പേടിഎം പേയ്മെന്റ് ബാങ്ക് ചെയർമാൻ സ്ഥാനം വിജയ് ശേഖർ ശർമ രാജിവച്ചു
Tuesday, February 27, 2024 12:46 AM IST
ന്യൂഡൽഹി: പേടിഎം പേയ്മെന്റ് ബാങ്ക് നോൺ-എക്സിക്യൂട്ടീവ് ചെയർമാൻസ്ഥാനം വിജയ് ശേഖർ ശർമ രാജിവച്ചു. റിസർവ് ബാങ്ക് നടപടിക്കു പിന്നാലെയാണ് വിജയ് ശേഖർ ശർമ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽനിന്നു രാജിവച്ചത്.
പിബിബിഎൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, റിട്ടയേഡ് ഐഎഎസ് ഓഫീസർ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഓഫീസർ രജനി സേഖ്റി സിബൽ എന്നിവരെ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു.
പേടിഎം പേയ്മെന്റ്സ് ബാങ്കി(പിപിബിഎൽ)ന് 30 കോടി വാലറ്റുകളും മൂന്നു കോടി ഉപയോക്താക്കളുമുണ്ട്. പേടിഎം ഇടപാടുകളെല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾഉൾപ്പെടെയുള്ളവരുടെ താത്പര്യം പരിഗണിച്ചായിരുന്നു തീയതി നീട്ടിയത്.