ഉത്പാദനം : റബർ ബോർഡ് വിവരങ്ങൾ നൽകുന്നില്ലെന്ന് ‘ആത്മ’
Tuesday, October 8, 2024 10:34 PM IST
കൊച്ചി: റബർ ഉത്പാദനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ റബർ ബോർഡ് ഏറെക്കാലമായി നൽകുന്നില്ലെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ).
റബർ ബോർഡ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മേയ് 24 വരെയുള്ള ഔദ്യോഗിക പ്രതിമാസ റബർ ഉത്പാദന സ്ഥിതിവിവര കണക്കുകൾ മാത്രമാണ് റബർ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ നാലുമാസത്തെ ഒരു വിവരങ്ങളും ലഭ്യമല്ല. പ്രതിമാസ റബർ വിവരങ്ങൾ അടുത്ത മാസം പത്തിനകം പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്നും ആത്മ റബർ ബോർഡിനോട് ആവശ്യപ്പെട്ടു.
ആഭ്യന്തര വിപണിയിൽ റബർ ലഭ്യതയെ അടിസ്ഥാനമാക്കി, കഴിഞ്ഞ ആറുമാസ കാലയളവിൽ (ഏപ്രിൽ-സെപ്റ്റംബർ) റബർ ഉത്പാദനം രണ്ടര ലക്ഷം ടണ്ണായി കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റബർ ബോർഡ് പ്രസിദ്ധീകരിച്ച മൂന്നു ലക്ഷം ടൺ ഉത്പാദന കണക്കിനേക്കാൾ 37 ശതമാനം കുറവാണിത്.
പ്രകൃതിദത്ത റബർവില 13 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെങ്കിലും ആഭ്യന്തര റബർ ലഭ്യത മോശമായി തുടരുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.