നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നുണ്ടോ? ഫലമുണ്ടാകുന്നില്ലെങ്കിൽ അതിന്റെ ഒരു കാരണം സത്പ്രവൃത്തികൾ നമ്മുടെ പ്രാർഥനയ്ക്ക് അകന്പടി സേവിക്കുന്നില്ല എന്നതുതന്നെ. നാം ആഗ്രഹിക്കുന്നതും ചോദിക്കുന്നതും ദൈവത്തിൽനിന്നു നമുക്കു ലഭിക്കണമെങ്കിൽ നാം ദൈവത്തിന്റെ നന്മയിൽ പങ്കുകാരാകുകതന്നെ വേണം. അതായത്, നാം എപ്പോഴും നന്മ പ്രവൃത്തികൾ ചെയ്യണമെന്ന് സാരം.
തയ്യൽഷോപ്പ് നടത്തിയിരുന്ന രണ്ട് തുന്നൽക്കാർ. അവർ ജോലി ചെയ്തിരുന്ന ചെറിയ പട്ടണത്തിൽ ജോലി കുറവായിരുന്നു. തന്മൂലം, മറ്റൊരു പട്ടണത്തിലേക്കു ജോലി തേടിപ്പോയി. അവിടെ സാമാന്യം നല്ല ഓർഡർ ലഭിച്ചു. അവരുടെ ജോലിയെക്കുറിച്ച് ആളുകൾക്കും നല്ല തൃപ്തിയായിരുന്നു. അങ്ങനെയാണ്, ആ പട്ടണത്തിലെ ഏറ്റവും വലിയ ധനികന്റെ ആളുകൾ അവരെ തേടിയെത്തിയത്.
ഒരു കല്യാണത്തിനുള്ള പ്രത്യേക വസ്ത്രങ്ങൾ തയാറാക്കാനായിരുന്നു അവർ തയ്യൽക്കാരെ സമീപിച്ചത്. തയ്യൽക്കാരുടെ ജോലികണ്ടു തൃപ്തിപ്പെട്ട ധനികൻ വിവാഹവസ്ത്രങ്ങൾ തയാറാക്കുന്ന ജോലി അവരെ ഏല്പിച്ചു. അവർ അതു ഭംഗിയായി ചെയ്യുകയും ചെയ്തു. അതിനു പ്രതിഫലമായി അവർക്കു വലിയൊരു തുക ലഭിച്ചു.
ഈ അവസരത്തിലാണ് തങ്ങളുടെ നാട്ടുകാരിലൊരാൾ ആ പട്ടണത്തിൽ തടവിൽ കഴിയുന്നതായി അവർ അറിഞ്ഞത്. 300 റൂബിളിന്റെ കടമുണ്ടായിരുന്ന അയാൾക്ക് ആ കടംവീട്ടാൻ സാധിക്കാത്തതു മൂലമായിരുന്നു തടവിലാക്കപ്പെട്ടത്. അയാളെ രക്ഷിക്കേണ്ടതു തന്റെ കടമയാണെന്ന് ആ തയ്യൽക്കാരിലൊരുവനു തോന്നി. അതിനുവേണ്ടി അയാൾ തന്റെ സഹപ്രവർത്തകന്റെ സഹായം തേടി.
എന്നാൽ, തന്റെ പണം നൽകി തടവുകാരനെ രക്ഷപ്പെടുത്തുന്നതിനു രണ്ടാമൻ തയാറല്ലായിരുന്നു. എന്നു മാത്രമല്ല, ഭാവിയിൽ തനിക്ക് ഒരുമിച്ചുള്ള ജോലിക്കു താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ, കണക്കെല്ലാം നോക്കി പങ്കുകച്ചവടം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. വീതം വച്ചപ്പോൾ രണ്ടുപേർക്കും മുന്നൂറ് റൂബിൾ വീതം ലഭിച്ചു.
തന്റെ വിഹിതമായ മുന്നൂറ് റൂബിൾ ലഭിച്ചപ്പോൾ, ഒന്നാമൻ വേഗം പോയി നാട്ടുകാരനായ തടവുകാരനെ മോചിപ്പിച്ചു. രണ്ടാമനാകട്ടെ തന്റെ ഗ്രാമത്തിലേക്കു മടങ്ങിപ്പോയി അവിടെ പുതിയൊരു തയ്യൽക്കട തുടങ്ങി. അയാൾ തന്റെ പുതിയ സംരംഭത്തിൽ വിജയിച്ചപ്പോൾ ഒന്നാമൻ ജോലിയില്ലാതെ അലയുകയായിരുന്നു. തനിയെ ഒരു തയ്യൽക്കട തുടങ്ങാനുള്ള സാന്പത്തികസ്ഥിതി അയാൾക്കുണ്ടായിരുന്നില്ല.
യാചകന്റെ പ്രാർഥന
വർഷങ്ങൾ കുറെ കഴിഞ്ഞു. അപ്പോഴേക്കും ഒന്നാമൻ ഒരു ഭിക്ഷക്കാരനായി മാറിയിരുന്നു. ഒരു ദിവസം ഒരു ധനികനോട് അയാൾ സഹായം ചോദിച്ചു. അപ്പോൾ, അതിനുപകരമായി തനിക്കെന്തു ലഭിക്കുമെന്നു ധനികൻ ആരാഞ്ഞു. ഉടനെ അയാൾ പറഞ്ഞു: "ഞാൻ അങ്ങേക്കുവേണ്ടി പ്രാർഥിക്കാം.' അപ്പോൾ ധനികൻ പറഞ്ഞു: " നിന്റെ പ്രാർഥനകൊണ്ട് എനിക്ക് എന്തു നേട്ടമുണ്ടാകാനാണ്?' ധനികൻ അങ്ങനെ പറഞ്ഞെങ്കിലും ആ യാചകന് അയാൾ കുറെ നാണയത്തുട്ടുകൾ കൊടുത്തു.
അന്ന് ആ ധനികന്റെ കച്ചവടം വൻ വിജയമായിരുന്നു. അതിന്റെ കാരണം, ആ യാചകന്റെ പ്രാർഥനയാണെന്ന ചിന്ത അയാളിലുണ്ടായി. അടുത്ത ഒരു ദിവസം, ആ യാചകനെ സമീപിച്ച് അയാൾക്കു കുറെ നാണയത്തുട്ടുകൾ നൽകിക്കൊണ്ട് ആ ധനികൻ വീണ്ടും പ്രാർഥനാസഹായം തേടി. അന്നും ബിസിനസിൽ വലിയ ലാഭംകൊയ്തു.
ഇതോടെ, ധനികൻ പതിവായി ആ യാചകനെ സഹായിക്കുകയും പ്രാർഥനാസഹായം തേടുകയും ചെയ്തു. തന്മൂലം, അയാളുടെ ബിസിനസ് വൻ വിജയമായി മാറി. ഇതേക്കുറിച്ചു മറ്റുള്ളവർ അന്വേഷിച്ചപ്പോൾ തന്റെ വിജയരഹസ്യം ഒരു യാചകന്റെ പ്രാർഥനയാണെന്ന് അയാൾ വിശദീകരിച്ചു. അതോടുകൂടി, പലരും ആ യാചകന്റെ പ്രാർഥനാസഹായം തേടിയെത്തി. അവർക്കെല്ലാം ധാരാളം നന്മകൾ ലഭിക്കുകയും ചെയ്തു.
ഇതേക്കുറിച്ചു കേൾക്കാനിടയായ ഒരു റബ്ബി ആ യാചകനെ കണ്ടെത്തി അയാളുടെ ചരിത്രം തിരക്കി. താൻ ഒരു സാധാരണക്കാരനാണെന്നും തനിക്കു പ്രത്യേക സിദ്ധികൾ ഒന്നുമില്ലെന്നും അയാൾ വിശദീകരിച്ചു. പക്ഷേ, അതു വിശ്വസിക്കാൻ റബ്ബി തയാറായില്ല. ജീവിതകഥ തുടക്കം മുതൽ പറയാൻ റബ്ബി ആവശ്യപ്പെട്ടു.
അപ്പോഴാണ് തന്റെ സന്പാദ്യം മുഴുവനും ഒരു തടവുകാരനെ രക്ഷിക്കാനായി വിനിയോഗിച്ച കഥ അയാൾ പറഞ്ഞത്. ഇതുകേട്ട റബ്ബി പറഞ്ഞു: "സ്വയം മറന്നും നിങ്ങൾ മറ്റൊരാളെ സഹായിച്ചു. അതിന്റെ ഫലമായിട്ടാണ് നിങ്ങളുടെ പ്രാർഥനയ്ക്ക് ഇത്രമാത്രം ശക്തിയുണ്ടായത്!' ആ റബ്ബി ബാൽ ഷെം തോവ് എന്ന പ്രസിദ്ധനായ യുക്രേനിയൻ മിസ്റ്റിക്കായിരുന്നു. അദ്ദേഹം ഈ യാചകനെ തന്റെ ശിഷ്യനായി സ്വീകരിച്ചു വലിയൊരു പണ്ഡിതനാക്കി മാറ്റിയെന്നാണ് ചരിത്രം.
പ്രാർഥന കേൾക്കാൻ
നാമെല്ലാവരും പ്രാർഥിക്കുന്ന മനുഷ്യരാണ്. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ശക്തിയുണ്ടോ? അതായത്, അവയ്ക്കു ഫലമുണ്ടാകുന്നുണ്ടോ? ഫലമുണ്ടാകുന്നില്ലെങ്കിൽ അതിന്റെ ഒരു കാരണം സത്പ്രവൃത്തികൾ നമ്മുടെ പ്രാർഥനയ്ക്ക് അകന്പടി സേവിക്കുന്നില്ല എന്നതുതന്നെ. നാം ആഗ്രഹിക്കുന്നതും ചോദിക്കുന്നതും ദൈവത്തിൽനിന്നു നമുക്കു ലഭിക്കണമെങ്കിൽ നാം ദൈവത്തിന്റെ നന്മയിൽ പങ്കുകാരാകുകതന്നെ വേണം. അതായത്, നാം എപ്പോഴും നന്മ പ്രവൃത്തികൾ ചെയ്യണമെന്ന് സാരം.
നാം മനസറിഞ്ഞ് മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവരാണോ? എങ്കിൽ, നമ്മുടെ പ്രാർഥനയ്ക്ക് ശക്തിയുണ്ടാകും. അവ ഫലപ്രദമാകും. എന്നാൽ, അതുവഴിയായി നാം ചോദിക്കുന്നവയെല്ലാം നമുക്കു ലഭിക്കണമെന്നില്ല. പകരം നമ്മുടെ നന്മയ്ക്ക് ഉപകരിക്കുന്ന രീതിയിൽ ദൈവം എല്ലാം ക്രമീകരിച്ചുകൊള്ളും. ഇക്കാര്യത്തിൽ സംശയംവേണ്ട.
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ തയ്യൽക്കാരൻ സ്വയം മറന്നു ദാനം ചെയ്തപ്പോൾ യാചകനായി മാറിയതു ദൈവത്തിന്റെ പരിപാലനയിലാണ്. ആ പരിപാലനയുടെ ഭാഗമായിട്ടാണല്ലോ അയാളുടെ പ്രാർഥനയ്ക്ക് വലിയ ശക്തിയുണ്ടായത്.
ദൈവം നമ്മുടെ ജീവിതത്തിൽ നന്മ കൊണ്ടുവരുന്ന വഴികൾ പലപ്പോഴും നമുക്ക് അജ്ഞാതമാണ്. എന്നാൽ, നാം സ്വയം മറന്നു നന്മ ചെയ്യുന്പോൾ അവയുടെ ഫലം ദൈവം നൽകുന്ന നന്മകൾ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ