2016ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമയാണ് ഹിഡൻ ഫിഗേഴ്സ്. മൂന്നു സ്ത്രീകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. അവരാകട്ടെ കറുത്ത വംശജരും. 25 മില്യൺ ഡോളർ ചെലവിട്ടു പുറത്തിറക്കിയ ആ സിനിമ ഇരുനൂറു മില്യൺ ഡോളറിലേറെ ലാഭം കൊയ്തു.
2016ലെ ഏറ്റവും നല്ല പത്തു സിനിമകളിലൊന്നായി ഇത് എണ്ണപ്പെട്ടു. ഏറ്റവും നല്ല ചിത്രത്തിനുള്ള 2016ലെ അക്കാഡമി നോമിനേഷനും ലഭിച്ചു.ചരിത്രവസ്തുതകളെ ആധാരമാക്കി മാർഗോ ലി ഷെട്ടർലി എഴുതിയ ഇതേ പേരിലുള്ള പുസ്തകമാണ് സിനിമയുടെ ആധാരം.
പുസ്തകത്തിലെയും സിനിമയിലെയും കഥ ഏകദേശം ഒരുപോലെയാണ്. കഥ പറയാനുള്ള എളുപ്പത്തിന് സിനിമയിൽ ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം. തിയഡോർ മെൽഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മെൽഫിയും ആലിസൺ ഷ്റോഡറുംകൂടി തയാറാക്കിയതാണ്.
മനുഷ്യ കംപ്യൂട്ടർ
മൂന്നു കറുത്ത വനിതകളെക്കുറിച്ചാണ് സിനിമയെങ്കിലും അതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത് കാത്റിൻ ജോൺസൺ എന്ന കണക്കു വിദഗ്ധയാണ്. അവരെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്.
1957 ഒക്ടോബർ നാലിന് സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിൻ ആദ്യ ശൂന്യാകാശയാത്ര നടത്തിയപ്പോൾ അമേരിക്ക ഞെട്ടി. അതിനുള്ള മറുപടിയായിട്ടാണ് അമേരിക്കയുടെ സ്പേസ് പ്രോഗ്രാം വിപുലീകരിക്കപ്പെട്ടത്.
മനുഷ്യനെ ശൂന്യാകാശത്തിലയയ്ക്കണമെങ്കിൽ റോക്കറ്റ് മാത്രം മതിയാവില്ലല്ലോ. ആവശ്യമായ കണക്കുകൂട്ടൽ നടത്തേണ്ടേ? അന്നു കംപ്യൂട്ടറുകളില്ലാതിരുന്ന പശ്ചാത്തലത്തിൽ മനുഷ്യ കംപ്യൂട്ടറുകളെയാണ് കണക്കുകൂട്ടുന്ന ജോലി ഏല്പിച്ചിരുന്നത്. അങ്ങനെ നിയമിക്കപ്പെട്ട ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു കാത്റിൻ.
കാത്റിൻ നടത്തിയ കണക്കുകൂട്ടലുകളനുസരിച്ചായിരുന്നു അമേരിക്കയുടെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരിയായ അലൻ ഷെപ്പേർഡ് 1961 മേയ് അഞ്ചിന് വിജയകരമായ ശൂന്യാകാശ യാത്ര നടത്തിയതും തിരിച്ചു മടങ്ങിയതും.
ഇതിനൊക്കെ ശേഷമായിരുന്നു ഐബിഎം കംപ്യൂട്ടറുകൾ കണക്കുകൂട്ടാൻ രംഗത്തെത്തിയത്. അപ്പോഴും കംപ്യൂട്ടറുകളുടെ കണക്കുകൂട്ടലുകളോടൊപ്പം കാത്റിന്റെ കണക്കുകളെയും നാസ ആശ്രയിച്ചിരുന്നു.
കാത്റിന്റെ കഥ ഇത്രയും പറഞ്ഞത് സിനിമയുടെ കേന്ദ്രബിന്ദു അവരായതുകൊണ്ടാണ്. എന്നാൽ, ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് മറ്റൊരു കഥാപാത്രമായ മേരി ജാക്സനെക്കുറിച്ചാണ്. മേരിയും നാസയുടെ ഒരു മനുഷ്യ കംപ്യൂട്ടറായിരുന്നു.
എന്നാൽ, നാസയിൽ എൻജിനിയറായി നിയമനത്തിനായി അവർ അപേക്ഷിച്ചപ്പോൾ അതിനുള്ള യോഗ്യതയായി വിർജീനിയ സംസ്ഥാനത്തെ ഹാംപ്റ്റൺ ഹൈസ്കൂൾ നൽകിയിരുന്ന ഒരു യൂണിവേഴ്സിറ്റി കോഴ്സ് പാസാകേണ്ടതുണ്ടായിരുന്നു. അതു വെളുത്ത വർഗക്കാർക്കുള്ളതായിരുന്നു.
വെളുത്തവരുടെ സ്കൂൾ
കറുത്തവർക്കു വെളുത്തവരുടെ സ്കൂളിൽ പ്രവേശനമില്ലാതിരുന്ന കാലമായിരുന്നു അത്. പ്രതിവിധി തേടി മേരി കോടതിയിലെത്തി. അപ്പോൾ, ജഡ്ജി പറഞ്ഞതു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു. ഉടനെ ജഡ്ജിയോട് തനിച്ചു സംസാരിക്കാൻ മേരി അനുവാദം ചോദിച്ചു.
മനസില്ലാ മനസോടെ ജഡ്ജി അനുവദിച്ചപ്പോൾ മേരി ജഡ്ജിയോടു പറഞ്ഞത് ചുരുക്കത്തിൽ ഇപ്രകാരമായിരുന്നു:""അങ്ങയുടെ കുടുംബത്തിൽനിന്ന് ആദ്യമായി നേവിയിൽ ചേർന്നതും യൂണിവേഴ്സിറ്റിയിൽ പഠിച്ചതും ജഡ്ജിയായി നിയമിതനായതും അങ്ങായിരുന്നു.''
ഇത്രയും പറഞ്ഞപ്പോൾ ജഡ്ജി ചോദിച്ചു: ""എന്താണ് നിങ്ങളുടെ പോയിന്റ്.'' മേരി പറഞ്ഞു:""അങ്ങയുടെ മാതൃക അനുസരിച്ച്, ഒന്നാമതാകാൻ ഞാൻ ആഗ്രഹിക്കുന്നു- വെളുത്തവരുടെ സ്കൂളിൽ പഠിച്ചു നാസയിലെ ആദ്യത്തെ കറുത്ത എൻജിനിയറാകാൻ.''
ഉടനെ ജഡ്ജി പറഞ്ഞു:"" അതിനു നിയമം അനുവദിക്കുന്നില്ലല്ലോ.''മേരിയുടെ മറുപടി:""അങ്ങ് എത്രയോ കേസുകൾക്കാണ് അങ്ങയുടെ സേവനകാലത്തു വിധി പറയാൻ പോകുന്നത്! നൂറു വർഷം കഴിഞ്ഞാൽ അവയിൽ ഏതെങ്കിലും ആരെങ്കിലും ഓർത്തിരിക്കുമോ? എന്നാൽ, എന്റെ കേസിൽ അനുകൂല വിധി പറഞ്ഞാൽ നൂറു വർഷം കഴിഞ്ഞാലും ആരെങ്കിലും അതു മറക്കുമോ? ഇപ്രകാരമുള്ള വിധിയുടെ കാര്യത്തിലും അങ്ങ് ഒന്നാമനാകില്ലേ?''
ജഡ്ജിയുടെ വിധി മേരിക്ക് അനുകൂലമായിരുന്നു. അങ്ങനെ മേരി വെളുത്തവരുടെ സ്കൂളിൽ പഠിക്കുകയും നാസയിലെ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുകയും ചെയ്തു.
എല്ലാ കാര്യങ്ങളിലും ഒന്നാമതായി എത്താൻ ആഗ്രഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? പഠനം, പണസന്പാദനം, അധികാരം, പ്രശസ്തി എന്നിവയുടെയൊക്കെ കാര്യത്തിൽ ഒന്നാമതായി എത്താൻ ആഗ്രഹിക്കുന്നവരും അതിനായി പ്രവർത്തിക്കുന്നവരും ധാരാളമില്ലേ.
ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ഒന്നാമതാകുന്നതു നല്ല കാര്യം തന്നെ.. എന്നാൽ, അതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ?കോടതിയിൽ മേരി ജഡ്ജിയോട് ചോദിച്ച ആ ചോദ്യമില്ലേ? നൂറു വർഷം കഴിഞ്ഞാൽ ജഡ്ജിയുടെ ഏതെങ്കിലും വിധി ആരെങ്കിലും ഓർത്തിരിക്കുമോ എന്ന ചോദ്യം.
ആ ചോദ്യം കേട്ടപ്പോഴാണ് തന്റെ വിധിയുടെ പ്രാധാന്യത്തെക്കുറിച്ച് ആ ജഡ്ജിക്ക് അവബോധമുണ്ടായത്. അതുവരെ, നിയമത്തിലെ വള്ളിയും പുള്ളിയും തെറ്റാതെയുള്ള വിധിയായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. വിധിയുടെ ആധാരമായ നിയമം ശരിയോ തെറ്റോ എന്ന് അദ്ദേഹം പരിഗണിച്ചിരുന്നില്ല. മേരിയുടെ ചോദ്യം അദ്ദേഹത്തിന് പുതിയൊരു തിരിച്ചറിവ് നൽകി. അതു നന്മയായി മാറുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം ചെയ്യുന്നു. എത്രയോ നേട്ടങ്ങൾ നേടുന്നു. എന്നാൽ അവയെല്ലാം ആരെങ്കിലും ഓർത്തിരിക്കുമോ? പ്രത്യേകിച്ചും ദൈവം ഓർത്തിരിക്കുമോ? നാം നന്മകളും കാരുണ്യ പ്രവൃത്തികളും ചെയ്താൽ മറ്റുള്ളവർ അത് ഓർത്തിരിക്കുകയും ആദരിക്കുകയും ചെയ്യും.
എന്നാൽ, കുറെ കഴിയുന്പോൾ ലോകം അതു മറന്നുപോയേക്കാം. എന്നാൽ, ദൈവം ഒരിക്കലും മറക്കില്ല. മനുഷ്യൻ മറന്നുപോയാലും ദൈവം മറക്കാത്ത നല്ല പ്രവൃത്തികളാകട്ടെ നമ്മുടെ ജീവിതലക്ഷ്യം. അപ്പോൾ ഇഹലോകത്തിലും പരലോകത്തിലും നാം അനുഗ്രഹിക്കപ്പെടും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ