ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
അപ്രതീക്ഷിതമായ പര്യവസാനമുള്ള കഥകളാണ് മറ്റു ചെറുകഥാകൃത്തുക്കളിൽനിന്നു പലപ്പോഴും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അങ്ങനെയുള്ള ഒരു കഥയാണ് 1906-ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘മാമോൻ ആൻഡ് ദ ആർച്ചർ’.
ന്യൂയോർക്ക് സിറ്റിയിലെ അതിസന്പന്നനായ ഒരു ബിസിനസ്മാനാണ് ആന്റണി റോക്ക് വെൽ. സോപ്പ് വ്യവസായത്തിലൂടെ നേരായ രീതിയിൽതന്നെ വലിയ സന്പത്തിനുടമയായിത്തീർന്ന ഒരു സാധാരണക്കാരനാണയാൾ.
അയാളുടെ മകൻ റിച്ചാർഡ് കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ട് കുറേനാൾ കഴിഞ്ഞ അവസരം. ഒരു ദിവസം അയാൾ റിച്ചാർഡിനെ തന്റെ കൊട്ടാരസദൃശ്യമായ വീട്ടിലെ ലൈബ്രറിയിലേക്കു വിളിച്ചു.
അപ്പോൾ, റിച്ചാർഡ് എങ്ങനെ പണം ചെലവാക്കുന്ന് അറിയാനായി അയാൾ ചില ചോദ്യങ്ങൾ ചോദിച്ചു. ആ ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങൾ തൃപ്തികരമായിരുന്നതുകൊണ്ട് അയാൾ പറഞ്ഞു: “നീ ഇപ്പോൾ ഒരു ജെന്റിൽമാൻ ആയിത്തീർന്നിരിക്കുന്നു.
മൂന്നു തലമുറകളുടെ നല്ല പാരന്പര്യം ഉണ്ടെങ്കിലേ ഒരാൾ മാന്യനായി പരിഗണിക്കപ്പെടൂ എന്നല്ലേ പറയാറുള്ളത്. എന്നാൽ, നീ അതിവേഗം മാന്യനായി മാറിയിരിക്കുന്നു. പണത്തിനു വാങ്ങാൻ പറ്റാത്തത് എന്താണുള്ളത്?’’
“പണത്തിനു വാങ്ങാൻ പറ്റാത്തത് പലതുമുണ്ട്’’ ദുഃഖഭാവത്തിൽ റിച്ചാർഡ് പറഞ്ഞു. ഇതു കേട്ടപ്പോൾ അയാൾ ഞെട്ടിപ്പോയി. എങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ അയാൾ പറഞ്ഞു: “അങ്ങനെ പറയരുത്. വിജ്ഞാനകോശം മുഴുവൻ ഞാൻ മറിച്ചുനോക്കിയിട്ടും പണത്തിനു വാങ്ങാൻ പറ്റാത്തതായി ഞാൻ ഒന്നും കണ്ടില്ല. പറയൂ, പണത്തിനു വാങ്ങാൻ പറ്റാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ.’’
ഉടനെ റിച്ചാർഡ് പറഞ്ഞു: “പണമുള്ളതുകൊണ്ടു മാത്രം സമൂഹത്തിലെ വൻ മാന്യന്മാരുടെകൂടെ കൂടാനാവുമോ?’’ അപ്പോൾ അയാൾ ചോദിച്ചു: “എന്തുകൊണ്ടു പാടില്ല? പണമുള്ളതുകൊണ്ടല്ലേ അവർ സമൂഹത്തിലെ ഉന്നതന്മാരായി മാറിയത്?’’ റിച്ചാർഡ് ഇതു കേട്ടുനിന്നതേയുള്ളൂ. മറുപടി ഒന്നും പറഞ്ഞില്ല.
“കുറച്ചു നാളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു’’ അയാൾ തുടർന്നു. “നീ സ്നേഹിക്കുന്ന പെണ്ണിന്റെ കാര്യമാണോ? നിനക്ക് താത്പര്യമുണ്ടെങ്കിൽ നീ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് എന്താണ് നീ പറയാത്തത്?’’ അപ്പോൾ റിച്ചാർഡ് പറഞ്ഞു: “അതിനു അവളെ ഒന്നു കാണാൻ കിട്ടണ്ടേ?’’
ഉടനെ അയാൾ ചോദിച്ചു: “എനിക്കിത്രയും പണമുണ്ടായിട്ട് അവളെ ഒന്നോ രണ്ടോ മണിക്കൂർ നേരം നിനക്ക് കാണാൻ കിട്ടുന്നതിന് അവസരം ഉണ്ടാക്കാൻ പറ്റില്ല എന്നാണോ നീ പറയുന്നത്?’’
അപ്പോൾ റിച്ചാർഡ് പറഞ്ഞു: “അവളോടു വിവാഹാഭ്യർഥന നടത്തുന്നത് ഇതുവരെ ഞാൻ നീട്ടിവച്ചു. നാളെകഴിഞ്ഞു അവൾ യൂറോപ്പിലേക്കു പോവുകയാണ്. പിന്നെ രണ്ടു വർഷം അവിടെ ആയിരിക്കും താമസം. നാളെ വൈകുന്നേരം അവളെ കാണാൻ എട്ടോ പത്തോ മിനിറ്റ് കിട്ടിയേക്കും.’’
റിച്ചാർഡ് പറയുന്നത് അയാൾ കേട്ടിരിക്കുന്പോൾ റിച്ചാർഡ് തുടർന്നു: “ഒരു യാത്ര കഴിഞ്ഞു നാളെ രാത്രി എട്ടരയ്ക്ക് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലെത്തുന്ന അവളെ ഒരു കുതിരവണ്ടിയിൽ കയറ്റി പത്തു മിനിറ്റിനകം ബ്രോഡ് വേയിലെ ഒരു തിയറ്ററിൽ എത്തിക്കണം. അപ്പോൾ അവളുടെ കുടുംബാംഗങ്ങൾ അവിടെയുണ്ടാകും. പിന്നെ ഞങ്ങൾക്കു മാത്രമായി സംസാരിക്കാൻ അവസരം കിട്ടില്ല.’’
“കാര്യങ്ങൾ അങ്ങനെയാണോ?’’ അയാൾ ചോദിച്ചു. “അതേ ഡാഡ്,’’ റിച്ചാർഡ് പറഞ്ഞു. “അങ്ങയുടെ പണംകൊണ്ട് അവളുടെ ഒരു മിനിറ്റ് പോലും വാങ്ങാൻ പറ്റില്ല.’’ അയാൾ പിന്നീട് ഒന്നും പറഞ്ഞില്ല. അന്നു വൈകുന്നേരം അയാളുടെ സഹോദരി എലൻ അയാളെ കാണാൻ വന്നു. അപ്പോൾ റിച്ചാർഡിന്റെ പ്രേമവും ചർച്ചാവിഷയമായി.
അപ്പോൾ എലൻ പറഞ്ഞു: “റിച്ചാർഡ് പണ്ടേ അവളോട് വിവാഹാഭ്യർഥന നടത്തേണ്ടതായിരുന്നു. പണമുള്ളതുകൊണ്ടു മാത്രം സന്തോഷമുണ്ടാവില്ലല്ലൊ.’’അന്നു രാത്രി എലൻ റിച്ചാർഡിന് ഒരു സ്വർണമോതിരം കൊടുത്തുകൊണ്ടു പറഞ്ഞു: “ഈ മോതിരം നീ സ്നേഹിക്കുന്ന പെണ്ണിനു കൊടുക്കാൻ നിന്റെ അമ്മ മരിക്കുന്നതിനു മുന്പ് എന്നെ ഏല്പിച്ചിരുന്നതാണ്.’’
പിറ്റേദിവസം രാത്രി എട്ടരയ്ക്ക് റിച്ചാർഡ് തന്റെ പ്രേമഭാജനമായ മിസ് ലാൻട്രിയെ റെയിൽവേ സ്റ്റേഷനിൽനിന്നു പിക്കപ്പ് ചെയ്തു. പക്ഷേ, കുതിരവണ്ടിയിൽ കയറി ഏതാനും മിനിറ്റുകൾക്കുള്ളിൽ വലിയ ട്രാഫിക് ജാം. കുതിരവണ്ടികളും വലിവണ്ടികളും കാറുകളുമൊക്കെ ബ്രോഡ്വേയിലേക്കുള്ള വഴി ബ്ലോക്ക് ചെയ്തു.
പത്തു മിനിറ്റിനുള്ളിൽ എത്തേണ്ടിയിരുന്ന തിയറ്ററിൽ രണ്ടു മണിക്കൂർ വൈകിയാണ് അവർ എത്തിയത്. അതിനിടെ റിച്ചാർഡ് വിവാഹാഭ്യർഥന നടത്തുകയും മിസ് ലാൻട്രി സന്തോഷപൂർവം അതു സമ്മതിക്കുകയും മോതിരം സ്വീകരിക്കുകയും ചെയ്തു.
സന്തോഷപര്യവസായിയായ കഥയാണിത്. എന്നാൽ, ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. പിറ്റേദിവസം കെല്ലി എന്നൊരാൾ ഒരു ട്രാഫിക് ജാം സൃഷ്ടിക്കാൻ ആവശ്യമായി വന്ന ചെലവിന്റെ കണക്കുമായി റിച്ചാർഡിന്റെ പിതാവിനെ സമീപിച്ചു. അയാൾ ഒരു പുഞ്ചിരിയോടെ കെല്ലി ചോദിച്ച മുഴുവൻ തുകയും കൊടുത്തു!
എന്താണ് ഒ. ഹെൻറി ഈ കഥകൊണ്ട് അർഥമാക്കുന്നത്? പണംകൊണ്ട് എന്തും വാങ്ങാൻ പറ്റുമെന്നാണോ? അല്ലേയല്ല. എന്നാൽ, പണംകൊണ്ട് ചില ട്രിക്കുകൾ ഒക്കെ ചെയ്യാൻ സാധിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.
തന്റെ പിതാവിന്റെ പണം കൊണ്ട് മിസ് ലാൻട്രിയുടെ ഒരു മിനിറ്റുപോലും വാങ്ങാൻ സാധിക്കില്ല എന്നായിരുന്നില്ലേ റിച്ചാർഡ് പറഞ്ഞത്? എന്നാൽ, റിച്ചാർഡിന്റെ ബുദ്ധിമാനായ പിതാവ് പണംകൊണ്ട് ഒരു ട്രാഫിക് ജാം സൃഷ്ടിച്ചു മിസ് ലാൻട്രിയോടൊപ്പം ആയിരിക്കാൻ റിച്ചാർഡിനു രണ്ടു മണിക്കൂർ സമയം നൽകി. തന്മൂലം, വിവാഹാഭ്യർഥന നടത്താൻ റിച്ചാർഡിനു വേണ്ടുവോളം സമയം ലഭിക്കുകയും ചെയ്തു.
പണംകൊണ്ട് എന്തും നേടാൻ സാധിക്കുമെന്നു വിശ്വസിക്കുന്നവർ ധാരാളമുണ്ട് ഈ ലോകത്തിൽ. എന്നാൽ, വാസ്തവം അങ്ങനെയല്ലെന്നു വ്യക്തമാണ്. എന്നാൽ, പണം ബുദ്ധിപൂർവം ഉപയോഗിച്ചാൽ അതുകൊണ്ട് പല നല്ല കാര്യങ്ങളും നേടാമെന്നതാണു യാഥാർഥ്യം.
നമുക്കു പണമുണ്ടെങ്കിൽ അതിൽ ഒരു ഓഹരി അർഹതപ്പെട്ടവർക്കു ദാനം ചെയ്താൽ അതുവഴി നമുക്കും അവർക്കും ഉണ്ടാകുന്ന സന്തോഷം ഉൗഹിക്കാവുന്നതിലും അധികമാണ്. ആ സന്തോഷമാകട്ടെ ഈ ലോകത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. അതു മരണാനന്തര ജീവിതത്തിലും നീണ്ടുനിൽക്കുന്നതായിരിക്കും എന്നതിൽ സംശയം വേണ്ട.
പണത്തിന്റെ ശക്തി അടങ്ങിയിരിക്കുന്നത് നാം എപ്രകാരം അത് ഉപയോഗിക്കുന്നു എന്നതിലാണ്. നാം പണം ഉപയോഗിക്കുന്നതു നമ്മുടെ സ്വാർഥ താത്പര്യങ്ങൾക്കു മാത്രമാണെങ്കിൽ അതിന്റെ ശക്തി ഏറെ ബലഹീനമായിരിക്കും. എന്നാൽ, നാം പണം ഉപയോഗിക്കുന്നതു നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കാണെങ്കിൽ അത് ഏറെ ശക്തിയുള്ളതുമായിരിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ