്. കാരണം നമ്മുടെ സ്വഭാവം സംശുദ്ധമായി സൂക്ഷിക്കാൻ ഇവരുടെ മാതൃക എപ്പോഴും പ്രചോദനമായിരിക്കും.