ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന വാക്കിൽനിന്നാണ് ചാൻ ഉടലെടുക്കുന്നത്. ചാൻ ബുദ്ധിസത്തിന്റെ പാരന്പര്യമനുസരിച്ച് ബുദ്ധമതസ്ഥാപകനായ ശ്രീബുദ്ധന്റെ ഇരുപത്തിയേഴാമത്തെ പിൻഗാമിയാണ് പ്രജ്ഞാനതാര. ഹന്യതാര എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.
ഹന്യതാര തന്റെ പിൻഗാമിയെ തെരഞ്ഞെടുത്തതു സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ തെക്കേ ഇന്ത്യയിലെ ഒരു രാജാവ് ഹന്യതാരയെക്കുറിച്ചു കേൾക്കാനിടയായി. അപ്പോൾ രാജാവിന് ഹന്യതാരയിൽനിന്നു നേരിട്ട് ബുദ്ധന്റെ പഠനങ്ങൾ മനസിലാക്കണമെന്നു വലിയ ആഗ്രഹമുണ്ടായി. തന്മൂലം അദ്ദേഹം ഹന്യതാരയെ തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു.
ഹന്യതാര കൊട്ടാരത്തിലെത്തുന്നതിനു മുൻപ് വന്പിച്ച സ്വീകരണമാണ് രാജാവ് അദ്ദേഹത്തിന് ഒരുക്കിയത്. ഹന്യതാരയെ ബഹുമാനിക്കുന്നതിലേറെ തന്റെ പ്രൗഢി വെളിപ്പെടുത്തുകയായിരുന്നു രാജാവിന്റെ ലക്ഷ്യം. എങ്കിലും രാജാവ് നൽകിയ സ്വീകരണത്തെക്കുറിച്ച് പൂർണ തൃപ്തിയായിരുന്നു ഹന്യതാരയ്ക്ക്.
ഹന്യതാരയുടെ സന്ദർശനം രാജാവിന് ഏറെ സന്തോഷം നൽകി. തന്മൂലം, തന്റെ കൈവശമുണ്ടായിരുന്ന ഏറ്റവും വിലയേറിയ രത്നം രാജാവ് ഹന്യതാരയ്ക്കു നൽകി. അതിനുശേഷം ഹന്യതാരയോട് പറഞ്ഞു, ""എനിക്കു മൂന്ന് ആൺമക്കളുണ്ട്. അങ്ങ് അവരെ ഓരോരുത്തരെയും പ്രത്യേകം അനുഗ്രഹിക്കണം.''
രാജാവ് ആവശ്യപ്പെട്ടതനുസരിച്ച്, രാജകുമാരന്മാർ മൂന്നുപേരും ഹന്യതാരയുടെ മുന്പിലെത്തി. അപ്പോൾ, അവരെ അനുഗ്രഹിക്കുന്നതിനു പകരം ഹന്യതാര തനിക്കു രാജാവിൽനിന്നു ലഭിച്ച രത്നം അവരെ കാണിച്ചു. എന്നിട്ട് ഏറ്റവും മൂത്തവനായ രാജകുമാരനോടു ചോദിച്ചു, ""ഈ രത്നത്തെക്കുറിച്ച് നിനക്ക് എന്താണ് അഭിപ്രായം?''
ഉടനെ, പതിനഞ്ചുകാരനായ രാജകുമാരൻ പറഞ്ഞു, ""ഇതു വളരെ വിലയേറിയ ഒരു രത്നമാണ്. ഇതുപോലൊരു രത്നം വേറെ കാണാൻ ഇടയുമില്ല. അത്രമാത്രം വിശിഷ്ടമാണിത്.'' രാജകുമാരൻ പറഞ്ഞതു ശരിയാണെന്നു ഹന്യതാര സമ്മതിച്ചു. ആദ്യമായിട്ടായിരുന്നു അപൂർവമായ അത്തരമൊരു രത്നം ഹന്യതാര കാണുന്നത്. അദ്ദേഹം അവന്റെ ബുദ്ധിയെയും അറിവിനെയും അഭിനന്ദിച്ചു.
അതിനുശേഷം രണ്ടാമനായ രാജകുമാരനെ ആ രത്നം കാണിച്ചുകൊണ്ട് ഹന്യതാര ചോദിച്ചു, ""രാജകുമാരന് എന്താണ് ഈ രത്നത്തെക്കുറിച്ചു പറയാനുള്ളത്?'' അപ്പോൾ പത്തുവയസുകാരനായ രാജകുമാരൻ പറഞ്ഞു, ""രത്നങ്ങളിൽവച്ച് ഏറ്റവും മെച്ചവും ഏറെ വിലപിടിപ്പുള്ളതുമാണിത്. ഈ രത്നം അങ്ങയുടേതാകാൻ വഴിയില്ല. ഇത് എന്റെ പിതാവിന്റേതായിരിക്കാനേ വഴിയുള്ളൂ.''
രാജകുമാരൻ പറയുന്നതു ഹന്യതാര കൗതുകപൂർവം കേട്ടിരിക്കുന്പോൾ ആ പത്തുവയസുകാരൻ തുടർന്നു, ""കാരണം, ഈ രത്നം കാത്തുസൂക്ഷിക്കാൻ ഒരാൾ മാത്രം മതിയാവില്ല. ഇതു കാത്തുസൂക്ഷിക്കാൻ എന്റെ പിതാവിനുള്ളതുപോലെ വലിയൊരു സേനാവിഭാഗംതന്നെ വേണം.'' രണ്ടാമത്തെ രാജകുമാരന്റെ മറുപടിയും ശരിയായിരുന്നു. അതും ഹന്യതാരയ്ക്ക് ഇഷ്ടപ്പെട്ടു.
ഹന്യതാര ഉടനെ മൂന്നാമനെ രത്നം കാണിച്ചുകൊണ്ട് ചോദിച്ചു, ""ഏറ്റവും ഇളയ രാജകുമാരന് ഈ രത്നത്തെക്കുറിച്ച് എന്താണഭിപ്രായം?''അപ്പോൾ ഏഴുവയസുള്ള രാജകുമാരൻ ചോദിച്ചു, ""എന്താണിത്? എന്നെ കബളിപ്പിക്കാമെന്നാണോ അങ്ങ് കരുതുന്നത്? അതൊരിക്കലും നടക്കാൻപോകുന്നില്ല.'' രാജകുമാരൻ പറയുന്നത് എന്താണെന്നു മനസിലാക്കാതെ രാജാവും മന്ത്രിമാരുമൊക്കെ പകച്ചിരിക്കുന്പോൾ രാജകുമാരൻ പറഞ്ഞു, ""അങ്ങയുടെ കൈയിലിരിക്കുന്നത് ഒരുകഷണം കല്ലാണ്. യഥാർഥ രത്നങ്ങൾ ഉള്ളിലുള്ളവയാണ്. അവ പുറത്തുള്ളവയല്ല. യഥാർഥ രത്നം അങ്ങയുടെ ഉള്ളിലുണ്ട്. അത് എനിക്കു കാണാനാവുന്നുണ്ട്. ഈ കല്ല് ദൂരെ എറിഞ്ഞുകളയൂ.''
ഹന്യതാര അപ്പോൾ ആ രാജകുമാരനെ കെട്ടിപ്പിടിക്കുകയും തന്റെ പിൻഗാമിയായി അവനെ അവരോധിക്കുകയും ചെയ്തു എന്നാണു കഥ. രാജകുമാരൻ പറഞ്ഞതുപോലെ ആ കല്ല് വെറും കല്ലു മാത്രമായിരുന്നോ? തീർച്ചയായും അല്ല. അത് ഏറെ വിലപിടിപ്പുള്ള രത്നമായിരുന്നു. എന്നാൽ യഥാർഥ രത്നങ്ങൾ പുറത്തുള്ളവയല്ല, പ്രത്യുത നമ്മുടെ ഉള്ളിലുള്ളതാണെന്നു രാജകുമാരൻ പറഞ്ഞതു ശരിയല്ലേ?
ഹന്യതാരയുടെ ഹൃദയം ലോകസന്പത്തുകളുടെ മോഹവലയത്തിൽനിന്നു മോചിതമായിരുന്നു. അവയ്ക്കൊന്നിനും അദ്ദേഹത്തെ തളച്ചിടാനാവില്ല. അതു കാണാനുള്ള വിവേകം ആ ഏഴുവയസുകാരനുണ്ടായി!
ലോകസന്പത്തുകളുടെ മോഹവലയത്തിൽ തളച്ചിടപ്പെട്ടിരിക്കുന്നവരല്ലേ നമ്മിൽ അധികംപേരും? തന്മൂലമല്ലേ അവ സന്പാദിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമായി നാം നമ്മുടെ ജീവിതം ബലികഴിക്കുന്നത്?
ഏഴുവയസുള്ള രാജകുമാരൻ ഓർമിപ്പിച്ചതുപോലെ, ലോകത്തിലെ ഏതു രത്നത്തെക്കാളും വിലമതിക്കുന്ന രത്നങ്ങൾക്ക് ഉടമകളാകാൻ നമുക്ക് സാധിക്കും. അവ നമ്മുടെ ഉള്ളിലായിരിക്കും എന്ന വ്യത്യാസം മാത്രം. എന്നാൽ സ്നേഹം, കാരുണ്യം, ക്ഷമ, സത്യസന്ധത എന്നിങ്ങനെയുള്ള ഗുണങ്ങൾ നമ്മിലുണ്ടെങ്കിൽ അവ ഏതു രത്നത്തെയുംകാൾ മൂല്യമുള്ളതാണെന്നതിൽ സംശയംവേണ്ട.
പുറത്തുള്ള രത്നങ്ങൾ സമാഹരിക്കാനാവും നമ്മുടെ വെന്പൽ. എന്നാൽ അതിലേറെ മോഹം നമ്മുടെ ഉള്ളിലുള്ള രത്നങ്ങൾ കാത്തുസൂക്ഷിക്കാനാകട്ടെ. അപ്പോൾ ലോകവസ്തുക്കളുടെ മായാവലയത്തിൽ നാം ഒരിക്കലും തളച്ചിടപ്പെടുകയില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ